Chaliyar river paddle: കയാക്കിങ്ങിനൊപ്പം മൂന്ന് ദിവസത്തിനിടെ ശേഖരിച്ചത് 1350 കിലോഗ്രാം മാലിന്യം; ചാലിയാര്‍ റിവര്‍ പാഡില്‍ സമാപിച്ചു

Kayaking in Chaliyar river: ചാലിയാര്‍ റിവര്‍ പാഡില്‍ സമാപിച്ചു. മൂന്നു ദിവസങ്ങളിലായി ചാലിയാര്‍ പുഴയില്‍ നിന്നും സംഘം ശേഖരിച്ചത് 1350 കിലോഗ്രാം മാലിന്യം

Written by - Zee Malayalam News Desk | Last Updated : Nov 28, 2022, 03:29 PM IST
  • ഇന്ത്യ, റഷ്യ, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, ജര്‍മ്മനി, യുകെ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നും നൂറോളം പേരാണ് കയാക്കിങ്ങിൽ പങ്കെടുത്തത്
  • മൂന്ന് ദിവസത്തെ ദീര്‍ഘദൂര കയാക്കിങ് ബോധവല്‍ക്കരണ യാത്രയാണ് സംഘടിപ്പിച്ചത്
  • എട്ട് വനിതകളാണ് കയാക്കിങ്ങിൽ പങ്കെടുത്തത്
Chaliyar river paddle: കയാക്കിങ്ങിനൊപ്പം മൂന്ന് ദിവസത്തിനിടെ ശേഖരിച്ചത് 1350 കിലോഗ്രാം മാലിന്യം; ചാലിയാര്‍ റിവര്‍ പാഡില്‍ സമാപിച്ചു

കോഴിക്കോട്: ചാലിയാര്‍ റിവര്‍ പാഡില്‍ സമാപിച്ചു. ഏഷ്യയിലെ രണ്ടാമത്തെ ദീര്‍ഘദൂര കയാക്കിങ് യാത്രയായിരുന്നു ചാലിയാര്‍ റിവര്‍ പാഡില്‍. ഇന്ത്യ, റഷ്യ, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, ജര്‍മ്മനി, യുകെ  തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നും നൂറോളം പേരാണ് കയാക്കിങ്ങിൽ പങ്കെടുത്തത്. മൂന്ന് ദിവസത്തെ ദീര്‍ഘദൂര കയാക്കിങ് ബോധവല്‍ക്കരണ യാത്രയാണ് സംഘടിപ്പിച്ചത്. എട്ട് വനിതകളാണ് കയാക്കിങ്ങിൽ പങ്കെടുത്തത്. പതിമൂന്നുകാരിയായ കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശിനി ഷെസ്‌റിന്‍ ഇക്ബാലും മുംബൈ സ്വദേശിനി ഓവി നായര്‍ ഷാഫിയമാണ് സംഘത്തിലെ പ്രായം കുറഞ്ഞവര്‍. എണ്‍പതുകാരനും ജര്‍മ്മന്‍ സ്വദേശിയുമായ കാള്‍ ഡംഷനാണ് സംഘത്തിലെ പ്രായം കൂടിയ വ്യക്തി.

ചാലിയാറിലൂടെ 68 കിലോമീറ്ററാണ് കയാക്കിങ് സംഘം സഞ്ചരിച്ചത്. വിവിധ തരം കയാക്കുകളിലും സ്റ്റാന്‍ഡ് അപ്പ് പാഡിലിലും പായ്‌വഞ്ചിയിലുമായിട്ടായിരുന്നു യാത്ര. പ്രശസ്ത റഷ്യന്‍ കയാക്കിങ് താരം ആന്റണ്‍ സെഷ്‌നിക്കോവാണ് യാത്ര നയിച്ചത്. ഇന്ത്യന്‍ സെയിലിങ് താരവും ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവുമായ  ശ്വേത ഷെര്‍വെഗറും ചാലിയാര്‍ റിവര്‍ പാഡിലില്‍ പങ്കെടുത്തു. ചാലിയാറിനെ സംരക്ഷിക്കാനും ജലസാഹസിക വിനോദത്തെ പ്രോത്സാഹിപ്പിക്കാനുമായി എട്ടാം തവണയാണ് ദീര്‍ഘദൂര കയാക്കിങ് ബോധവല്‍ക്കരണ യാത്ര സംഘടിപ്പിക്കുന്നത്. 

ALSO READ: Enforcement Squad: മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കാൻ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

മൂന്നു ദിവസങ്ങളിലായി  ചാലിയാര്‍ പുഴയില്‍ നിന്നും 1350 കിലോഗ്രാം മാലിന്യമാണ് സംഘം ശേഖരിച്ചത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ വേംസിന്റെ സഹകരണത്തോടെ ഈ മാലിന്യം വേര്‍തിരിച്ച് പുന:ചംക്രമണത്തിന് അയയ്ക്കുമെന്ന് ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സിന്റെ സ്ഥാപകന്‍ കൗഷിക്ക് കോടിത്തോടിക പറഞ്ഞു. പുഴയില്‍ നിന്ന് ശേഖരിച്ച മാലിന്യത്തിന്റെ തോത് നാട്ടുകാരെയും കുട്ടികളെയും ജനപ്രതിനിധികളെയും ബോധ്യപ്പെടുത്തി. ചാലിയാറിന്റെ സമീപ പ്രദേശങ്ങളിലുള്ള വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി നദീസംരക്ഷണത്തെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിച്ചു. ഇതിനു പുറമെ നാട്ടുകാര്‍ക്കും കുട്ടികള്‍ക്കും വിവിധ തരം ജല കായിക വിനോദങ്ങളും പരിചയപ്പെടുത്തി.  

കോഴിക്കോട്  ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബാണ് യാത്ര സംഘടിപ്പിച്ചത്. കേരള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ്, ഡെക്കാത്ത്‌ലോണ്‍, യോലോ, കോഴിക്കോട് പാരഗണ്‍ റസ്റ്ററന്റ്, കേരള എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍  എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിപാടി. ഇന്ത്യയിലെ ഒന്നാമത്തെ ദീര്‍ഘദൂര കയാക്കിങ് യാത്രയായ ചാലിയാര്‍ റിവര്‍ പാഡില്‍ വെള്ളിയാഴ്ച്ചയാണ് നിലമ്പൂരില്‍ നിന്ന് ആരംഭിച്ചത്.  ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് ചെറുവണ്ണൂരിലെ ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ യാത്ര സമാപിച്ചു. യാത്രയിലുടനീളം ഊഷ്മളമായ സ്വീകരണമാണ് കയാക്കിങ് സംഘത്തിന് ലഭിച്ചത്.

ALSO READ: മറവൻതുരുത്ത് ചരിത്രം രചിക്കുമ്പോൾ... വിനോദ സഞ്ചാര മേഖലയിലെ ഏറ്റവും വലിയ ജനകീയ മുന്നേറ്റം

ഊര്‍ക്കടവില്‍ വെച്ച് ബേപ്പൂര്‍ കോസ്റ്റ്ഗാര്‍ഡിന്റെ അഞ്ചംഗ സംഘവും കയാക്കിങ് സംഘത്തോടൊപ്പം ചേര്‍ന്നു. മണക്കടവില്‍ കയാക്കിങ് സംഘത്തിന് ആശംസകള്‍ നേരാന്‍ ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡിയും എത്തിയിരുന്നു.  ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന സമാപന സമ്മേളനത്തില്‍ റഷ്യന്‍ കയാക്കിങ് താരം ആന്റണ്‍ സെഷ്‌നിക്കോവ്, ഇന്ത്യന്‍ സെയിലിങ് താരം  ശ്വേത ഷെര്‍വെഗര്‍, ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സിന്റെ സ്ഥാപകന്‍ കൗഷിക്ക് കോടിത്തോടിക, മാനേജിങ് ഡയറക്ടര്‍ റിന്‍സി ഇക്ബാല്‍, ജനറല്‍ മാനേജര്‍ സുബി ബോസ് എന്നിവര്‍ സംസാരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News