തിരുവനന്തപുരം: സ്ഥാനമാറ്റത്തിനെതിരെ ഡിജിപി ടി.പി സെന്‍കുമാര്‍ ഹര്‍ജി നല്കി. സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനാണ് ഹര്‍ജി നല്‍കിയത്. നടപടി പൊലീസ് ആക്ടിന്റെ ലംഘനമെന്ന് ടി.പി സെന്‍കുമാര്‍.ഇതോടെ സീനിയോറിറ്റി മറികടന്ന് പൊലീസിന് പുതിയ മുഖം നല്‍കാനുള്ള ഇടതുസര്‍ക്കാര്‍ തീരുമാനം കൂടുതല്‍ വിവാദമാകുകയാണ്.
സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കപ്പെട്ടാല്‍ രണ്ടുവര്‍ഷം കഴിയാതെ മാറ്റരുതെന്ന സുപ്രീം കോടതി ഉത്തരവും ലംഘിക്കപ്പെട്ടു. കൃത്യനിര്‍വഹണത്തില്‍ കാര്യക്ഷമത പുലര്‍ത്തിയില്ലെങ്കില്‍ മാത്രമേ സംസ്ഥാന പൊലീസ് മേധാവിയെ കാലാവധി തീരുംമുമ്പ് മാറ്റാനാവൂ.നേരത്തെ ടി.പി സെന്‍കുമാര്‍ മൂന്ന് ദിവസത്തെ അവധിയില്‍ പ്രവേശിച്ചിരുന്നു . സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തുനിന്നും സെന്‍കുമാറിനെ നീക്കി പുതിയ ചുമതലകളൊന്നും നല്‍കാത്ത സാഹചര്യത്തിലാണ് അദ്ദേഹം അവധിയില്‍ പ്രവേശിച്ചത്.
നിലവിലെ സീനിയോറ്റി പ്രകാരം ടി.പി. സെന്‍കുമാര്‍ തന്നെയാണ് ഐപിഎസ് ഉദ്യോഗസ്ഥരില്‍ മുന്നില്‍. ജേക്കബ് തോമസ്, ലോക്നാഥ് ബെഹ്റ, ഋഷിരാജ് സിങ് എന്നീ ക്രമത്തിലാണ് മറ്റുള്ളവരുടെ സ്ഥാനം. സംസ്ഥാന പൊലീസ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍, ജയില്‍ മേധാവി, അഗ്നിശമന സേനാവിഭാഗം മേധാവി എന്നീ ക്രമത്തിലാണ് ഇവരെ നിയമിക്കണമെന്നാണ് ധാരണ. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തുടര്‍ന്ന ഈ ക്രമം ജേക്കബ് തോമസിനെ അഗ്നിശമനസേനാ വിഭാഗത്തില്‍ നിന്ന് മാറ്റിയതോടെ ലംഘിക്കപ്പെട്ടു.
സെന്‍കുമാറിനെ ഡിജിപിയായി നിയമിച്ചത് മഹേഷ് കുമാര്‍ സിംഗ്ലയുടെ അപേക്ഷയെ മറികടന്നാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള ഉദ്യോഗസ്ഥന് കാലാവധി തികയ്ക്കാതെ അപേക്ഷ നല്‍കിയെന്നായിരുന്നു സര്‍ക്കാരിന്റെ ന്യായം. ഇപ്പോഴാണെങ്കില്‍ സീനിയോറിറ്റിയില്‍ മൂന്നാമതുള്ള ലോക്നാഥ് ബെഹ്റയാണ് ഡിജിപി. സീനിയോറിറ്റി വിവാദം സംസ്ഥാന പൊലീസിനെ പലതവണ പിടിച്ചുലച്ചിട്ടുണ്ട്. 2005ലും സീനിയോറിറ്റിയില്‍ മൂന്നാമതുള്ള രമണ്‍ ശ്രീവാസ്തവയെയാണ് ഡിജിപിയാക്കിയത്.