തിരുവനന്തപുരം: മുകളിൽ കാണുന്ന ചിത്രം ഒരു മൂന്നാം ക്ലാസുകാരിയുടേതാണ്. തിരുവനന്തപുരം ഉള്ളൂർ ജങ്ഷനിലെ ട്രാഫിക് സിഗ്നലിൽ നിന്നാണ് ഈ ചിത്രമെടുത്തത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് തലങ്ങും വിലങ്ങും ആംബുലൻസുകൾ ചീറിപ്പായുന്ന റോഡിൽ ദേശീയ പതാകയുടെ ചെറു രൂപങ്ങൾ വിൽക്കുകയാണ് പെൺകുട്ടി. നോക്കി നിൽക്കവെ വാഹനങ്ങളിടിക്കാതെ, അപകടത്തിൽപ്പെടാതെ പെൺകുട്ടി ഓടി മാറുന്നത് പലതവണ കാണാനായി. ഞെട്ടലുണ്ടാക്കുന്നതായിരുന്നു ആ കാഴ്ച. ഏതെങ്കിലുമൊരു വാഹനത്തിന് മുന്നിൽപ്പെട്ടാലുള്ള അവസ്ഥ...
അധികനേരം നോക്കി നിൽക്കാനായില്ല, ആദ്യം ബാലാവകാശ കമ്മീഷനിലേക്കാണ് വിളിച്ചത്. പ്രമുഖ രാഷ്ട്രീയ നേതാവിന്‍റെ പേരക്കുട്ടി ഒരു നേരം ഭക്ഷണം കഴിച്ചിട്ടുണ്ടാകില്ലെന്നറിഞ്ഞ് ഓടിയെത്തിയ കമ്മീഷൻ ഇതിൽ അമാന്തിക്കില്ലെന്ന് ഉറപ്പായിരുന്നു. എന്നാൽ വിളിച്ചപ്പോൾ ഇത്തരം കച്ചവടങ്ങൾ പാടില്ലെന്ന് ഉത്തരവിറക്കിയിട്ടുണ്ടെന്നാണ് മറുപടി വന്നത്. പിന്നെ പോലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചു. റോഡിലേക്ക് ചെന്ന് ചിത്രം പകർത്തിയപ്പോൾ പെൺകുട്ടി ക്യാമറയിൽ നിന്ന് ഓടിമാറി. പിന്നെയും ഫോട്ടോയെടുക്കുന്നത് കണ്ടപ്പോൾ വിൽക്കുന്ന പതാകകൾ വച്ച കാർഡ്ബോഡ് കൊണ്ട് മുഖം മറച്ചു നിന്നു. അടുത്ത് ചെന്ന് വിവരം തിരക്കിയപ്പോഴാണ് മനസിലാണ്, അവൾ മൂന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണെന്ന്.
അച്ഛനും അമ്മയും റോഡിന്‍റെ മറുഭാഗത്ത് കച്ചവടം ചെയ്യുന്നതായി അവൾ ചൂണ്ടിക്കാണിച്ചു. ഏത് നാട്ടിൽ നിന്ന് വന്നതാണെന്ന ചോദിച്ചപ്പോൾ രാജസ്ഥാനിൽ നിന്ന് എത്തിയതെന്ന് മറുപടി. സ്കൂളിൽ പോകണ്ടേ എന്ന് ചോദ്യത്തിന് മഴയായതുകൊണ്ടാണ് പോകാത്തതെന്നാണ് കുട്ടി പറഞ്ഞത്. പിതാവിനോട് ചോദിച്ചപ്പോഴും ഇതേ മറുപടി തന്നെ. ഇവിടെ സ്കൂളിൽ പഠിക്കുന്നുണ്ടെന്നാണ്. ഏത് സ്കൂൾ എന്നതിന് വ്യക്തമായ ഉത്തരമില്ല. കുട്ടി പറഞ്ഞതും അതുപോലെ തന്നെ. അത് വിശ്വസനീയമായി തോന്നുന്നില്ല. പത്ത് വയസില്‍ താഴെ മാത്രം പ്രായമുള്ള കുട്ടിയാണ്. അപകട സാധ്യതയുള്ള ജോലിചെയ്യിപ്പിക്കുന്നത് ഗുരുതരമായ കുറ്റമാണ്. ഭരണഘടനാ മൗലികാവകാശ ലംഘനമാണ്.
കുട്ടിയുടെ അച്ഛനെന്ന് പറഞ്ഞയാളോട് സംസാരിക്കവെ രണ്ട് വനിതാ പോലീസുകാർ എത്തി. അപ്പോഴേക്കും കുട്ടിയെ കൂടെയുണ്ടായിരുന്ന സ്ത്രീകൾ ഓടിപ്പൊയ്ക്കൊള്ളാൻ പറഞ്ഞിരുന്നു. വന്ന പോലീസുകാരോട് കുട്ടി ഓടിപ്പോയതായി പറഞ്ഞു. ആക്കുളം റോഡിലേക്ക് തിരിയുന്നിടത്തെ കടയുടെ ഇടയിൽ ഒളിച്ചിരിക്കുകയായിരുന്നു കുട്ടി. പോലീസെത്തിയപ്പോൾ വീണ്ടും കുട്ടി ഓടിപ്പോയി. റിപ്പോർട്ട് ചെയ്യാമെന്ന് പറഞ്ഞ് പോലീസുകാർ പോയി. നാടോടി സംഘത്തിലെ മറ്റുള്ളവർ അപ്പോഴും വിൽപ്പന തുടരുന്നുണ്ടായിരുന്നു. കൂട്ടത്തിൽ പ്രായമായ സ്ത്രീകൾ ഭിക്ഷാടനവും ചെയ്യുന്നത് കാണാം. നഗരത്തിലാകെ ചെറു സംഘങ്ങളായി ഇവരുണ്ടെന്ന് പോലീസും പറയുന്നു. പോലീസ് വന്നുപോയി മിനിട്ടുകൾക്കുള്ളില്‍ കുട്ടിയുമായി സംഘം കടന്നു.
Read Also: Muvattupuzha bridge: മൂവാറ്റുപുഴയിൽ പാലത്തിന്റെ അപ്രോച്ച് റോഡില്‍ വൻഗര്‍ത്തം; ഗതാഗതം നിരോധിച്ചു
ഇത് ഉള്ളൂരിൽ മാത്രം കണാനാകുന്ന കാഴ്ചയല്ല. തലസ്ഥാന നഗത്തിന്‍റെ എല്ലാ ട്രാഫിക് സിഗ്നലുകളിലും ഈ നാടോടി സംഘങ്ങളെ കാണാം. ഭിക്ഷാടനം ചെയ്തും ചെറിയ ഉത്പന്നങ്ങൾ വിറ്റും നടക്കുന്നവർ. ചിലപ്പോൾ ഭിക്ഷാടക, മാർക്കറ്റിങ് മാഫിയകളാകാം ഈ സംഘങ്ങളെ നയിക്കുന്നത്. നിരവധി കുട്ടികൾ ഇത്തരത്തിൽ ചൂഷണം ചെയ്യപ്പെടുന്നുണ്ടാകാം. സ്വതന്ത്ര രാജ്യത്തിലെ ദയനീയ ജനങ്ങളുടെ ചിത്രങ്ങളായി സഹതാപത്തോടെ നമ്മൾ ഈ ഉത്തരേന്ത്യൻ മുഖങ്ങളെ നോക്കി നെടുവീര്‍പ്പിടും. നമുക്ക് ചുറ്റും ഇതേ കാഴ്ച കാണുമ്പോഴും, ഒരു നാടോടിക്കുട്ടി അപകടത്തിൽപ്പെട്ടാലും നിസംഗരായിരിക്കുകയാണെങ്കിൽ നമ്മുടെ 75 വർഷം പിന്നിടുന്ന സ്വാതന്ത്ര്യാഘോഷത്തിന് എന്തർത്ഥമാണുള്ളത്?
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...