കേരള കോണ്‍ഗ്രസില്‍ ഭിന്നത മുറുകുന്നു; ലയനത്തിന്‍റെ ഗുണം ലഭിച്ചില്ലെന്ന് പി.ജെ ജോസഫ്

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ കേരള കോണ്‍ഗ്രസിലെ ഭിന്നതയും മറ നീക്കി പുറത്തുവരികയാണ്‌. 

Last Updated : Jan 29, 2019, 12:33 PM IST
കേരള കോണ്‍ഗ്രസില്‍ ഭിന്നത മുറുകുന്നു; ലയനത്തിന്‍റെ ഗുണം ലഭിച്ചില്ലെന്ന് പി.ജെ ജോസഫ്

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ കേരള കോണ്‍ഗ്രസിലെ ഭിന്നതയും മറ നീക്കി പുറത്തുവരികയാണ്‌. 

തനിക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് ലയനത്തിന്‍റെ ഗുണം ലഭിച്ചിട്ടില്ലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ പിജെ ജോസഫ് തുരീന്നു പറഞ്ഞിരിക്കുകയാണ്. കൂടാതെ, ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുവേണമെന്നും പിജെ ജോസഫ് പറഞ്ഞു. കോട്ടയം സീറ്റിന് പുറമെയാണ് ഇടുക്കിയോ ചാലക്കുടിയോ കിട്ടേണ്ടതെന്നും ജോസഫ് പറഞ്ഞു

അതേസമയം, ജോസ് കെ മാണിയുടെ യാത്രയ്ക്ക് പാര്‍ട്ടിയില്‍ നിന്ന് കാര്യമായ പിന്തുണ കിട്ടിയില്ലെന്ന ആരോപണം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ യാത്ര സംഘടിപ്പിച്ചപ്പോള്‍ കൂടിയാലോചന ഉണ്ടായില്ലെന്നായിരുന്നു ജോസഫ്‌ നല്‍കിയ മറുപടി. ജോസ് കെ. മാണിയെ നേതൃത്വത്തിലേക്കു കൊണ്ടുവരാനുള്ള മാണി വിഭാഗത്തിന്‍റെ നീക്കമാണോയെന്ന ചോദ്യത്തിന്, പാര്‍ട്ടി നടത്തുന്ന പരിപാടിയാണെന്നും, ജോസ് കെ.മാണി നയിക്കുന്നു എന്നു മാത്രമേയുള്ളൂ എന്നും ജോസഫ്‌ മറുപടി നല്‍കി.

കേരളയാത്ര നടക്കുന്നതിനിടെ ബുധനാഴ്ച ഗാന്ധി സ്റ്റഡി സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ ജോസഫ് തിരുവനന്തപുരത്തു സര്‍വമത പ്രാര്‍ഥനായജ്ഞം സംഘടിപ്പിച്ചതു പാര്‍ട്ടിക്കുള്ളിലെ ഭിന്നതയുടെ തെളിവാണെന്നു സൂചനയുണ്ട്.

അതേസമയം, കേരള കോൺഗ്രസ് എമ്മിന് രണ്ട് സീറ്റിന് അർഹതയുണ്ടെന്ന് ജോസ് കെ മാണി പറഞ്ഞു. കോട്ടയത്തിന് പുറമെ ഇടുക്കിയോ ചാലക്കുടിയോ വേണമെന്നാണ് ജോസ് കെ മാണിയുടെ ആവശ്യ൦. കൂടാതെ രണ്ട് സീറ്റ് വേണമെന്ന ആവശ്യം രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ വ്യക്തമാക്കുമെന്നും ജോസ് കെ മാണി പറഞ്ഞു. 

കൂടാതെ, പി ജെ ജോസഫിന് പിണക്കമുണ്ടെന്ന് കരുതുന്നില്ല. കേരള യാത്ര ഉദ്ഘാടനം ചെയ്തത് ജോസഫാണെന്നും ജോസ് കെ മാണി പറഞ്ഞു. പാര്‍ട്ടിയില്‍ പടലപ്പിണക്കമില്ലെന്നും ജോസഫ് പാര്‍ട്ടിയുടെ ഭാഗമാണെന്നും ജോസ് കെ മാണി വ്യക്തമാക്കി.

ലോക്സഭാ തിരഞ്ഞെടുപ്പിന് വെറും മാസങ്ങള്‍ ബാക്കി നില്‍ക്കെ പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയി തിരികെയെത്തിയ കേരളാ കോണ്‍ഗ്രസ് എം കൂടുതല്‍ സീറ്റിനുവേണ്ടി സമ്മര്‍ദ്ദം ശക്തമാക്കിയിരിയ്ക്കുകയാണ്. കോട്ടയവും ഇടുക്കിയും കേരളാ കോണ്‍ഗ്രസ് എമ്മിന് വേണമെന്നാണ് പര്‍ട്ടിയുടെ ആവശ്യം. 
 
നിലവില്‍ സംസ്ഥാനത്ത് ആകെയുള്ള 20 സീറ്റില്‍ 16 സീറ്റില്‍ കോണ്‍ഗ്രസും രണ്ട് സീറ്റില്‍ മുസ്ലീംലീഗും ഓരോ സീറ്റില്‍ കേരളാ കോണ്‍ഗ്രസ്, ആര്‍.എസ്.പി. എന്നിവരാണ് മത്സരിക്കുന്നത്.

 

Trending News