തിരുവനന്തപുരം: നരേന്ദ്രമോദിയെ പ്രസംസിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട കോണ്‍ഗ്രസ് നേതാവ് എ.പി. അബ്ദുള്ളക്കുട്ടിയെ ഇന്ന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയേക്കും. പാര്‍ട്ടി വിശദീകരണം ചോദിച്ചിട്ടും ഇതുവരെ മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് ഇങ്ങനൊരു നടപടിയിലേയ്ക്ക് പാര്‍ട്ടി നീങ്ങുന്നത് എന്നാണ് സൂചന.
ഇത് സംബന്ധിച്ചുള്ള തീരുമാനം ഇന്നുണ്ടായേക്കും. മോദിയുടെ ഭരണത്തില്‍ ഗാന്ധിയന്‍ മൂല്യങ്ങളുണ്ടെന്നും, ഈ തിരഞ്ഞെടുപ്പിലെ വിജയം മോദിയുടെ വികസന അജണ്ടയ്ക്കുള്ള അംഗീകാരമാണെന്നും അബ്ദുള്ളക്കുട്ടി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു.
മോദിയെ ജനപ്രിയനാക്കിയതിന്‍റെ രഹസ്യം ഒരു ഗാന്ധിയൻ മൂല്യം ഗാന്ധിയുടെ നാട്ടുകാരനായ മോദി തന്‍റെ ഭരണത്തിൽ പ്രയോഗിച്ചു എന്നുള്ളതാണ് എന്നും അബ്ദുള്ളക്കുട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു.
അബ്ദുള്ളക്കുട്ടിയുടെ ഈ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കോണ്‍ഗ്രസ് നേതാക്കള്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് ആനുകൂല്യം കിട്ടിയതിന്റെ മര്യാദ കാണിക്കുന്നില്ലെന്നും കോണ്‍ഗ്രസുകാരുടെ മനസില്‍ അബ്ദുള്ളക്കുട്ടിക്ക് സ്ഥാനമില്ലെന്നും വിഎം.സുധീരന്‍ കുറ്റപ്പെടുത്തിയിരുന്നു. എന്തായാലും പാര്‍ട്ടി എന്താണ് തീരുമാനിക്കുന്നതെന്ന് ഇന്നറിയാം.