തിരുവനന്തപുരം: ലക്ഷദ്വീപിന് സമീപം രൂപമെടുക്കുന്ന ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പിനെ തുടര്‍ന്ന് മുന്നൊരുക്കം നടത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി ഇന്നലെ നടന്ന യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. കൂടാതെ, അണക്കെട്ടുകളിലെ സ്ഥിതിയും ദുരന്തനിവാരണ അതോറിറ്റി വിലയിരുത്തി. ദുരന്തനിവാരണ അതോറിറ്റി അടിയന്തിര യോഗം ചേര്‍ന്ന് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ, മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ ഇത്തരം സ്ഥലങ്ങളില്‍ ഉടന്‍തന്നെ ക്യാമ്പുകള്‍ തുറക്കാനും കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൂടാതെ, രാത്രി സഞ്ചാരം ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്.
ഇടുക്കി, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ ഞായറാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ന്യൂനമര്‍ദം ശക്തി പ്രാപിക്കാന്‍ ഇടയുള്ളതിനാലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കൂടാതെ, മത്സ്യത്തൊഴിലാളികൾ അടുത്ത രണ്ട് ദിവസത്തേയ്ക്ക് കടലിൽ പോകരുതെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.