Deepu death| 'ദീപുവിന്റെ കൊലപാതകം ആസൂത്രിതം, പിവി ശ്രീനിജൻ എംഎൽഎക്കും പങ്ക്'; ​ഗുരുതര ആരോപണവുമായി സാബു എം. ജേക്കബ്

ഒന്നാം പ്രതിയാക്കേണ്ടത് കുന്നത്ത് നാട് എംഎൽഎ ശ്രീനിജനെയാണെന്നും സാബു പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Feb 19, 2022, 11:52 AM IST
  • ആശുപത്രിക്കെതിരെയും സാബു എം ജേക്കബ് ആരോപണങ്ങൾ ഉന്നയിച്ചു
  • ആക്രമണത്തിൽ പരിക്കേറ്റാണ് ആശുപത്രിയിൽ വന്നതെന്ന് ദീപു മൊഴി നൽകിയിരുന്നു
  • തിങ്കളാഴ്ച ചോര ഛര്‍ദിച്ചാണ് ദീപുവിനെ ആശുപത്രിയിലെത്തിക്കുന്നത്
  • എന്നാൽ ആശുപത്രിയിലും ​ഗൂഢാലോചനയുണ്ടായി
Deepu death| 'ദീപുവിന്റെ കൊലപാതകം ആസൂത്രിതം, പിവി ശ്രീനിജൻ എംഎൽഎക്കും പങ്ക്'; ​ഗുരുതര ആരോപണവുമായി സാബു എം. ജേക്കബ്

കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റേത് ആസൂത്രിതമായ കൊലപാതകമാണെന്ന് ട്വന്റി ട്വന്റി ചീഫ് കോ-ഓർഡിനേറ്റർ സാബു എം. ജേക്കബ്. ദീപുവിനെ ക്രൂരമായി ആക്രമിച്ചു. സംഭവത്തിൽ ഗൂഢാലോചനയുണ്ട്. ഒന്നാം പ്രതിയാക്കേണ്ടത് കുന്നത്ത് നാട് എംഎൽഎ ശ്രീനിജനെയാണെന്നും സാബു പറഞ്ഞു.

സ്ട്രീറ്റ് ലൈറ്റ് ചലഞ്ചിന്റെ ഭാഗമായി ഒട്ടിച്ച പോസ്റ്ററുകൾ മുഴുവൻ കീറി കളഞ്ഞു. അർഹത ഇല്ലാത്ത ആളുകൾക്ക് അധികാരവും സമ്പത്തും കയ്യിൽ കിട്ടുന്നതിന്റെ ഇരയാണ് ദീപു. നമ്മുടെ കുട്ടികൾ കേരളം വിട്ടു പോകുന്നു. മനുഷ്യന് സ്വസ്ഥമായി ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് കേരളത്തിൽ ഉള്ളതെന്നും സാബു ആരോപിച്ചു.

ആശുപത്രിക്കെതിരെയും സാബു എം ജേക്കബ് ആരോപണങ്ങൾ ഉന്നയിച്ചു. ആക്രമണത്തിൽ പരിക്കേറ്റാണ് ആശുപത്രിയിൽ വന്നതെന്ന് ദീപു മൊഴി നൽകിയിരുന്നു. എന്നാൽ ആശുപത്രിയിലും ​ഗൂഢാലോചനയുണ്ടായി. തിങ്കളാഴ്ച ചോര ഛര്‍ദിച്ചാണ് ദീപുവിനെ ട്വന്റി ട്വന്റി ആശുപത്രിയിലെത്തിക്കുന്നത്. ആസമയം, അദ്ദേഹം ആശുപത്രിയില്‍ കൊടുത്തമൊഴിയിലും താന്‍ ആക്രമിക്കപ്പെട്ടുവെന്നാണ് പറയുന്നത്. അതിനുശേഷം കോവിഡ് ടെസ്റ്റ് നടത്തി അന്ന് കുഴപ്പമില്ല. തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തുമ്പോഴും അദ്ദേഹത്തിന് കോവിഡ് നെഗറ്റീവായിരുന്നു.

ഡോക്ടർമാരും എംഎല്‍എയും ഒത്തുകളിച്ച് പ്രതികള്‍ക്ക് രക്ഷപെടുന്നതിനായി നാല് ദിവസം ദീപുവിനെ വെന്റിലേറ്ററില്‍ കിടത്തുകയായിരുന്നു. ദീപുവിന്റെ മരണം ബന്ധുക്കളെ അറിയിക്കുന്നതിന് പകരം മാധ്യമങ്ങളെയും പൊലീസിനെയും ആണ് ആശുപത്രി അധികൃതർ ആദ്യം അറിയിക്കുന്നത്. പിന്നീട് നടത്തിയ കോവിഡ് ടെസ്റ്റില്‍ അദ്ദേഹം പോസിറ്റീവ് ആയി. ഇതിന് പിന്നീല്‍ ആശുപത്രി അധികൃതരും എംഎല്‍എയും നടത്തിയ ഗുഢാലോചനയാണ്. എംഎൽഎ പിവി ശ്രീനിജന്റെ ഫോൺ പരിശോധിക്കണമെന്നും സാബു എം. ജേക്കബ് ആവശ്യപ്പെട്ടു.

പ്രതികള്‍ക്ക് എംഎല്‍എയുമായി അടുത്ത ബന്ധമാണുള്ളതെന്നും സാബു എം. ജേക്കബ് പറഞ്ഞു. സ്ട്രീറ്റ് ചലഞ്ചില്‍ എംഎല്‍എ നടത്തിയ ഇടപെടലില്‍ തികച്ചും സമാധാനപരമായ സമരമാണ് ട്വന്റി ട്വന്റി നടത്തിയത്. അങ്ങനെയാണ് വീടുകളിൽ ലൈറ്റ് അണച്ച് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്. ട്വന്റി ട്വന്റിയുടെ ഏരിയ സെക്രട്ടറിയായ ദീപു ലൈറ്റ് അണക്കുന്ന കാര്യം വീടുകള്‍ തോറും കയറി ഇറങ്ങി പറയുന്നതിനിടയിലാണ് ആക്രമിക്കപ്പെട്ടത്. മുന്‍കൂട്ടി പതിങ്ങിയിരുന്ന സംഘം ദീപുവിനെ ആക്രമിക്കുകയായിരുന്നുവെന്ന് സാബു പറഞ്ഞു.

കൃത്യം നടക്കുമ്പോഴും അതിന് മുന്‍പും പിന്‍പും ഈ പ്രതികളെല്ലാം തന്നെ എംഎല്‍എയുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നാണ് വ്യക്തമാകുന്നത്. പ്രതികളും എംഎല്‍എയും സിപിഎം നേതാക്കളും പ്രദേശത്തെ ഒരു ചായക്കടയിലിരുന്ന് ഗൂഢാലോചന നടത്തുന്നതിന്റെ ചിത്രം പുറത്തു വന്നിട്ടുണ്ട്. കൊലപാതകം നടത്തിയാല്‍ മാത്രമെ ഈ പ്രസ്ഥാനത്തെ ഇല്ലാതാക്കാന്‍ കഴിയുവെന്ന വിലയിരുത്തലിലാണ് ഇത്തരമൊരു ആക്രമണം ഉണ്ടായതെന്നും സാബു പറഞ്ഞു.

എംഎല്‍എ പറയുന്നത് ദീപുവിന് ലിവര്‍ സിറോസിസ് ആണ് എന്നാണ്. അങ്ങനെയെങ്കില്‍ എങ്ങനെ തലയില്‍ രക്തസ്രാവം ഉണ്ടാകും. അതുകൊണ്ടാണ് കൊലപാതകമാണെന്ന് ട്വന്റി ട്വന്റി ആരോപിക്കുന്നതെന്നും സാബു എം.ജേക്കബ് പറഞ്ഞു. കഴിഞ്ഞ പത്ത് മാസമായി പുതിയ എംഎല്‍എ ശ്രീനിജിന്‍ അധികാരത്തില്‍ വന്നതിന് ശേഷം അമ്പതോളം പേര്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ട്വന്റി ട്വന്റി ഭരിക്കുന്ന എല്ലാ പഞ്ചായത്തുകളിലും വലിയ ക്രമസമാധന പ്രശ്‌നമാണ് നടന്നുകൊണ്ടിരിക്കുന്നത്.

ആളുകള്‍ ഭയന്ന് പരാതിപ്പെടാന്‍ പോലും തയാറാകുന്നില്ല. ആരെങ്കിലും ആക്രമിക്കപ്പെട്ടു കഴിഞ്ഞാല്‍ അവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കുന്നു. അത്തരത്തില്‍ വലിയ ഭീകരാന്തരീക്ഷമാണ് കഴിഞ്ഞ 10മാസമായി എംഎല്‍എ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ട്വന്റി ട്വന്റി ഭരിക്കുന്ന പഞ്ചായത്തില്‍ സിപിഎം പ്രവര്‍ത്തകരെയാണ് ഉദ്യോഗസ്ഥരായി നിയമിച്ചിരിക്കുന്നത്. അവരെ ഉപയോഗിച്ച് ഭരണപ്രതിസന്ധി സൃഷ്ടിക്കുന്ന നടപടിയാണ് സ്വീകരിക്കുന്നത്.

പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ മാത്രമല്ല, കെഎസ്ഇബി, പെരിയാര്‍വാലി, ആരോഗ്യവകുപ്പ്, പൊലീസ് തുടങ്ങി എല്ലാവകുപ്പിലും എംഎല്‍എ നേരിട്ട് വിളിച്ച് നിര്‍ദേശങ്ങള്‍ നല്‍കുകയാണ്. ആരെങ്കിലും നിര്‍ദേശം ലംഘിച്ചാല്‍ ഓഫീസിലേക്ക് വിളിച്ചു വരുത്തി ശാസിക്കുകയാണ് എംഎല്‍എ. സ്ട്രീറ്റ് ലൈറ്റില്‍ കെഎസ്ഇബിയ്ക്ക് ഒരു പങ്കുമില്ല. വിഷയത്തില്‍ പരാതിയുണ്ടെങ്കില്‍ അത് നല്‍കേണ്ടത് പഞ്ചായത്താണ്. കിഴക്കമ്പലത്തെ അസിസ്റ്റന്റ് എഞ്ചിനീയറെ വിളിച്ച് പരാതി കൊടുക്കാന്‍ പറഞ്ഞിട്ട് അദ്ദേഹം സമ്മതിക്കാതിരുന്നപ്പോള്‍ ഓഫിസിലേക്ക് വിളിച്ചു വരുത്തി പരാതി തയാറാക്കി നല്‍കുകയായിരുന്നുവെന്നും സാബു എം. ജേക്കബ് ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News