Dengue Fever: സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 877 പേർക്ക്

Dengue fever spread in Kerala: രണ്ട് പേർ പനി ബാധിച്ച് മരിച്ചതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. 48 പേർക്ക് ഡെങ്കിപ്പനിയും അഞ്ച് പേർക്ക് എലിപ്പനിയും ബാധിച്ചു. മഞ്ഞപ്പിത്തം ബാധിച്ചും ഒരു മരണം ഉണ്ടായിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jun 18, 2023, 01:58 PM IST
  • മലേറിയ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, മുണ്ടിനീര് എന്നിവയും സ്ഥീരികരിക്കുന്നത് വർധിച്ചുവരികയാണ്
  • കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 8000ൽ അധികം പേരാണ് കൊച്ചിയിൽ മാത്രം പനി ബാധിച്ച് ചികിത്സ തേടിയത്
  • മലപ്പുറത്തും പനി ബാധിക്കുന്നവരുടെ എണ്ണം കൂടുതലാണ്
Dengue Fever: സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 877 പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ച വ്യാധി വ്യാപനം രൂക്ഷം. ഇന്നലെ മാത്രം സംസ്ഥാനത്ത് പനിക്ക് ചികിത്സ തേടിയത് 11,329 പേരാണ്. രണ്ട് പേർ പനി ബാധിച്ച് മരിച്ചതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. 48 പേർക്ക് ഡെങ്കിപ്പനിയും അഞ്ച് പേർക്ക് എലിപ്പനിയും ബാധിച്ചു. മഞ്ഞപ്പിത്തം ബാധിച്ചും ഒരു മരണം ഉണ്ടായിട്ടുണ്ട്.

മലേറിയ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, മുണ്ടിനീര് എന്നിവയും സ്ഥീരികരിക്കുന്നത് വർധിച്ചുവരികയാണ്. മലപ്പുറത്ത് പനി ബാധിക്കുന്നവരുടെ എണ്ണം കൂടുതലാണ്. ചികത്സാ സൗകര്യങ്ങൾ കൂടുതലുള്ള എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളേക്കാൾ കൂടുതലാണ് മലപ്പുറത്ത് പനി ബാധിക്കുന്നവരുടെ എണ്ണം.

കഴിഞ്ഞ ദിവസം ഏറ്റവുമധികം പേർ പനി ബാധിച്ച് ചികിത്സ തേടിയത് മലപ്പുറത്തായിരുന്നു. 1650 പേരാണ് ഇവിടെ പനിക്ക് ചികിത്സ തേടിയെത്തിയത്. അതേസമയം, സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളുടെ എണ്ണത്തിലും വലിയ വർധനയാണ് ഉണ്ടാകുന്നത്.

ALSO READ: Snake bite: രോഗിക്ക് കൂട്ടിരിക്കാൻ വന്ന സ്ത്രീയെ വിഷപ്പാമ്പ് കടിച്ചു; സംഭവം തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ

ഈ മാസം ഇതുവരെ 2800 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളുമായി സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്ക് എത്തിയത്. ഇതിൽ 877 പേർക്ക് രോഗം സ്ഥിരീകരിച്ചു. മറ്റുള്ളവർ പരിശോധനാ ഫലം കാത്ത് ചികിത്സയിൽ തുടരുകയാണ്. ശരാശരി 15 പേർ വീതം ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജുകളിൽ ചികിത്സ തേടിയെത്തുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

പനി ബാധിതരുടെ എണ്ണം വർധിച്ചതോടെ ഐസിയു, വെന്റിലേറ്റർ സംവിധാനങ്ങൾക്കും ബ്ലഡ് ബാങ്കുകളിൽ പ്ലേറ്റ്‌ലറ്റിനും ക്ഷാമം നേരിട്ട് തുടങ്ങി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 8000ൽ അധികം പേരാണ് കൊച്ചിയിൽ മാത്രം പനി ബാധിച്ച് ചികിത്സ തേടിയത്. ഇവരിൽ 190 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡെങ്കിപ്പനി ബാധിച്ച് ഈ മാസം മാത്രം എട്ട് പേരാണ് മരിച്ചത്.

വെള്ളക്കെട്ടുകളും മാലിന്യങ്ങളും പകർച്ചപ്പനി വ്യാപിക്കുന്നത് രൂക്ഷമാക്കുകയാണ്. പ്രതിരോധ നടപടികൾ ഊർജിതമാക്കൻ തദ്ദേശ സ്ഥാപനങ്ങൾക്ക് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. എറണാകുളം ജില്ലയിൽ വെസ്റ്റ് നൈൽ വൈറസും സ്ഥിരീകരിച്ചിട്ടുണ്ട്. വെസ്റ്റ് നൈൽ വൈറസ് ആണ് കുമ്പളങ്ങി സ്വദേശിയുടെ മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.

സംസ്ഥാനത്ത് എലിപ്പനി, എച്ച്1എൻ1, വൈറൽ പനി എന്നിവയും റിപ്പോർട്ട് ചെയ്യപ്പെടുന്നത് വർധിച്ചിരിക്കുകയാണ്. പനി ബാധിച്ചാൽ സ്വയം ചികിത്സ ഒഴിവാക്കണമെന്ന് ആരോ​ഗ്യ വകുപ്പ് കർശന നിർദേശം നൽകിയിട്ടുണ്ട്. പനി ബാധിച്ചതായി ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഉടൻ തന്നെ ചികിത്സ തേടണമെന്നാണ് ആരോ​ഗ്യവകുപ്പ് നിർദേശിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News