തിരുവനന്തപുരം: മദ്യവുമായി താമസ സ്ഥലത്തേക്ക് പോയ വിദേശിയ പോലീസ് തടഞ്ഞുനിർത്തി അപമാനിച്ചെന്ന പരാതിയിൽ എസ്ഐ അടക്കം മൂന്ന് പോലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് നിർദേശം. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറാണ് വകുപ്പുതല അന്വേഷണത്തിന് നിർദേശം നൽകിയത്.
സംഭവത്തിൽ കോവളം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷാജിയെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങുന്നത്. എസ്ഐ അനീഷ്, മനേഷ്, സജിത്ത് എന്നിവർക്കെതിരെയാണ് വകുപ്പുതല അന്വേഷണം നടത്തുന്നത്. ബിവറേജസ് കോർപ്പറേഷനിൽ നിന്ന് മദ്യം വാങ്ങിയ സ്റ്റീഫൻ ആസ്ബെർഗിനെ ബില്ല് ആവശ്യപ്പെട്ട് പോലീസ് തടയുകയായിരുന്നു.
കോവളത്തിനടുത്ത് വെള്ളാറിൽ ഹോംസ്റ്റേ നടത്തുന്ന സ്വീഡിഷ് പൗരന്‍ സ്റ്റീഫൻ ആസ്ബർഗ് ന്യൂഇയർ തലേന്ന് ബിവറേജിൽ നിന്നും മദ്യം വാങ്ങി വരുന്ന വഴിക്കാണ് സംഭവം നടന്നത്. ഗ്രേഡ് എസ്ഐയെ സസ്പെൻഡ് ചെയ്തതിനെതിരെ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ രംഗത്തെത്തിയിരുന്നു. ബീച്ചിലേക്ക് മദ്യവുമായി പോകരുതെന്ന ഉത്തരവ് പാലിക്കുക മാത്രമാണ് എസ്ഐ ചെയ്തതെന്നും മദ്യം ഒഴുക്കി കളയാൻ പോലീസ് ആവശ്യപ്പെട്ടിട്ടില്ലെന്നും അസോസിയേഷൻ വ്യക്തമാക്കി.
എന്നാൽ, പോലീസിന്റെ വാദങ്ങൾ സ്റ്റീഫൻ തള്ളിക്കളഞ്ഞു. താൻ ബീച്ചിലേക്ക് പോയിട്ടില്ലെന്നും സുഹൃത്തിന്റെ ഹോട്ടലിലേക്കാണ് പോയതെന്നും ഇയാൾ വ്യക്തമാക്കി. കോവളത്തേത് ഒറ്റപ്പെട്ട സംഭവമാണ്. എന്നാൽ പോലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...