Government Hospitals: സർക്കാർ ആശുപത്രികളിൽ ഡിജിറ്റലായി പണമടയ്ക്കാൻ സംവിധാനം; ക്യൂ ഒഴിവാക്കാൻ ഓൺലൈൻ അഡ്വാൻസ് അപ്പോയ്ൻമെന്റും

Digital payment system: ഇ-ഹെല്‍ത്ത് പദ്ധതി നടപ്പില്‍ വരുത്തിയിട്ടുള്ള താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Aug 23, 2024, 11:56 PM IST
  • ക്യൂ ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ അഡ്വാന്‍സ് അപ്പോയ്ൻമെന്റും സ്‌കാന്‍ ബുക്ക് സംവിധാനവും ഒരുക്കും
  • ചികിത്സാ വിവരങ്ങള്‍ രോഗിക്ക് നേരിട്ട് കാണാന്‍ മൊബൈല്‍ ആപ്പ് വഴി സംവിധാനം ഉണ്ടാകും
Government Hospitals: സർക്കാർ ആശുപത്രികളിൽ ഡിജിറ്റലായി പണമടയ്ക്കാൻ സംവിധാനം; ക്യൂ ഒഴിവാക്കാൻ ഓൺലൈൻ അഡ്വാൻസ് അപ്പോയ്ൻമെന്റും

സര്‍ക്കാര്‍ ആശുപത്രികളില്‍ വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാൻ സംവിധാനങ്ങൾ ഒരുങ്ങുന്നുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡിജിറ്റലായി പണം അടയ്ക്കുന്നതിനുള്ള സംവിധാനം പിഒഎസ് മെഷീന്‍ വഴിയാണ് ഒരുക്കുന്നത്. ഇ-ഹെല്‍ത്ത് പദ്ധതി നടപ്പില്‍ വരുത്തിയിട്ടുള്ള താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കും.

ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, യുപിഐ മുതലായ സാമ്പത്തിക ഇടപാടുകളിലൂടെ ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ആദ്യഘട്ടമായി ഇ-ഹെല്‍ത്ത് നടപ്പിലാക്കിയ 63 ആശുപത്രികളിലാണ് ഈ സംവിധാനം ഒരുക്കുന്നത്. ആദ്യഘട്ടത്തിൽ 249 പിഒഎസ് മെഷീനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതിലൂടെ ഡിജിറ്റലായി തന്നെ പേയ്‌മെന്റ് നടത്താവുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മുന്‍കൂറായി ഒപി ടിക്കറ്റ് എടുക്കുന്നതിനുള്ള സൗകര്യം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ തീരുമാനിച്ചു. 624 ആശുപത്രികളിലാണ് ഇ-ഹെല്‍ത്ത് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ഇ-ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കിയിട്ടുള്ള എല്ലാ ആശുപത്രികളിലും ഈ സേവനം ലഭ്യമാക്കി വരുന്നതായി മന്ത്രി അറിയിച്ചു.

ഇ-ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കിയിട്ടില്ലാത്ത താലൂക്ക് ആശുപത്രി മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഈ സംവിധാനം നടപ്പിലാക്കുന്നതാണ്. ആദ്യഘട്ടമായി ഇ ഹെല്‍ത്ത് ഇല്ലാത്ത 80 ആശുപത്രികളില്‍ കൂടി ഈ സംവിധാനം സജ്ജമാക്കാനാണ് തീരുമാനം. മുന്‍കൂറായി ടോക്കണ്‍ എടുക്കുന്നതിനോടൊപ്പം ആശുപത്രിയില്‍ ഒപി ടിക്കറ്റിന് തുക ഈടാക്കുന്നുണ്ടെങ്കില്‍ അത് ഓണ്‍ലൈനായി തന്നെ അടയ്ക്കുന്നതിനുള്ള സൗകര്യവും ഒരുക്കും.

സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറുടെ സേവനം തേടുന്നതിനായി ആശുപത്രിയില്‍ വരുന്ന പൊതുജനങ്ങള്‍ക്ക് ക്യൂ നില്‍ക്കാതെ തന്നെ ആശുപത്രിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഒപി ടിക്കറ്റ് എടുക്കാനുള്ള സൗകര്യവും നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു. ഈ സംവിധാനം ആദ്യഘട്ടമെന്ന നിലയില്‍ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കിയിട്ടുള്ള എല്ലാ ആശുപത്രികളിലും അതോടൊപ്പം ഇ-ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കിയിട്ടില്ലാത്ത താലൂക്ക് ആശുപത്രി മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ളവയിലും നടപ്പിലാക്കുന്നതാണ്.

ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു മൊബൈല്‍ ആപ്പ് കൂടി ഇ-ഹെൽത്ത് സജ്ജമാക്കി വരുന്നു. ഇ-ഹെല്‍ത്ത് സൗകര്യമുള്ള ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ ഹെല്‍ത്ത് റെക്കോര്‍ഡ്, ലാബ് റിപ്പോര്‍ട്ട്, ഫാര്‍മസി റിപ്പോര്‍ട്ട് എന്നിവ ഈ മൊബൈല്‍ ആപ്പിലൂടെ രോഗിക്ക് കാണാന്‍ സാധിക്കുന്നതാണ്. ഓണ്‍ലൈന്‍ ടിക്കറ്റെടുക്കുന്നതിനും അതിനുള്ള തുക അടയ്ക്കുന്നതിനുമുള്ള സൗകര്യവും ഈ മൊബൈല്‍ ആപ്പ് വഴി ഉണ്ടായിരിക്കും. ഇതുകൂടാതെ ഇ-ഹെല്‍ത്ത് പോര്‍ട്ടല്‍ വഴിയും ഈ സേവനങ്ങള്‍ ലഭ്യമാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News