ജാതി പറഞ്ഞ് വോട്ട് പിടുത്തം; പരാതി നല്‍കുമെന്ന് കോടിയേരി

വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി എന്‍എസ്എസ് പരസ്യമായി പ്രചാരണത്തിനിറങ്ങിയതിനേ ചൂണ്ടിക്കാട്ടിയാണ് കോടിയേരി പ്രതികരിച്ചത്.  

Last Updated : Oct 17, 2019, 12:45 PM IST
ജാതി പറഞ്ഞ് വോട്ട് പിടുത്തം; പരാതി നല്‍കുമെന്ന് കോടിയേരി

ആലപ്പുഴ: സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പില്‍ ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നതില്‍ പരാതി നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി എന്‍എസ്എസ് പരസ്യമായി പ്രചാരണത്തിനിറങ്ങിയതിനേ ചൂണ്ടിക്കാട്ടിയാണ് കോടിയേരി പ്രതികരിച്ചത്.

ഇതുസംബന്ധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. നഗ്നമായ ജാതി പറഞ്ഞുള്ള വോട്ടുപിടുത്തമാണ് വട്ടിയൂര്‍ക്കാവില്‍ കാണുന്നതെന്നും ഇതേക്കുറിച്ചുള്ള ടിക്കാറാം മീണയുടെ നിരീക്ഷണം ശരിയാണെന്നും കോടിയേരി പറഞ്ഞു. 

ജാതി സംഘടനകള്‍ പരസ്യമായി വോട്ട് ചോദിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഇന്നലെ പറഞ്ഞിരുന്നു. എന്‍എസ്എസിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ പരിശോധിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം ഇന്നലെ വ്യക്തമാക്കിയിരുന്നു.

ആലപ്പുഴയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികാദിനാഘോഷ ചടങ്ങില്‍ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു കോടിയേരി.

Trending News