ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; അന്തിമ ഫലപ്രഖ്യാപനം വൈകും: ടിക്കാറാം മീണ

കനത്ത സുരക്ഷയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് ഏർപ്പെടുത്തുകയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു.     

Last Updated : May 19, 2019, 11:21 AM IST
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; അന്തിമ ഫലപ്രഖ്യാപനം വൈകും: ടിക്കാറാം മീണ

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഓരോ മണ്ഡലത്തിലേയും അഞ്ച് വിവിപാറ്റ് രസീതുകൾ കൂടി ഇത്തവണ എണ്ണുന്നതുകൊണ്ടാണ് അന്തിമ ഫലപ്രഖ്യാപനം പതിവിലും വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു. 

തപാൽ ബാലറ്റുകളും ഇലക്ട്രോണിക് വോട്ടിഗ് മെഷീനുകളും എണ്ണിത്തീരാൻ ശരാശരി നാല് മണിക്കൂർ സമയം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 12 മണിയോടെ ഫലം എന്താവുമെന്ന് ധാരണ ഉണ്ടാവുമെങ്കിലും ഓരോ മണ്ഡലത്തിലേയും അഞ്ചുവീതം വിവിപാറ്റ് യന്ത്രങ്ങളുടെ രസീതുകൾ കൂടി എണ്ണണമെന്ന സുപ്രീം കോടതി തീരുമാനം ഉള്ളതുകൊണ്ട് ഫലം ഉടൻ പ്രഖ്യാപിക്കില്ലയെന്നും അദ്ദേഹം പറഞ്ഞു.

ആകെയുള്ള 29 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലായി 140 കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും മെയ് 23 ന് രാവിലെ എട്ടുമണിമുതല്‍ വോട്ടെണ്ണല്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. 

വിവിപാറ്റ് രസീതുകൾ എണ്ണിത്തീരാൻ 5 മുതൽ 6 മണിക്കൂർ വരെ എടുക്കും. അതായത് കുറഞ്ഞത് വൈകുന്നേരം ആറ് മണിയോടെയേ ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാവുകയുള്ളൂ. ചിലപ്പോള്‍ ഈ സമയം നീണ്ടേക്കാമെന്നും അദ്ദേഹം പറഞ്ഞു. 

എണ്ണാനുള്ള അഞ്ച് വിവിപാറ്റുകൾ നറുക്കിട്ടാവും തെരഞ്ഞെടുക്കുക. റിട്ടേണിംഗ് ഓഫീസറായിരിക്കും നറുക്കെടുക്കുക. അഞ്ച് വിവിപാറ്റ് മെഷീനുകളിലെ രസീതുകളും ഒരേസമയം എണ്ണില്ല, ഒന്നിനു പിറകേ ഒന്നായാകും ഇവ എണ്ണുക. 

നോട്ട് എണ്ണുന്നതിൽ വിദഗ്ധരായ ഉദ്യോഗസ്ഥരെയാകും ഇതിനായി നിയോഗിക്കുക. കനം കുറഞ്ഞ കടലാസിലാണ് വിവിപാറ്റ് രസീതുകൾ പ്രിന്‍റ് ചെയ്തിരിക്കുന്നത്. എണ്ണം തെറ്റാൻ സാധ്യത ഉള്ളതുകൊണ്ട് ഓരോ മെഷീനിലേ രസീതുകളും മൂന്ന് തവണ എണ്ണും. 

വോട്ടിംഗ് മെഷീനിലെ വോട്ടും വിവിപാറ്റ് രസീതുകളുടെ എണ്ണവും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ വിവിപാറ്റുകൾ എണ്ണിയ ഫലമാകും പരിഗണിക്കുകയെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

കനത്ത സുരക്ഷയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് ഏർപ്പെടുത്തുകയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. വോട്ടെണ്ണൽ കേന്ദ്രത്തിന്‍റെ മതിലിന് പുറത്തുള്ള 100 മീറ്റർ പരിധിയിൽ ലോക്കൽ പൊലീസാവും സുരക്ഷാ ചുമതലയിൽ ഉണ്ടാവുക.

മതിലിനുള്ളിലും വോട്ടെണ്ണൽ നടക്കുന്ന ഹാളിലേയും സുരക്ഷ കേരളാ പൊലീസിന്‍റെ സായുധ സേന ഏറ്റെടുക്കും. വോട്ടെണ്ണൽ കേന്ദ്രത്തിന്‍റെ ഗേറ്റിന്‍റെ സുരക്ഷ സിആർപിഎഫിനാണ്. ഇങ്ങനെ ത്രിതല സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, അസിസ്റ്റന്റ് കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, മൈക്രോ ഒബ്സര്‍വര്‍മാര്‍, കൗണ്ടിംഗ് ഒബ്സര്‍വര്‍മാര്‍, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍, കൗണ്ടിംഗ് എജെന്റ്സ് തുടങ്ങിയവര്‍ക്കും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കാമെന്നും ശക്തമായ സുരക്ഷാ സംവിധാനമാണ് ഓരോ കേന്ദ്രത്തിലും ഒരുക്കിയിരിക്കുന്നതെന്നും ടിക്കാറാം മീണ വ്യക്തമാക്കി.

മാത്രമല്ല, റിട്ടേണിംഗ് ഓഫീസർമാർക്കുള്ള പരിശീലനം ചെന്നൈയിൽ പൂർത്തിയാക്കിയെന്നും എല്ലാ റിട്ടേണിംഗ് ഓഫീസർമാരുമായും പ്രധാന ഉദ്യോഗസ്ഥരുമായും വീഡിയോ കോൺഫറൻസ് നടത്തി അവസാന തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

Trending News