തിരുവനന്തപുരം: പോലീസുകാര്‍ ഉപയോഗിക്കുന്ന വയര്‍ലെസ് സെറ്റിന്റെ ശബ്ദം ഏവര്‍ക്കും സുപരിചിതമാണ്. നിരത്തില്‍ പോലീസുകാര്‍ തമ്മില്‍ ഇതിലൂടെ ആശയവിനിമയം നടത്തുന്നത് പലരും കൗതുകപൂര്‍വ്വം നോക്കിനില്ക്കാറുണ്ട്. ലഘു ഇടവേളകള്‍ നിലനിര്‍ത്തി നടത്തുന്ന ഈ ആശയവിനിമയ സംവിധാനത്തിന്റെ പ്രത്യേകതകള്‍ അറിയാം തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരവളപ്പില്‍ നടക്കുന്ന എന്റെ കേരളം മെഗാ എക്സിബിഷനിലെ പോലീസ് സ്റ്റാളില്‍ നിന്ന്. കേരളാ പോലീസ് രൂപീകൃതമായ ആദ്യകാലങ്ങളില്‍ ഉപയോഗിച്ചിരുന്ന വെബല്‍ ഹാന്റ് സെറ്റ് ഉള്‍പ്പെടെയുളള പഴയകാല ഉപകരണങ്ങള്‍ മുതല്‍ അത്യാധുനിക ഡിജിറ്റല്‍ മൊബൈല്‍ റേഡിയോ വരെ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
പോലീസ് വയര്ലെസ്സെറ്റില് കൂടി സംസാരിക്കാനുളള അവസരവും ഇവിടെ ലഭിക്കും. തെളിവുകളൊന്നും ശേഷിപ്പിച്ചില്ല എന്ന വിശ്വാസത്തില്‍ കുറ്റകൃത്യം നടത്തി സ്ഥലത്തുനിന്ന് രക്ഷപ്പെടുന്ന ഓരോ കുറ്റവാളിയുടെയും പേടിസ്വപ്നമാണ് പോലീസിന്റെ ഫിംഗര്‍പ്രിന്റ് ബ്യൂറോ. കുറ്റകൃത്യം സംഭവിച്ച സ്ഥലത്തുനിന്ന് വിരലടയാളങ്ങള്‍ ശാസ്ത്രീയമായി ശേഖരിക്കുന്നത് എങ്ങനെയെന്ന് ഫിംഗര്‍പ്രിന്റ് ബ്യൂറോയിലെ വിദഗ്ദ്ധര്‍ വിവരിച്ചുനല്കും.
കൃത്യസ്ഥലത്തുനിന്ന് ലഭിച്ച വിരലടയാളങ്ങള്‍ വിശകലനം ചെയ്ത് കുറ്റവാളികളെ കണ്ടെത്തുന്നതില്‍ രാജ്യത്ത് തന്നെ മുന്‍പന്തിയിലാണ് സംസ്ഥാനത്തെ ഫിംഗര്‍പ്രിന്റ് ബ്യൂറോ. ലഭ്യമായ വിരലടയാളങ്ങള്‍ പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വത്ക്കരിച്ച് സൂക്ഷിച്ച് ഞൊടിയിടയില്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നതെങ്ങനെയെന്നും ഇവിടെ നിന്ന് അറിയാം. വിരലടയാളങ്ങള്‍ ശേഖരിക്കാന്‍ ഉപയോഗിക്കുന്ന ലൈവ് സ്കാനര്‍, ക്രൈം സീന്‍ ഇന്‍വെസ്റ്റിഗേഷന്‍ കിറ്റ് എന്നിവയും കാണാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...