വയനാട്: കുരങ്ങ് പനി പടര്‍ത്തുന്ന വൈറസിനെതിരെ വയനാട്ടില്‍ ജാഗ്രത നിര്‍ദ്ദേശം. ആരോഗ്യ പട്ടിക വര്‍ഗ്ഗ വകുപ്പ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കൂടാതെ പ്രത്യേക സെല്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ആദിവാസികളോട് വനത്തില്‍ പ്രവേശിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശവും വനം വകുപ്പ് നല്‍കിയിട്ടുണ്ട്.
ബത്തേരി വനത്തില്‍നിന്നും ലഭിച്ച കുരങ്ങിന്‍റെ ശരീരത്തില്‍ നടത്തിയ തുടര്‍ പരിശോധനയിലാണ് വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയത്. ഈ വൈറസ് മനുഷ്യരിലേയ്ക്ക് പടരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതുകൂടാതെ വനാതിര്‍ത്തിയിലോ കൃഷിയിടങ്ങളിലോ കുരങ്ങിന്‍റെ ശവശരീരം കണ്ടാല്‍ ഉടന്‍ തന്നെ അധികൃതരെ അറിയിക്കണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
പുല്‍പള്ളി, നൂല്‍പ്പുഴ, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളിലാണ് മുന്‍പ് കുരങ്ങു പനി പടര്‍ന്നു പിടിച്ചത്. ഈ പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ ഊര്‍ജ്ജിതമാക്കി. അതുകൂടാതെ പട്ടിക വകുപ്പ് വനാതിര്‍ത്തിയിലുള്ള ആദിവാസി കോളനികളില്‍ പ്രത്യേക ബോധ വല്‍ക്കരണ ക്ലാസ്സുകളും നടത്തുന്നുണ്ട്.