)
തൃശൂർ: പാറമേക്കാവ് ക്ഷേത്രത്തോട് ചേർന്ന അഗ്രശാല ഹാളിന്റെ മുകൾ നിലയിൽ തീപിടിത്തം. നവരാത്രി നൃത്തപരിപാടി നടക്കുന്നതിനിടെ ഇന്നലെ വൈകുന്നേരം എട്ടേമുക്കാലോടെയായിരുന്നു സംഭവം നടന്നത്.
തീയും പുകയും കണ്ട് പരിഭ്രാന്തരായ നർത്തകരും കാണികളുമടക്കം ഹാളിൽ നിന്ന് പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. ആർക്കും പരിക്കില്ല എന്നാണ് റിപ്പോർട്ട്. പാലക്കാട് നവതരംഗം നൃത്തസംഘത്തിന്റെ പരിപാടി തുടങ്ങി രണ്ട് നൃത്തങ്ങൾക്ക് പിന്നാലെയായിരുന്നു ഹാളിന്റെ മുകൾ നിലയിൽ നിന്നും പുക ഉയരുന്നത് കണ്ടത്.
അപകടത്തിൽ ഹാളിലെ കേന്ദ്രീകൃത എയർ കണ്ടീഷൻ സംവിധാനമടക്കം പൂർണമായും കത്തിനശിച്ചിരുന്നു. അരക്കോടി രൂപയുടെ നഷ്ടം ഉണ്ടായിയെന്നാണ് ദേവസ്വം അധികൃതരുടെ പ്രാഥമിക നിഗമനം. മൂന്ന് യൂണിറ്റ് അഗ്നിരക്ഷാ സേനാ സംഘമെത്തി വെള്ളം പമ്പു ചെയ്താണ് അരമണിക്കൂറോളം സമയമെടുത്ത് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തത്തിനു പിന്നിൽ അട്ടിമറിയാണോയെന്ന് സംശയിക്കുന്നതായി പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് വ്യക്തമാക്കി. പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹാളിന്റെ താഴത്തെ നിലയിലായിരുന്നു നൃത്തപരിപാടി നടന്നത്. പൂരത്തിന്റെ സമയത്ത് പൂരക്കഞ്ഞി വിളമ്പാൻ എത്തിച്ച പാളപ്പാത്രങ്ങളിൽ മിച്ചം വന്നവ ഇവിടെ സൂക്ഷിച്ചിരുന്നു. ഇവയിലേക്ക് തീപടർന്നതോടെ ആളിക്കത്താൻ തുടങ്ങുകയും നർത്തകരുടെ ബാഗുകളടക്കം കത്തി നശിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. ഉടൻ തന്നെ ആളുകളെ പൂർണമായി പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവം നടക്കുമ്പോൾ ഈ ഭാഗത്ത് ആരും ഇല്ലാതിരുന്നതിനാൽ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.
തീപിടുത്തത്തിന് കാരണം ഷോർട് സർക്യൂട്ട് അല്ലെന്നാണ് നിലവിലെ സംശയം. വയറിങ് സംവിധാനം പരിശോധിച്ചതിന് നിന്നാണ് ഇക്കാര്യം വ്യക്തമായത്. ഇതോടെയാണ് അട്ടിമറി സംശയം ബലപ്പെട്ടത്. അഗ്രശാല ഹാളിലേയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്.