കൊച്ചി: കൊച്ചിയില്‍ ഇന്നലെ അര്‍ധരാത്രി നടന്ന വന്‍ സ്വര്‍ണ കവര്‍ച്ചയ്ക്ക് പിന്നില്‍ സ്വർണം എത്തുന്ന വിവരം മുൻകൂട്ടി അറിയാവുന്നവര്‍തന്നെയെന്ന്‍ പൊലീസ്!!
കൂടാതെ, കമ്പനിയുടെ മുന്നിൽ വച്ച് നടന്ന കവർച്ച ജീവനക്കാരുടെ അറിവില്ലാതെ നടക്കില്ലെന്നും പൊലീസ് പറയുന്നു.
കവര്‍ച്ചയുമായി ബന്ധപ്പെട്ട് അന്വേഷണം പൊലീസ് പലതലങ്ങളിലേയ്ക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. സിആർജി കമ്പനിയിലെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു. ഫോറൻസിക് വിദഗ്ദ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. കൂടാതെ, സ്വർണത്തിന്‍റെ സ്രോതസ്സ് സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം നടക്കുന്നത്. എറണാകുളത്ത് നിന്നും ആലുവ ഇടയാറിലെ സ്വർണ കമ്പനിയിലേക്ക് കൊണ്ട് പോയ 6 കോടി രൂപയുടെ സ്വർണമാണ് കവർന്നത്.
എറണാകുളത്തുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്നും കാർ മാർഗം ആലുവ ഇടയാറിലെ സിആർജി മെറ്റൽസ് കമ്പനിയിലേക്ക് ശുദ്ധീകരിക്കാനായി കൊണ്ട് പോയ 25 കിലോ സ്വർണമാണ് കവർന്നത്. കാറിന്‍റെ പിന്നിൽ ബൈക്കിൽ പിന്തുടർന്നെത്തിയ രണ്ടംഗ സംഘം സിആർജി മെറ്റൽസ് കമ്പനിയുടെ മുന്നിലെത്തിയപ്പോൾ കാറിന്‍റെ ചില്ലുകൾ തകർത്ത് സ്വർണവുമായി കടന്നു കളയുകയായിരുന്നു. ആക്രമണത്തിൽ കാര്‍ ഡ്രൈവർക്കും ഒപ്പമുണ്ടായിരുന്ന ആൾക്കും പരിക്കേറ്റു.