തിരുവനന്തപുരം: വിമാനത്താവളം വഴി സ്വർണ്ണക്കടത്ത് നടത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്വപ്ന സുരേഷും കൂട്ടാളികളും സ്വർണ്ണം കടത്തിയത് ഒന്നും രണ്ടും തവണയല്ല 23 തവണയാണെന്നാണ് കസ്റ്റംസ് വ്യക്തമാക്കിയിരിക്കുന്നത്. അതും ഡിപ്ലോമാറ്റിക് ബാഗേജ് വഴിയാണ് സ്വർണം കടത്തിയതെന്നും കസ്റ്റംസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമാക്കി.
ബഗേജുകൾ 2019 ജൂലായ് ഒൻപത് മുതലാണ് വന്നത്. വന്ന 23 തവണയും തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ബാഗേജ് ക്ലിയർ ചെയ്തത് സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ സരിത്താണെന്നും കസ്റ്റംസ് അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ 152 കിലോ വരെ ഭാരമുള്ള ബഗേജുകൾ വന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ വിമാനത്താവളം വഴി വൻ തോതിൽ സ്വർണ്ണം ഒഴുകിയതായിട്ടാണ് റിപ്പോർട്ട്.
Also read: സംഗീതം പഠിച്ചിട്ടില്ല... ഇത് അമ്മയ്ക്കു വേണ്ടി: ദേവിക സുരേഷ്
ഇതിനിടയിൽ ഈ ബഗേജുകളൊക്കെ ക്ലിയർ ചെയ്തത് താനാണെന്ന് സരിത്ത് കസ്റ്റംസിന് മൊഴി നൽകിയിട്ടുണ്ട്. കൂടാതെ ഫൈസൽ ഫരീദിനെ പോലുള്ള നിരവധി പേർ ഇത്തരം ബഗേജുകളിൽ സ്വർണ്ണം അയച്ചിട്ടുണ്ട്. ഇവരെ സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്.
സ്വപ്ന സുരേഷ് ഒളിവിൽ പോകുന്നതിന് മുൻപ് സുഹൃത്തിനെ ഏൽപ്പിച്ച ബാഗില്‍ നിന്നും കസ്റ്റംസ് 15 ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്തുവെന്നും റിപ്പോർട്ട് ഉണ്ട്. സ്വർണ്ണം പിടികൂടിയതിന് പിന്നാലെയാണ് സ്വപ്ന ബാഗ് സുഹൃത്തിനെ ഏൽപ്പിച്ചത്. കഴിഞ്ഞ ദിവസം ഈ സുഹൃത്തിനെ വിളിച്ചുവരുത്തി കസ്റ്റംസ് ബാഗ് വാങ്ങുകയായിരുന്നു. ഇതിൽ നിന്നാണ് 15 ലക്ഷം കണ്ടെത്തിയത്.