''മുഖ്യമന്ത്രി കുഴിച്ച കുഴിയിൽ സിപിഎം വീണോ?''

സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് എന്‍ഡിഎ നേതാവ് പിസി തോമസ്‌ രംഗത്ത്.

Last Updated : Jul 17, 2020, 07:39 PM IST
''മുഖ്യമന്ത്രി കുഴിച്ച കുഴിയിൽ സിപിഎം വീണോ?''

കൊച്ചി:സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് എന്‍ഡിഎ നേതാവ് പിസി തോമസ്‌ രംഗത്ത്.

മുഖ്യമന്ത്രി കുഴിച്ച കുഴിയിൽ സിപിഎം വീണതാണോ  എന്ന് കേരള ജനത ന്യായമായും സംശയിക്കുന്നുവെന്ന് പിസി തോമസ്‌ പറഞ്ഞു.
ഒരു വകുപ്പ് സെക്രട്ടറിയെ തന്റെ സ്വന്തം പ്രൈവറ്റ് സെക്രട്ടറി കൂടി ആക്കി മാറ്റിയ 
മുഖ്യമന്ത്രി അദ്ദേഹത്തെ ഉപയോഗിച്ചത്  വലിയ അഴിമതി നടത്തുന്നതിനു വേണ്ടി ആയിരുന്നു എന്ന് പിസി തോമസ്‌ ആരോപിച്ചു.
അഴിമതി മാത്രമല്ല സ്വർണ കള്ളക്കടത്ത്  കൂടിയായപ്പോൾ പാർട്ടിയും വല്ലാത്ത വെട്ടിലായി.
വൈകിയാണെങ്കിലും  ഇതൊക്കെ പാർട്ടിയുടെ 'സൽപ്പേരിന് ' പ്രശ്നമുണ്ടാക്കുന്നു എന്ന് പാർട്ടി കണ്ടെത്തിയിരിക്കുന്നുവെന്ന് അദ്ധേഹം പരിഹസിച്ചു.
പ്രതിപക്ഷ കക്ഷികൾ പറഞ്ഞപ്പോൾ ഒക്കെ  'ധിക്കാരം' അല്ലാതെ ഒന്നും മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടായില്ല. 
സഖ്യകക്ഷിയായ സിപിഐ പറഞ്ഞപ്പോൾ  65 ൽ വെറും മൂന്ന്  സീറ്റ് അല്ലേ ആ പാർട്ടിക്കു കിട്ടിയുള്ളൂ എന്ന മട്ടിൽ 
സിപിഐ യെ ആക്ഷേപിക്കുകയാണുണ്ടായത് എന്നും പി സി തോമസ്‌ ചൂണ്ടികാട്ടി.

Also Read:സ്വര്‍ണ്ണക്കടത്ത് കേസ്;ഫൈസല്‍ ഫരീദിന്‍റെ തൃശ്ശൂര്‍ കയ്‌പമംഗലത്തെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്!

എന്നാൽ ഇപ്പോൾ  പ്രതിപക്ഷം പറഞ്ഞത് ഓരോന്നും അംഗീകരിക്കേണ്ടി വന്നിരിക്കുകയാണ്. 
'മാറ്റി നിർത്തിയ' ശിവശങ്കരനെ സസ്പെൻഡ് ചെയ്യാൻ തന്നെ തയ്യാറായി എന്നും പിസി തോമസ്‌ പറഞ്ഞു. 
പാർട്ടി ഇതെല്ലാം ഇപ്പോൾ അംഗീകരിച്ചിരിക്കുകയാണ്. വീണ കുഴിയിൽ നിന്ന് എങ്ങനെയും രക്ഷപെടാനുള്ള ഒരു തന്ത്രം. 
ഇന്നലെവരെ ടെലിവിഷൻ ചർച്ചകളിൽ പറഞ്ഞത് മുഴുവൻ സിപിഎം വക്താക്കൾക്കു ഇനി തിരിച്ചു പറയേണ്ടിവരും. 
പലതും 'സമ്മതിക്കാതെ' സമ്മതിക്കേണ്ടിവരുമെന്നും കേരളാ കോണ്‍ഗ്രസ്‌ ചെയര്‍മാനും എന്‍ഡിഎ കേന്ദ്രസമിതിയംഗവുമായ പിസി തോമസ്‌ പറഞ്ഞു.

Trending News