സംസ്ഥാനത്ത് കനത്ത മഴ, 4 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അടുത്ത 4 ദിവസം കൂടി കേരളത്തില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

Last Updated : Oct 22, 2019, 10:59 AM IST
സംസ്ഥാനത്ത് കനത്ത മഴ, 4 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അടുത്ത 4 ദിവസം കൂടി കേരളത്തില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

ശക്തമായ മഴ തുടരുമെന്നതിനാല്‍ അടുത്ത രണ്ട് ദിവസം സംസ്ഥാനത്ത് അതീവജാഗ്രതാ നിര്‍ദേശമുണ്ട്. അതിന് ശേഷമുള്ള രണ്ട് ദിവസവും ശക്തമായ മഴ തുടരു൦. ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്.

അറബിക്കടലിലെ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതാണ് കനത്ത മഴയ്ക്ക് കാരണം. അടുത്ത 36 മണിക്കൂറില്‍ ഇത് തീവ്രന്യൂനമര്‍ദ്ദമായി മാറിയേക്കും. രണ്ട് ദിവസത്തിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊള്ളുന്ന ന്യൂനമര്‍ദ്ദവും മഴ കനക്കാന്‍ കാരണമാകുംമെന്നാണ് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. 

മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെതുടര്‍ന്ന് തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ എല്ലാ വിദ്യഭ്യാസസ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രൊഫഷണല്‍ കോളേജുകളുള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് അതാത് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

ആലപ്പുഴ ജില്ലയിലെ അംഗനവാടികളില്‍ അധ്യയനം നടക്കില്ലെങ്കിലും അംഗനവാടികള്‍ പതിവ് പോലെ തുറന്ന് പോഷകാഹാരവിതരണം നടത്തണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.

കനത്ത മഴയെത്തുടര്‍ന്ന്‍ നിരവധി സ്ഥലങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 20 ദുരിതാശ്വാസ ക്യാമ്പുകളിലായി 30506 പേരാണുള്ളത് എന്നാണ് റിപ്പോര്‍ട്ട്.

മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ മൂന്ന് ദിവസത്തേക്ക് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

 

Trending News