ഓണാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ട് ഗംഭീര ഘോഷയാത്ര ഇന്ന്

തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ഉച്ചക്ക് 12 മണിക്ക് ശേഷം അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷണന്‍ അറിയിച്ചു.    

Last Updated : Sep 16, 2019, 08:05 AM IST
ഓണാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ട് ഗംഭീര ഘോഷയാത്ര ഇന്ന്

തിരുവനന്തപുരം: ഓണം വാരഘോഷത്തിന് സമാപനം കുറിച്ചുകൊണ്ട് തിരുവനന്തപുരം നഗരത്തില്‍ ഗംഭീര ഘോഷയാത്ര ഇന്ന് നടക്കും.  

ഇതിന്‍റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ഉച്ചക്ക് 12 മണിക്ക് ശേഷം അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷണന്‍ അറിയിച്ചു.

നൂറോളം കലാരൂപങ്ങളാണ് സാംസ്‌കാരിക ഘോഷയാത്രയില്‍ ആണിനിരക്കുന്നത്. വൈകിട്ട് അഞ്ചിന് വെള്ളയമ്പലത്തില്‍ നിന്നാണ് ഘോഷയാത്ര തുടങ്ങുന്നത്.  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍ ഘോഷയാത്ര ഫ്ലാഗ് ഓഫ്‌ ചെയ്യും.

രാജസ്ഥാനിൽ നിന്നുള്ള ചക്രി നൃത്തം, മണിപ്പൂരിൽനിന്നുള്ള ലായിഹരൗബ നൃത്തം, പഞ്ചാബിന്‍റെ ബംഗ്ര നൃത്തം, മഴദേവതയെ സ്തുതിക്കുന്നതിന് അവതരിപ്പിക്കുന്ന തമിഴ് നൃത്തം കരഗം, കർണാടകയിലെ ഡോൽ കുനിത നൃത്തം, മധ്യപ്രദേശിലെ ബദായ്, ജമ്മു കശ്മീരിലെ റൗഫ് നൃത്തം, ഗുജറാത്തിലെ റത്വ നൃത്തം, തെലങ്കാനയുടെ ലംബാഡി, ആന്ധ്രാപ്രദേശിന്‍റെ തപ്പാട്ട് ഗുലു നൃത്തം എന്നിവയാണ് കേരളീയ കലാരൂപങ്ങൾക്കൊപ്പം തിരുവനന്തപുരം നഗരത്തിൽ കലാവിരുന്നൊരുക്കാൻ എത്തുന്നത്.

ഇതിനൊപ്പം കേരളത്തിന്‍റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന വൈവിധ്യമാർന്ന കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും അശ്വാരൂഢ സേനയും വിവിധ സേനാ വിഭാഗങ്ങളുടെ ബാൻഡും ഘോഷയാത്രയെ വർണാഭമാക്കും.

യൂണിവേഴ്‌സിറ്റി കോളജിനു മുന്നിൽ സജ്ജമാക്കുന്ന പവലിയനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി പ്രഹ്‌ളാദ് സിംഗ് പട്ടേൽ, മന്ത്രിമാർ, മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള ടൂറിസം മന്ത്രിമാർ, വിശിഷ്ടാതിഥികൾ എന്നിവർ ഘോഷയാത്ര വീക്ഷിക്കും.

വിശിഷ്ടാതിഥികൾക്കു മുന്നിൽ എട്ടോളം തെയ്യം കലാരൂപങ്ങൾ അവതരിപ്പിക്കും. വൈകിട്ട് ഏഴിന് നിശാഗന്ധിയിൽ നടക്കുന്ന സമാപന സമ്മേളനം ഗവർണർ ഉദ്ഘാടനം ചെയ്യും. ഘോഷയാത്രയിലെ വിജയികൾക്കുള്ള സമ്മാനവും ചടങ്ങില്‍ വിതരണം ചെയ്യും. 

നഗരത്തില്‍ കനത്ത സുരക്ഷയാണ് ഓണം ഘോഷയാത്രയോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്. പ്രധാന വേദിയായ കനകക്കുന്നില്‍ നാര്‍ക്കോട്ടിക്സ് സെല്‍ ഡിവൈഎസ്പി ഷീന്‍ തറയിലിന്‍റെ നേതൃത്വത്തില്‍ നൂറോളം പൊലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷയൊരുക്കും. 

ഇവര്‍ക്കു പുറമേ മൂന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, ഷാഡോ പൊലീസ് സംഘം, 15 സ്‌ട്രൈക്കര്‍മാര്‍, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കായി പിങ്ക് പട്രോള്‍, വനിതാ ബറ്റാലിയന്‍ ഉദ്യോഗസ്ഥര്‍ എന്നിവരും കനകക്കുന്ന് പരിസരത്ത് സുരക്ഷാ വലയം തീര്‍ക്കും.

കനകക്കുന്നിലും പരിസരത്തുമായി 30 ഓളം ക്യാമറകളും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. നിരീക്ഷണത്തിനായി പ്രത്യേക കണ്‍ട്രോള്‍ റൂമും സജ്ജീകരിച്ചിട്ടുണ്ട്. 

Trending News