പത്തനംതിട്ട: അതിശക്തമായ മഴയെ തുടര്‍ന്ന്‍ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പത്തനംതിട്ട ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി പെയ്ത മഴയില്‍ പത്തടി വെള്ളമാണ് പമ്പാ നദിയിൽ ഉയര്‍ന്നത്. മണിമലയാറ്റിലും, അച്ചൻകോവിലാറ്റിലും ജലനിരപ്പ് അപകടകരമായ വിധത്തിൽ ഉയർന്നിട്ടുണ്ട്.
ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയരുന്നതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം മഹാപ്രളയത്തിൽ ഏറ്റവും അധികം നാശനഷ്ടം ഉണ്ടായത് പത്തനംതിട്ട ജില്ലയിലായിരുന്നു. നദികൾ കരകവിഞ്ഞൊഴുകി ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായിരുന്നു.
ഇന്നലെ രാത്രി തുടങ്ങിയ ശക്തമായ മഴ ഇപ്പോഴും പ്രദേശത്ത് തുടരുന്നുണ്ട്. പത്തനംതിട്ടയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെല്ലാം ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടതിനാൽ തെക്കൻ ജില്ലകളിൽ പരക്കെ ശക്തമായ മഴപെയ്യുകയാണ്.