കൊച്ചി: ബാലാവകാശ കമ്മീഷന് നിയമനത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കെതിരായ കോടതി പരാമര്‍ശം ഹൈക്കോടതി നീക്കി. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ഡിവിഷന് ബെഞ്ചാണ് മന്ത്രിക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചത്. കേസില്‍ മന്ത്രി കക്ഷിയല്ലെന്ന് നിരീക്ഷിച്ച കോടതി മന്ത്രിയെ കേള്‍ക്കാതെയാണ് പരാമര്‍ശങ്ങള്‍ നടത്തിയതെന്നും നിരീക്ഷിച്ചു.
വയനാട് ബാലാവകാശ കമ്മിഷന് അംഗം ടി.ബി സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിക്കെതിരേ കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന് ബെഞ്ചിനെ സമീപിക്കുകയായിരുന്നു. ബാലാവകാശ കമ്മിഷന് അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി കെ.കെ ശൈലജയ്ക്കെതിരേ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കാന്‍ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഇന്നലെ പരിഗണിച്ചപ്പോള്‍ പരാമര്‍ശങ്ങള്‍ നീക്കാന്‍ സാധിക്കില്ലെന്ന നിലപാടായിരുന്നു ഡിവിഷന് ബെഞ്ച് സ്വീകരിച്ചിരുന്നത്.
എന്നാല്‍, മന്ത്രിയുടെ ഭാഗം കേള്‍ക്കാതെ ഏകപക്ഷീയമായി ഉണ്ടായ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശം നീക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ ഇന്നു വാദിച്ചത്. സിംഗിള്‍ ബെഞ്ച് മൂന്നിടത്താണ് മന്ത്രിക്കെതിരേ പ്രസ്താവന നടത്തിയത്. ഈ നിയമനവുമായി ബന്ധപ്പെട്ടുള്ള മന്ത്രിയുടെ നീക്കങ്ങള്‍ സദുദ്ദേശത്തോടെയല്ല എന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം. ഈ പരാമര്‍ശങ്ങള്‍ നീക്കാമെന്നാണ് ഇന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കിയത്. മാത്രമല്ല, കോടതി നടത്തിയ പരാമര്‍ശങ്ങള്‍ കോടതിയുടെ ഉത്തരവെന്ന നിലയില്‍ മാധ്യമങ്ങള്‍ വ്യാഖ്യാനിച്ച് വാര്‍ത്തകള്‍ നല്‍കിയതില്‍ കോടതി അതൃപ്തി അറിയിക്കുകയും ചെയ്തു. ഇക്കാര്യം അഡ്വക്കേറ്റ് ജനറല്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ഡിവിഷന് ബെഞ്ച് അതൃപ്തി അറിയിച്ചത്.
ബാലാവകാശ കമ്മീഷനില്‍ സര്‍ക്കാരിന് താല്പര്യമുള്ളവരെ നിയമിക്കാന്‍ വിജ്ഞാപനത്തിന്റെ തീയതി നീട്ടി വീണ്ടും അപേക്ഷ ക്ഷണിച്ചുവെന്നും നിയമനം റദ്ദുചെയ്യണമെന്നും ആവശ്യപ്പെട്ട് കോട്ടയം സ്വദേശിനി ഡോ. ജാസ്മിന് അലക്സാണ് കോടതിയെ സമീപിച്ചത്. നവംബര്‍ 30 ആയിരുന്നു അപേക്ഷിക്കാനുള്ള അവസാനതീയതി. എന്നാല്‍ 2017 ജനുവരി 10ന് മന്ത്രി കെ.കെ. ശൈലജയുടെ നിര്‍ദേശപ്രകാരം തീയതിനീട്ടി വീണ്ടും വിജ്ഞാപനം ഇറക്കിയതായും ഹര്‍ജിയില്‍ പറയുന്നു. 2017 ജനുവരി 12 വരെയാണ് അപേക്ഷിക്കാന്‍ തീയതി നീട്ടിനല്‍കിയത്.
കോടതി പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ ബഹളമുണ്ടാക്കുകയും അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ സഭാ കവാടത്തില്‍ നിരാഹാരസമരം ആരംഭിക്കുകയും ചെയ്തിരുന്നു.