കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിന്‍റെ ആവശ്യം ശക്തമാക്കി എ ഗ്രൂപ്പ്

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് എ ഗ്രൂപ്പ് രംഗത്തെത്തി. 

Last Updated : Jun 6, 2016, 09:47 AM IST
കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിന്‍റെ ആവശ്യം ശക്തമാക്കി എ ഗ്രൂപ്പ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് എ ഗ്രൂപ്പ് രംഗത്തെത്തി. കഴിഞ്ഞ രണ്ട് ദിവസമായി തിരുവനന്തപുരത്ത് നടന്ന കെപിസിസി ക്യാമ്പ് എക്‌സിക്യൂട്ടിവില്‍ ഉടനീളം കോണ്‍ഗ്രസിന്‍റെ കനത്ത തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്വം  വിഎം സുധീരനാണെന്നും അതുകൊണ്ട് സ്ഥാനമൊഴിയണമെന്ന വികാരമാണ് എ ഗ്രൂപ്പ് നേതാക്കള്‍ പങ്കുവെച്ചത്. 

കെപിസിസി വൈസ് പ്രസിഡന്റ് എംഎം ഹസ്സന്‍, മുന്‍ മന്ത്രി കെ ബാബു, ബെന്നി ബെഹന്നാന്‍ എന്നിവരാണ് സുധീരനെതിരെ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചത്. കൂടാതെ ബി.ജെ.പിയുടെ മുന്നേറ്റത്തെ ഇനിയും പാര്‍ട്ടിയ്ക്ക് ലാഘവത്തോടെ കാണാന്‍ പാടില്ലെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. പാര്‍ട്ടി സംവിധാനം, പ്രത്യേകിച്ച് ബൂത്ത് മണ്ഡലം കമ്മിറ്റികള്‍ കൂടുതല്‍ സജീവമാക്കുന്നതിന് നടപടി വേണമെന്നും ഉന്നയിച്ചു. 

കെപിസിസി എക്‌സിക്യൂട്ടീവില്‍ പ്രസിഡന്റ് വിഎം സുധീരനെതിരെ വിമര്‍ശനവുമായി ഇന്നലെ കെ.ബാബു രംഗത്തെത്തിയിരുന്നു .ആദര്‍ശം പറഞ്ഞാല്‍ പാര്‍ട്ടിയുണ്ടാകില്ലെന്നും മദ്യനയംനടപ്പിലാക്കാന്‍ താന്‍ നിര്‍ബന്ധിതനായെന്നും,മദ്യ നയം  പ്രായോഗികമല്ലെന്നു തനിക്ക് മനസിലായിരുന്നെന്നും ബാബു പറഞ്ഞു. തന്നെ മദ്യലോബിയുടെ  ആളാക്കി  ചിത്രീകരിച്ചെന്നും ബാബു പറഞ്ഞു. 

ആവശ്യമായ തിരുത്തലുകൾ വരുത്തി പാർട്ടിയെ ശക്തിപ്പെടുത്തണമെന്നും കോൺഗ്രസ്​ പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും  വി.എം. സുധീരൻ അറിയിച്ചു. തോല്‍വിയില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തം ഉണ്ടെന്നും മദ്യനയത്തില്‍ പാര്‍ട്ടിയുടെ നിലപാടില്‍ പുനപരിശോധനയില്ലെന്നും സുധാരന്‍ വ്യക്തമാക്കി

Trending News