Idukki Kalyanathandu Hills: ഹിൽഗാർഡൻ ടൂറിസം പദ്ധതി രേഖ സമർപ്പിച്ചു; സഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങി കല്യാണത്തണ്ട്

കല്യാണത്തണ്ടിൽ ഹിൽഗാർഡൻ ടൂറിസം പദ്ധതിക്കുള്ള വിശദമായ പദ്ധതി രേഖ സമർപ്പിച്ചു.

Written by - Zee Malayalam News Desk | Last Updated : Jul 30, 2023, 02:00 PM IST
  • ഇടുക്കി കട്ടപ്പന നഗരസഭാ പരിധിയിലാണ് കല്യാണത്തണ്ട് മലനിരകളുള്ളത്.
  • 6.5 കോടി രൂപയുടേതാണ് ഈ ഹിൽഗാർഡൻ ടൂറിസം പദ്ധതി.
  • വിനോദസഞ്ചാരികളെ കട്ടപ്പനയിലേയ്ക്ക് ആകർഷിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
Idukki Kalyanathandu Hills: ഹിൽഗാർഡൻ ടൂറിസം പദ്ധതി രേഖ സമർപ്പിച്ചു; സഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങി കല്യാണത്തണ്ട്

ഒരു വശത്ത് പച്ച പുതച്ച് നിൽക്കുന്ന മലനിരകൾ, അതിനിടയിൽ നീലപ്പരവതാനി വിരിച്ച പോലെ ഇടുക്കി ജലാശയവും അവയിലെ പച്ചത്തുരുത്തുകളും, ഒപ്പം കോടമഞ്ഞും കുളിർക്കാറ്റും, മറുവശത്ത് കട്ടപ്പന നഗരത്തിന്റെ അതിവിശാലമായ കാഴ്ച.. ഇടുക്കിക്കാർക്ക് സുപരിചിതമായ കല്യാണത്തണ്ട് മലനിരകൾ തേടി മറ്റു നാടുകളിൽ നിന്നും കൂടുതൽ ആളുകൾ എത്തുന്നത് ഒരിക്കൽ ഇവിടെ വന്നുപോയവരുടെ വാക്കുകളിലൂടെ ഈ മനോഹാരിത അറിഞ്ഞാണ്.

വലിയ ടൂറിസം സാധ്യതകളുള്ള കട്ടപ്പന നഗരസഭാ പരിധിയിലെ കല്യാണത്തണ്ടിൽ ഹിൽഗാർഡൻ ടൂറിസം പദ്ധതിക്കുള്ള വിശദമായ പദ്ധതി രേഖ (ഡി.പി.ആർ) സമർപ്പിച്ചത് ജില്ലയിലെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തനുണർവ് പകർന്നിരിക്കുകയാണ്.

ALSO READ: അരിക്കൊമ്പന് തമിഴ്‌നാട്ടില്‍ പുതിയ കുടുംബം; കേരളത്തിലെത്താനുള്ള സാധ്യത തള്ളാതെ അധികൃതർ

*6.5 കോടി രൂപയുടെ പദ്ധതി

സംസ്ഥാനനിർമിതി കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് 6.5 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. വാച്ച് ടവർ, പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടർ, കഫറ്റേരിയ, ടോയ്ലറ്റ് സംവിധാനം, പാതകൾ, ഫെൻസിംഗ്, കുട്ടികൾക്ക് കളിക്കാനുള്ള ഉപകരണങ്ങളും ഇതര സംവിധാനങ്ങളും തുടങ്ങിയവ ഉൾപ്പെടുത്തിയാണ് ഡി.പി.ആർ തയ്യാറാക്കിയിരിക്കുന്നത്.

പദ്ധതിയുടെ പ്രാരംഭഘട്ടമായി നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാച്ച് ടവർ നിർമിക്കുന്നതിന് 30 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. റവന്യു ഭൂമി നഗരസഭയ്ക്ക് പാട്ടത്തിന് ലഭ്യമാക്കി പദ്ധതി നടപ്പാക്കാനുള്ള നടപടികളും ആരംഭിച്ചു. മൂന്നാർ, തേക്കടി തുടങ്ങിയ സ്ഥലങ്ങളിലെത്തുന്ന വിനോദസഞ്ചാരികളെ കട്ടപ്പനയിലേയ്ക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ ടൂറിസം ഭൂപടത്തിൽ കട്ടപ്പനയും ഇടംപിടിക്കും.

ലോകശ്രദ്ധ ആകർഷിക്കുന്ന പ്രകൃതിവിസ്മയങ്ങൾകൊണ്ട് സമ്പന്നമാണ് ഇടുക്കിയിലെ വിനോദ സഞ്ചാരമേഖല. ജില്ലയിലെ ചെറുതും വലുതുമായ വിനോദസഞ്ചാര കേന്ദ്രങ്ങളെ കൂട്ടിയിണക്കി ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുന്നതിനുള്ള നിരവധി പദ്ധതികളാണ് ജില്ലയിൽ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നത്. ഇടുക്കിയുടെ മനോഹാരിത തേടിയെത്തുന്ന സഞ്ചാരികളെ ഇരുകൈകളും നീട്ടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് കല്യാണത്തണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News