തൃശൂര്‍ : പൂരലഹരിയില്‍ ലയിച്ച് ശക്തന്റെ മണ്ണ്. മേളം കൊട്ടിക്കയറിയതോടെ ആ താളത്തില്‍ മതിമറന്ന് ഉല്ലസിക്കുകയാണ് പൂരപ്രേമികള്‍. ഇനിയുള്ള ഓരോ നിമിഷവും ആവേശത്തിന്റേതാണ്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ രംഗപ്രവേശത്തോടെ പൂരത്തിന്റെ മാറ്റ് വര്‍ദ്ധിച്ചു. മഠത്തില്‍ വരവ് പഞ്ചവാദ്യം കഴിഞ്ഞു. പിന്നാലെ കിഴക്കൂട്ട് അനിയന്‍മാരാര്‍ പ്രമാണിയായ ഇലഞ്ഞിത്തറമേളം നാലരയോടെ സമാപിച്ചു. തിരുവമ്പാടിയുടെ പാണ്ടിമേളത്തിനു ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ആണ് മുഖ്യന്‍.
മേളപ്രമാണി കോങ്ങാട് മധുവിന്റെ നേതൃത്വത്തിലായിരുന്നു മഠത്തില്‍വരവ് പഞ്ചവാദ്യം നടന്നത്. വൈകിട്ട് അഞ്ചു മണിയോടെ തെക്കോട്ടിറക്കം തുടങ്ങി. ശേഷം ഇരുവിഭാഗങ്ങളും മുഖാമുഖം നിന്ന് കുടമാറ്റം നടക്കും. കണ്ണിന് വര്‍ണ്ണപകിട്ടേകുന്ന വിവിധ വര്‍ണ്ണത്തിലുള്ള കുടകള്‍ മാനത്തേക്ക് ഉയര്‍ന്ന് താഴും. പാറമേക്കാവിലമ്മയുമായി ഗുരുവായൂര്‍ നന്ദനും തിരുവമ്പാടി ഭഗവതിയുമായി തിരുവമ്പാടി ചന്ദ്രശേഖരനുമാണ് എഴുന്നള്ളത്. ഇരു ഭഗവതിമാരും മുഖാമുഖം നോക്കി നില്‍ക്കും.
മേളത്തിന്റെ താളത്തില്‍ തിടമ്പേറ്റി നിലല്‍ക്കുന്ന ഗജവീരന്മാരെ കാണാനായി പൂരപ്രേമികള്‍ തടിച്ചു കൂടിയിരിക്കുകയാണ്. 15 കൊമ്പന്‍മാരാണ് ഇരുവശവും. ആനപ്പുറത്ത് കുടകള്‍ പലവിധം മാറിമറയും. ഇരുവശവും ഒന്നിനൊന്നു മികച്ച കുടകള്‍ നിവര്‍ത്തി ഞൊടിയിടയിലുള്ള കുടമാറ്റം കാണേണ്ട കാഴ്ച്ച തന്നെയാണ്. ഘടകക്ഷേത്രങ്ങളുടെ എഴുന്നള്ളിപ്പോടെയായിരുന്നു പൂരാഘോഷങ്ങളുടെ തുടക്കം. രാത്രി 10.30നു പാറമേക്കാവിന്റെ പഞ്ചവാദ്യത്തിനു ചോറ്റാനിക്കര നന്ദപ്പ മാരാര്‍ നേതൃത്വം നല്‍കും. തിങ്കള്‍ പുലര്‍ച്ചെ 3ന് വെടിക്കെട്ട് ആരംഭിക്കും. ആദ്യം തിരുവമ്പാടിയും ശേഷം പാറമേക്കാവും വെടിക്കെട്ടിന് തിരികൊളുത്തും.കൊവിഡ് നിയന്ത്രണങ്ങള്‍ ഇല്ലാതായതൊടെ വന്‍ ജനാവലിയാണ് ഇത്തവണ പൂരം കാണാന്‍ എത്തിയിരിക്കുന്നത്. നഗരത്തിനും ജനത്തിനും കാവലായി 4100 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...