രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കേരളമടക്കം 6 സംസ്ഥാനങ്ങളിലെ സ്ഥിതി ആശങ്ക ജനകമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, ഡൽഹി, ഉത്തർപ്രദേശ് എന്നിവയാണ് ആശങ്കാജനകമായ സ്ഥിതിയിൽ നിൽക്കുന്ന മറ്റ് സംസ്ഥാനങ്ങൾ. ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ആണ് നിലവിലെ കോവിഡ് സാഹചര്യത്തെക്കുറിച്ച് പറഞ്ഞത്.
കോവിഡ് വ്യാപനം രൂക്ഷമായ ഈ ആറ് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര ആരോഗ്യ സംഘങ്ങളെ അയച്ചിട്ടുണ്ടെന്നും സ്ഥിതിഗതികൾ തുടർച്ചയായി അവലോകനം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സജീവ കേസുകളുടെ എണ്ണത്തിൽ മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, കേരളം, പശ്ചിമ ബംഗാൾ, യുപി, ഗുജറാത്ത്, ഒഡീഷ, ഡൽഹി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളാണ് ആദ്യ 10 സ്ഥാനങ്ങളിൽ ഉള്ളതെന്നും ഭൂഷൺ അറിയിച്ചു.
ജനുവരി 20 വ്യാഴാഴ്ച 3,17,532 പുതിയ കേസുകളും 380 മരണങ്ങളുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 19,24,051 സജീവ കേസുകളും ഉണ്ട്. പൂർണ്ണമായി വാക്സിനേഷൻ എടുത്ത ആളുകളുടെ അനുപാതം 72% ആണ്. ഇതുവരെ, രാജ്യത്ത് 15-18 പ്രായത്തിലുള്ള 52% കുട്ടികൾ വാക്സിൻ എടുത്തിട്ടുണ്ട്.
Also Read: Covid-19 Kerala Update: കോവിഡ് 19 രോഗികളുടെ ആശുപത്രി ഡിസ്ചാര്‍ജ് പോളിസി പുതുക്കി
അതേസമയം കേരളത്തിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 46,387 കോവിഡ് കേസുകളാണ്. 32 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,388 പേര്‍ രോഗമുക്തി നേടി. 1,99,041 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...