തിരുവനന്തപുരം: കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ അക്രമിച്ച സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകുന്നതില്‍ പ്രതിഷേധം. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രത്യക്ഷ സമരത്തിലേക്ക്. മാര്‍ച്ച് പതിനേഴിന് സംസ്ഥാന വ്യാപകമായി മെഡിക്കല്‍ സമരം നടത്തുമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സുള്‍ഫി നൂഹു, സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അിറയിച്ചു.
മാർച്ച് പതിനേഴിന് രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെ ഡോക്ടർമാർ ചികിത്സയില്‍ നിന്നും മാറിനിന്നാണ് മെഡിക്കല്‍ സമരം നടത്തുക. അഞ്ച് ദിവസത്തില്‍ ഒന്ന് എന്ന കണക്കിലാണ് സംസ്ഥാനത്ത് നിലവില്‍ ആശുപത്രികളിൽ അക്രമങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ ഏതാണ്ട് ഇരുന്നൂറിലേറെ ആശുപത്രി അക്രമങ്ങള്‍ കേരളത്തില്‍ നടന്നിട്ടുണ്ടെന്ന് ഐഎംഎ ഭാരവാഹികൾ പറഞ്ഞു.
ആശുപത്രി സംരക്ഷണ നിയമം പരിഷ്‌കരിച്ച് പുതിയ രീതിയില്‍ കൊണ്ടുവരുവാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനത്തെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഈ കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട് ഫാത്തിമ ആശുപത്രിയില്‍ ഡോക്ടര്‍ക്കെതിരെ നടന്ന കൊലപാതകശ്രമം ഞെട്ടിപ്പിക്കുന്നതാണ്. പോലീസിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ആക്രമണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞിട്ടും എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല.
ആശുപത്രി അക്രമങ്ങള്‍ സംബന്ധിച്ച് കോടതികള്‍ നല്‍കിയ നിര്‍ദ്ദേശങ്ങളും സംസ്ഥാനത്ത് പാലിക്കപ്പെടാത്തതില്‍ ഡോക്ടര്‍മാര്‍ അടങ്ങുന്ന സമൂഹം ആശങ്കയിലാണ്. കേരളത്തില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാരുടെ അതീവ ഗുരുതരമായ ഉത്കണ്ഠയും ആകാംക്ഷയും ഉള്‍ക്കൊണ്ടുകൊണ്ട്, നിര്‍ഭയം ആത്മവിശ്വാസത്തോടെ ചികിത്സ നടത്തുവാനുള്ള അന്തരീക്ഷം ഉണ്ടാകണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. കോഴിക്കോട് സംഭവത്തിലെ എല്ലാ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുക എന്നുള്ളതാണ് ഡോക്ടര്‍മാര്‍ ഒന്നടങ്കം ആവശ്യപ്പെടുന്ന സുപ്രധാന ആവശ്യമെന്ന് ഐഎംഎ ഭാരവാഹികൾ പറഞ്ഞു.
ആശുപത്രികളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക. ആശുപത്രി ആക്രമണങ്ങളെക്കുറിച്ച് ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നെന്ന് ഉറപ്പാക്കുക. ഫാത്തിമ ആശുപത്രിയില്‍ ആക്രമണം നടന്നപ്പോള്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുക. പ്രതിഷേധ സമരം നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളും ഐഎംഎ മുന്നോട്ട് വയ്ക്കുന്നു.
രോഗികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുക എന്നുള്ളത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ലക്ഷ്യം അല്ലെങ്കില്‍ പോലും ഇത്തരം സമരങ്ങള്‍ ചെയ്യുവാന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിതമാകുന്നത് നിര്‍ഭാഗ്യകരമാണ്. മാര്‍ച്ച് പതിനേഴിലെ സമരപരിപാടികളില്‍ കേരളത്തിന്റെ പൊതുസമൂഹം സഹകരിക്കുകയും ആശുപത്രി ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിക്കുവാന്‍ തയ്യാറാവുകയും ചെയ്യണമെന്ന് ഐഎംഎ ഭാരവാഹികൾ അഭ്യർഥിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...