മുത്തലാഖ് വിവാദം: കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് ഐഎന്‍എല്‍ മാര്‍ച്ച്

വിഷയം വിവാദമായ ഇന്നലെ തന്നെ ഐഎന്‍എല്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.   

Last Updated : Dec 29, 2018, 12:42 PM IST
മുത്തലാഖ് വിവാദം: കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് ഐഎന്‍എല്‍ മാര്‍ച്ച്

മലപ്പുറം: മുത്തലാഖ് ബില്ലിൻമേലുള്ള ചർച്ചയിൽ നിന്ന് വിട്ടു നിന്ന കുഞ്ഞാലിക്കുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഐഎന്‍എല്‍ മാര്‍ച്ച്. കുഞ്ഞാലിക്കുട്ടിയുടെ മലപ്പുറം പാണക്കാട്ടെ വീട്ടിലേക്കാണ് ഐഎന്‍എല്‍ മാര്‍ച്ച് നടത്തിയത്. 

വീടിന് സമീപം മാർച്ച് പൊലീസ് തടഞ്ഞു. വിഷയം വിവാദമായ ഇന്നലെ തന്നെ ഐഎന്‍എല്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ജനസേവനമാണോ വ്യവസായ പ്രമുഖരെ സേവിക്കലാണോ പ്രധാനമെന്ന് വ്യക്തമാക്കണം എന്നായിരുന്നു ഐഎന്‍എല്ലിന്‍റെ ആവശ്യം. 

വിവാദത്തിന് പിന്നാലെ വിശദീകരണവുമായി കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയിരുന്നു. പാര്‍ട്ടിപരമായും വിദേശ യാത്രാപരമായും മറ്റും പല അത്യാവശ്യങ്ങളുള്ളതിനാല്‍ ആണ് താന്‍  പാര്‍ലമെന്റില്‍ ഹാജരാവാതിരുന്നത് എന്നായിരുന്നു അദ്ദേഹത്തിന്‍റ വിശദീകരണം. 

പെട്ടെന്ന് എടുത്ത തീരുമാനമായതിനാലാണ് എതിര്‍ത്ത് വോട്ട് ചെയ്യാന്‍ 11 പേര്‍ മാത്രം ഉണ്ടായത്. പൂര്‍ണമായ നിലക്കുള്ള വോട്ടെടുപ്പല്ല അവിടെ നടന്നതും. വസ്തുത ഇതായിരിക്കെ, കുപ്രചാരണമാണ് ചില കേന്ദ്രങ്ങള്‍ നടത്തുന്നതെന്നും പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു.

അതേസമയം മുത്തലാഖ് ചർച്ചയിൽ നിന്ന് വിട്ടുനിന്നതിൽ കാരണം വിശദമാക്കണമെന്ന് മുസ്ലിം ലീഗ് പികെ കുഞ്ഞാലിക്കുട്ടിയോട് ആവശ്യപ്പെട്ടു. വിശദീകരണം ആവശ്യപ്പെട്ടതായി മുസ്ലിം ലിഗ്‌ ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയർമാൻ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങൾ പറഞ്ഞു. 

അതേസമയം സംഭവത്തില്‍ പികെ കുഞ്ഞാലിക്കുട്ടിക്ക് പിന്തുണയുമായി ഇടി മുഹമ്മദ് ബഷീര്‍ രംഗത്തെത്തിയിരുന്നു.

Trending News