തിരുവനന്തപുരത്തും കണ്ണൂരിലും ഹോട്ടലുകളിൽ പരിശോധന; നന്ദൻകോട് ഇറാനിയിൽ പഴകിയ ഭക്ഷണം പിടികൂടി

സംസ്ഥാനത്തൊട്ടാകെയുള്ള ഹോട്ടലുകൾ കേന്ദ്രീകരിച്ചുള്ള ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ പരിശോധനകൾ തുടരുകയാണ്

Written by - Zee Malayalam News Desk | Last Updated : May 9, 2022, 12:08 PM IST
  • തിരുവനന്തപുരത്ത് മൂന്ന് ഹോട്ടലുകൾക്ക് നോട്ടീസ് നൽകി
  • നന്ദൻകോട് പൊട്ടക്കുഴി ഭാഗങ്ങളിലായിരുന്നു പരിശോധന
  • ഇറാനി ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി
തിരുവനന്തപുരത്തും കണ്ണൂരിലും ഹോട്ടലുകളിൽ പരിശോധന; നന്ദൻകോട് ഇറാനിയിൽ പഴകിയ ഭക്ഷണം പിടികൂടി

തിരുവനന്തപുരം/കണ്ണൂർ: സംസ്ഥാനത്തെ വിവിധ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പും നഗരസഭാ ആരോഗ്യ വിഭാഗവും പരിശോധന നടത്തി. തിരുവനന്തപുരത്ത് മൂന്ന് ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. നന്ദൻകോട് പൊട്ടക്കുഴി ഭാഗങ്ങളിലായിരുന്നു പരിശോധന. നന്ദൻകോട് ഇറാനി ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. കണ്ണൂരിലും ഭക്ഷ്യസുരക്ഷാവകുപ്പ് ഹോട്ടലുകളിൽ പരിശോധന നടത്തി. ക്രമക്കേടുകൾ വരുത്തിയ ഹോട്ടലുകൾക്ക് ഉദ്യോഗസ്ഥർ നോട്ടീസ് നൽകി. വിവിധയിടങ്ങളിൽ പരിശോധന പുരോഗമിക്കുന്നു.

സംസ്ഥാനത്തൊട്ടാകെയുള്ള ഹോട്ടലുകൾ കേന്ദ്രീകരിച്ചുള്ള ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ പരിശോധനകൾ തുടരുകയാണ്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി നടത്തുന്ന പരിശോധനയിൽ വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണങ്ങൾ പിടികൂടി. മെഡിക്കൽ സർട്ടിഫിക്കറ്റും ലൈസൻസും ഇല്ലാതെ പ്രവർത്തിക്കുന്ന റസ്റ്റോറൻ്റുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിനു പുറമേ ഇന്ന് നഗരസഭാ ആരോഗ്യവിഭാഗവും തിരുവനന്തപുരത്ത് പരിശോധന നടത്തുകയാണ്.

പട്ടം,പൊട്ടക്കുഴി, നന്ദൻകോട് പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധനകൾ. നന്ദൻകോട് ഇറാനിയിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി. കഴിഞ്ഞദിവസം കിള്ളിപ്പാലത്തെ സൂര്യ ഫാസ്റ്റ് ഫുഡ് എന്ന സ്ഥാപനം ലൈസൻസ് പുതുക്കാത്തതിനാൽ ഭക്ഷ്യസുരക്ഷാ വിഭാഗം അടച്ചുപൂട്ടിയിരുന്നു. കുറവൻകോണത്തെ ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടിയിരുന്നു. 

പലയിടങ്ങളിലും ഭക്ഷ്യ വസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന എണ്ണകൾ, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവയൊക്കെയും കേടായതാണെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ മാലിന്യ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. ഹോട്ടലുകൾക്ക് നോട്ടീസും നൽകിയിരുന്നു.

കണ്ണൂരിൽ ഇന്ന് രണ്ട് കടകൾക്ക് നോട്ടീസ് നൽകി. ഹോട്ടൽ സാഗർ, ബ്ലൂ നെയിൽ എന്നീ ഹോട്ടലുകൾക്ക് നോട്ടീസ് നൽകിയത്. പഴകിയ ഫ്രൈഡ് റൈസും, ചപ്പാത്തിയും പിടിച്ചെടുത്തു. വൻകിട ഹോട്ടലുകൾക്കു പുറമേ വഴിയോര കച്ചവട കേന്ദ്രങ്ങൾ, മാർജിൻഫ്രീ ഷോപ്പുകൾ, തട്ടുകടകൾ എന്നിവിടങ്ങളിലും വ്യാപകമായി പരിശോധന നടക്കുന്നുണ്ട്. 

കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച് പ്ലസ് വൺ വിദ്യാർഥിനി മരിച്ച സംഭവത്തിൽ ഷവർമ കടകൾ കേന്ദ്രീകരിച്ച് രാത്രിയിൽ പ്രത്യേക പരിശോധനകളും ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തിൽ ഊർജ്ജിതമായി നടക്കുന്നുണ്ട്. വരുംദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും ക്രമക്കേടുകൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
 

Trending News