കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർഥി ജെബി മേത്തറുമായി ആതിര ഇന്ദിര സുധാകരൻ നടത്തിയ അഭിമുഖം
ചോദ്യം: 42 വർഷത്തിന് ശേഷം കേരളത്തിൽ നിന്നും കോൺഗ്രസിൽ നിന്നും ഒരു വനിത രാജ്യസഭയിലേക്ക് എത്തുന്നു. കേരളത്തിൽ നിന്ന് പാർലമെന്റിൽ എത്തുന്ന ആദ്യ മുസ്ലീം വനിത..
കെഎസ്‌യുവിലൂടെ കോൺഗ്രസ് രാഷ്ട്രീയത്തിലിറങ്ങി. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറിയായി , മഹിളാ കോൺഗ്രസ് അധ്യക്ഷ, ആലുവ നഗരസഭ ഉപാധ്യക്ഷ അങ്ങനെ പദവികൾ ഏറെ വഹിച്ച ശേഷം ഇതാ രാജ്യസഭയിലേക്ക്ൽ പുതിയ ഉത്തരവാദിത്തം എങ്ങനെ കാണുന്നു?
ഉത്തരം:
വലിയൊരു അംഗീകാരമാണ് . പാർട്ടി ഏൽപിച്ച ചുമതലകളും ഉത്തരവാദിത്തങ്ങളും നിർവഹിച്ചത് വിലയിരുത്തിയ ശേഷമാണ് പുതിയൊരു അവസരം കൂടി നൽകിയത്. ഇതൊരു നിയോഗമാണ്.എന്നിലുള്ള വിശ്വാസത്തിന് ഞാൻ പാർട്ടിയോട് കടപ്പെട്ടിരിക്കുന്നു.
ചോദ്യം; കോൺഗ്രസിന്റെ വളർച്ചയ്ക്ക് ചില കുടുംബങ്ങൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഗാന്ധി കുടുംബത്തിന് എത്രമാത്രം പങ്കുണ്ടോ അത്രത്തോളം പ്രധാന്യം കേരളത്തിൽ മേത്തർ കുടുംബത്തിനും ഉണ്ട്. ?
ഉത്തരം: മേത്തർ കുടുംബത്തെ ഗാന്ധി കുടുംബവുമായി താരതമ്യപ്പെടുത്താൻ പോലും സാധിക്കില്ല. രാജ്യത്ത് കോൺഗ്രസ് പാർട്ടിയെ നയിച്ച ദിശാബോധം നൽകിയ കുടുംബമാണ് ഗാന്ധി കുടുംബം. മേത്തർ കുടുംബം കോൺഗ്രസിനെ സ്നേഹിക്കുന്ന ഒരുപാട് കുടുംബങ്ങളിൽ ഒന്ന് മാത്രം.
ചോദ്യം: കുടുംബ പശ്ചാത്തലം ജെബിയ്ക്ക് രാഷ്ട്രീയ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം എന്താണ്?
ഉത്തരം: ഞാൻ രാഷ്ട്രീയം കേട്ടാണ് വളർന്നത്. അത് എന്റെ രാഷ്ട്രീയജീവിതത്തിലെ പ്രധാന ഘടകമാണ്. പക്ഷേ ഞാൻ രാഷ്ട്രീയത്തിലിറങ്ങുമെന്ന് വീട്ടുകാർ പോലും വിചാരിച്ചിരുന്നില്ല. കെഎംഐ മേത്തറുടെ മകൾ, മുൻ കെപിസിസി പ്രസിഡന്റ് ടി ഒ ബാവയുടെ കൊച്ചുമകൾ എന്ന വില എല്ലാവർക്കും ഉണ്ടായിരുന്നു. പഠിക്കാനും വളരാനുമുള്ള നല്ല സാഹചര്യം എനിക്കുണ്ടായിരുന്നു. പഠനം കഴിഞ്ഞുനിൽക്കുമ്പോൾ മുന്നിൽ രണ്ട് വഴിയുണ്ടായിരുന്നു. ഒന്ന്, ഇതുവരെയുള്ള ജീവിത സാഹചര്യങ്ങളിൽ തുടരുക. രണ്ട്, ചുറ്റുപാടും ഉള്ളവർക്ക് എങ്ങനെ നമ്മൾ അനുഭവിക്കുന്ന ഗുണങ്ങൾ പങ്കുവച്ചു നൽകാം. ഞാൻ രണ്ടാമത്തെ വഴി തെരഞ്ഞെടുത്തു.
ചോദ്യം:
പുതിയൊരു അധ്യായത്തിന് തുടക്കം, ചരിത്രം കുറിച്ച് ജെബി ഈ ടൈറ്റിലുകൾക്ക് എന്തിനാണ് 42 വർഷങ്ങൾ കോൺഗ്രസിന് വേണ്ടിവന്നത്?
കോൺഗ്രസ് എല്ലായിപ്പോഴും സ്ത്രീകൾക്ക് പ്രാധാന്യം കൊടുത്തിട്ടുണ്ട്. കേരളത്തിൽ രമ്യ ഹരിദാസ് എംപി കോൺഗ്രസിന്റെ അഭിമാനമാണ്. അരിത ബാബുവിന് സീറ്റ് നൽകി. കൂടുതൽ അവസരം കൊടുക്കേണ്ടത് തന്നെയാണ്. ഇത്രയും മതിയെന്ന അഭിപ്രായം ഇല്ല. തദ്ദേശസ്ഥാപനങ്ങളിൽ ഞാൻ പോലും മത്സരിച്ചത് റിസർവേഷനിലാണ്. ചിലപ്പോൾ എനിക്കായി ചരിത്രം കുറിക്കാൻ കാത്തിരുന്നതാകാം.
ചോദ്യം: രാജ്യസഭാ സീറ്റിലേക്ക് പല പ്രമുഖരുടെയും പേരുകള്‍ ആദ്യം മുതല്‍ക്കെ ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്നിരുന്നു. അപ്പോഴും ജെബി മേത്തറുടെ പേര് ആദ്യ ഘട്ടത്തില്‍ ഉയര്‍ന്ന് കേട്ടിരുന്നില്ല.. സ്ഥാനാര്‍ത്ഥി പട്ടികയുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ഡല്‍ഹിയിലേക്ക് പോയപ്പോഴും ഈ പേര് പുറത്തുവന്നില്ല. അവസാന നിമിഷം അവിടെ എന്താണ് സംഭവിച്ചത്?
ഉത്തരം: ദാറ്റ് ഈസ് ദ ബ്യൂട്ടി ഓഫ് പൊളിറ്റിക്സ്. പൊളിറ്റിക്സിൽ എന്തും സംഭവിക്കാം. politics is the game of probabilieis, possibilties and impossibilities. സ്വപ്നത്തിൽ പോലും രാജ്യസഭാംഗം ആകുമെന്ന് കരുതിയതല്ല. സീനിയർ നേതാക്കൾ ഉള്ളപ്പോൾ ആ സ്ഥാനത്തേക്ക് എത്തുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. യുവ പ്രാതിനിധ്യം, ന്യൂനപക്ഷ പരിഗണന, വനിത അങ്ങനെ എല്ലാ ഘടകങ്ങളും ഒത്തുവരികയായിരുന്നു.
ചോദ്യം;
താങ്കൾക്ക് രാജ്യസഭാ സീറ്റ് ലഭിച്ചതിന് പിന്നീലെ സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ പരസ്യമായ എതിർപ്പുകൾ വന്നല്ലോ? പെയ്മെൻര് സീറ്റ്, ഒരാൾക്ക് ഇത്രയധികം പദവികൾ എന്തിന്? സ്ഥാനാർഥിത്വം ഒരു ചരിത്രമാണെങ്കിൽ ആ ചരിത്രത്തെ ഉൾക്കൊള്ളാൻ സ്വന്തം പാർട്ടിയിലുള്ളവർക്ക് കഴിയുന്നില്ലേ?
ഉത്തരം: അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. ഏതെങ്കിലും ഒരു പേര് എഴുതിക്കാണിച്ചാൽ പിന്നീടാരും മിണ്ടരുതെന്ന മറ്റുപാർട്ടികളുടെ നിലപാട് കോൺഗ്രസിൽ ഇല്ല. നല്ല അഭിപ്രായങ്ങൾ ആരും ഹൈലൈറ്റ് ചെയ്യാറില്ല. വിമശനങ്ങൾ എന്നെ ബാധിക്കുന്നതല്ല. എന്നെ പുകഴ്ത്തുന്നതോ താഴ്ത്തുന്നതോ ഒന്നും എനിക്കൊരു വിഷയമല്ല. ജെബി മേത്തർ അല്ല പ്രധാനം നാട്ടിലെ പ്രശ്നങ്ങളാണ്.
ചോദ്യം: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് ശ്രീമതി ലതിക സുഭാഷ് കലഹിച്ച് പുറത്തുപോയ സ്ഥാനത്തേക്കാണ് താങ്കൾ പിന്നീട് എത്തിയത്. മഹിളാ കോൺഗ്രസ് അധ്യക്ഷയായിരുന്ന ലതികയ്ക്ക് അങ്ങനെ ചെയ്യേണ്ടിവന്നത് എന്തുകൊണ്ടാണ്?
ഉത്തരം: നേതൃസ്ഥാനത്ത് ഇരിക്കുമ്പോൾ ബാലൻസ്‌ഡ് ആയിരിക്കണം. അന്നത്തെ സംഭവങ്ങൾ ഏറെ വേദനിപ്പിച്ചു. ആ സ്ഥാനം എനിക്ക് നൽകിയത് പാർട്ടി ഏൽപിച്ച ഉത്തരവാദിത്തമാണ്.
ചോദ്യം; വളർത്തിയത് ദ്രോഹിച്ചതും കോൺഗ്രസുകാർ ആണെന്ന് പത്മജ വേണുഗോപാൽ പറഞ്ഞിരുന്നു. ബിന്ദു കൃഷ്ണയ്ക്കും ലതിക സുഭാഷിനും കണ്ണീരണിയേണ്ട സാഹചര്യം എങ്ങനുണ്ടായി.?
ഉത്തരം: ബിന്ദുകൃഷ്ണയ്ക്ക് വേണ്ട പരിഗണന നൽകിയിട്ടുണ്ട്. പത്മജ വേണുഗോപാലിനും ഒരുപാട് അവസരങ്ങൾ നൽകിയിട്ടുണ്ട്. ചില വിഷമങ്ങൾ വരുമ്പോഴുണ്ടാകുന് പ്രതികരണങ്ങൾ ആകാം. കണ്ണീരിലായ സ്ഥിതി ഇവർക്ക് ഉണ്ടായി എന്ന് കരുതുന്നില്ല. പാർട്ടിയെ പ്രതിരോധത്തിലാക്കിയ ലതിക സുഭാഷിന്റെ നടപടി അംഗീകരിക്കാൻ സാധിക്കില്ല.
ചോദ്യം: പലരും കോൺഗ്രസ് വിടുമ്പോൾ താങ്കളെ പിടിച്ചു നിർത്തുന്നത് എന്താണ്?
ഉത്തരം: എനിക്ക് കോൺഗ്രസ് പാഷനാണ്. ഇന്ത്യയെ സ്നേഹിക്കുന്നവർക്ക് കോൺഗ്രസിനെയും സ്നേഹിക്കാതിരിക്കാനാകില്ല. ഒരു പദവിയും കിട്ടിയില്ലെങ്കിലും സാധാരൻ പ്രവർത്തകയായി നിൽക്കും.നേതൃത്വത്തിനെതിരായ വിമർശനങ്ങൾ വെറുതെയാണ്. ഭിന്നാഭിപ്രായങ്ങൾ വരുന്നത് അഭിപ്രായ സ്വാതന്ത്ര്യമുള്ളതുകൊണ്ട്. പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെആഞ്ഞടിച്ചിട്ടുള്ളത് രാഹുൽ ഗാന്ധിയാണ്. കർഷക ബില്ലിൽ രാഹുൽഗാന്ധിയുടെ ഇടപെടൽ വലുതാണ്. സത്യസന്ധമായി രാഷ്ട്രീയത്തിൽ നിൽക്കുന്ന ആളാണ് രാഹുൽ ഗാന്ധി.
ചോദ്യം: കുടുംബാധിപത്യ വിമർശനം താങ്കളും നേരിട്ടുകാണുമല്ലോ?
ഉത്തരം: ദയവു ചെയ്ത് ഗാന്ധി കുടുംബവുമായി താരതമ്യപ്പെടുത്തരുത്. ഞങ്ങളുടേത് കോൺഗ്രസിനെ സ്നേഹിക്കുന്ന സാധാരണ കുടുംബമാണ്.
ചോദ്യം: കേരളത്തിലെ മൂന്ന രാജ്യസഭാ സ്ഥാനാർഥികളിൽ ഏറ്റവും പണക്കാരി ജെബി ആണല്ലോ?
ഉത്തരം: അതെ. 2010 ലും 2015ലും 2020 ലും മത്സരിച്ചപ്പോളും ഈ കണക്കുകൾ എല്ലാം കൊടുത്തിരുന്നതാണ്. ആലുവ നഗരസഭയിലെ 22ആം വാർഡിൽ മത്സരിക്കുമ്പോൾ, മൂന്ന് തവണ മത്സരിക്കുമ്പോഴും ആർക്കും അതൊന്നും ഒരു പ്രശ്നമല്ലായിരുന്നു. ഇപ്പോഴും അതൊരു പ്രശ്നമാകേണ്ടതില്ല.
ചോദ്യം: രാഷ്ട്രീയം വിട്ടുള്ള ഇഷ്ടങ്ങൾ എന്താണ്?
ഉത്തരം: ഞാനൊരു അഭിഭാഷകയാണ്. എൽഎൽബി കഴിഞ്ഞു, എൽഎൽഎം കഴിഞ്ഞു. നളിനി ചിദംബരത്തിനൊപ്പം 3 വർഷം പ്രാക്ടീസ് ചെയ്തിരുന്നു, ചെന്നൈയിൽ. കെപി ദണ്ഡപാണി, സുമതി ദണ്ഡപാണി എന്നിവർക്കൊപ്പം എറണാകുളം ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തു. അഭിഭാഷക വൃത്തിയിൽ താൽപര്യമുണ്ട്.
ചോദ്യം സിനിമയിൽ ദിലീപുമായുള്ള സൗഹൃദം?
ഉത്തരം: ദിലീപുമായി സൗഹൃദം എന്ന് പറയാനാകില്ല. ദിലീപ് ഒരു ആലുവക്കാരനാണ്. ഞാൻ ഒരു ആലുവക്കാരിയാണ്. പൊതുപ്രവർത്തനമേഖലയിൽ കണ്ടുമുട്ടേണ്ടതായി വരാറുണ്ട്. എന്റെ വാർഡിലെ തന്നെ റസ്റ്റോറന്റ് ഉദ്ഘാടനത്തിന് വന്നിരുന്നു. പൊതുപ്രവർത്തനത്തിന്റെ ഭാഗമായുള്ള സംസാരങ്ങൾ ഉണ്ട് എന്നതിൽ കവിഞ്ഞൊന്നും ഇല്ല.
ചോദ്യം : ഡബ്ലു സി സി യെക്കുറിച്ച്?
ഉത്തരം: കുറച്ചുകൂടി ഗ്ലോറിഫൈഡ് രൂപമാണ് ഡബ്ലു സി സി . അത് അനിവാര്യവുമാണ്. അനീതി തോന്നിയതുകൊണ്ടാണല്ലോ അത്തരം മൂവ്‌മെന്റുകൾ ഉണ്ടാകുന്നത്.
ചോദ്യം: നടൻ വിനായകൻ സ്ത്രീത്വത്തെ അപമാനിച്ചുകൊണ്ടുള്ള പ്രസ്താവന നടത്തിയിരുന്നു. എന്താണ് തോന്നിയത്?
ഉത്തരം: ഒഴിവാക്കപ്പെടേണ്ടതായിരുന്നു. പബ്ലിക് ഫിഗർ എന്നും പറയുന്നവർ ഇത്രയും മോശമായ രീതിയിൽ സംസാരിക്കാൻ പാടില്ല. ഇത്തരം സംസാരങ്ങൾ ഒരു തരത്തിലും അംഗീകരിക്കില്ല. പബ്ലിസിറ്റിക്ക് വേണ്ടിയാണോ ഇതെന്നും സംശയമുണ്ട്.
ചോദ്യം; രാജ്യസഭയിലേക്ക് എത്തുമ്പോൾ കൈയിലുള്ള മാസ്റ്റർ പ്ലാൻ എന്താണ്?
ഉത്തരം: 12 വർഷം മുനിസിപ്പൽ കൗൺസിലറായിരുന്നു ഞാൻ. ജനങ്ങളുടെ പ്രശ്നങ്ങൾ വ്യക്തമായി അറിയാം. സ്ത്രീകൾ സുരക്ഷിതരല്ലാതാകുന്ന, അപമാനിക്കപ്പെടുന്ന കാലഘട്ടത്തിൽ വനിതകളുടെ പ്രതിനിധിയെന്ന നിലയിൽ അവരുടെ ശബ്ദമാകും. യുവാക്കളുടെ പ്രതിനിധിയെന്ന നിലയിൽ തൊഴിലില്ലായ്മ പരിഹരിക്കാൻ ഇടപെടും. ഭരണഘടനയുടെ സംരക്ഷണത്തിനുള്ള പോരാട്ടമാണ് ലക്ഷ്യം.
ചോദ്യം: രാഷ്ട്രീയത്തിലെ ജെബി മേത്തറിനെ എല്ലാവർക്കും അറിയാം. വ്യക്തിജീവിതത്തിൽ എങ്ങനെയാണ്?
ഉത്തരം: ഒരു സാധാരണക്കാരിയാണ് ഞാൻ. മസിലുപിടിച്ച ടൈപ്പ് ജെബി മേത്തറല്ല. സിനിമയും പാട്ടും ഒക്കെ ഇഷ്ടമാണ്. കുടുംബത്തിന്റെ പൂർണ പിന്തുണയുണ്ട് എല്ലാക്കാര്യത്തിലും. അമൃത ഇൻസ്റ്റിറ്റ്യൂട്ടിലെ കാർഡിയോളജിസ്റ്റാണ് ഭർത്താവ്. രണ്ട് പേരും തിരക്കുപിടിച്ചവരാണ്. ഭർത്താവിന്റെ കുടുംബത്തിന്റെ പിന്തുണ ഒരുപാടുണ്ട്. കുടുംബത്തിന്റെ സപ്പോർട്ട് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകയാകാൻ സഹായിച്ചു.
ചോദ്യം; രാഷ്ട്രീയത്തിലെ ഗുരു ആരാണ്?
ഉത്തരം: പി.ടി തോമസ്. ഉപദേശങ്ങൾ ചോദിക്കാതെ തന്നെ കൃത്യ സമയത്ത് നൽകിയിട്ടുണ്ട്. ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിച്ചിരുന്നു. എം ഒ ജോണും എടുത്തുപറയേണ്ട വ്യക്തിത്വമാണ്. രാഷ്ട്രീയത്തിൽ കൈപിടിച്ച് ഉയർത്തിയത് അദ്ദേഹമാണ്.
അഭിമുഖത്തിന്റെ പൂർണ രൂപം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.