കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ കന്യാസ്ത്രീ നല്കിയ പീഡന പരാതി മറച്ചുവെച്ചെന്നാരോപിച്ച് സീറോ മലബാര്‍ സഭ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെ പരാതിയുമായി വിശ്വാസികള്‍. വിശ്വാസികളുടെ സംഘടനയായ എ.എം.ടിയുടെ നേതൃത്വത്തില്‍ ജോണ്‍ ജേക്കബ് എന്നയാളാണ് കര്‍ദ്ദിനാളിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
ജലന്ധര്‍ ആര്‍ച്ച് ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് കന്യാസ്ത്രീ കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. പീഡന വിവരം അറിയിച്ചിട്ടും പൊലീസിനെ അറിയിക്കുകയോ തുടര്‍ നടപടികള്‍ കൈക്കൊള്ളുകയോ ചെയ്തില്ലെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.
പഞ്ചാബില്‍ സേവനമനുഷ്ടിക്കുന്ന ബിഷപ്പ് 2014ല്‍ കോട്ടയം കുറുവിലങ്ങാടുള്ള ഗസ്റ്റ് ഹൗസിലെത്തിയപ്പോഴാണ് പീഡിപ്പിച്ചത്. കുറവിലങ്ങാട്ടെ മഠത്തിലാണ് കന്യാസ്ത്രീ കഴിഞ്ഞിരുന്നത്. രണ്ടുവര്‍ഷത്തോളം ബിഷപ്പില്‍ നിന്ന് പീഡനം തുടര്‍ന്നുവെന്നും പരാതിയില്‍ ബോധിപ്പിക്കുന്നുണ്ട്. 13 തവണ ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കന്യാസ്ത്രീ വൈക്കം പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
അതേസമയം, കന്യാസ്ത്രീക്കെതിരെ ബിഷപ്പും പരാതി നല്‍കിയിട്ടുണ്ട്. നേരത്തെ ഇവര്‍ക്കെതിരെ സ്ഥലം മാറ്റം ഉള്‍പ്പടെയുള്ള അച്ചടക്ക നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇതിന്റെ വിരോധമാണ് പീഡനക്കേസെന്നും ബിഷപ്പ് നല്കിയ പരാതിയില്‍ പറയുന്നു.
ആദ്യം പരാതി നല്‍കിയത് ബിഷപ്പാണെന്നും നാല് വര്‍ഷം മുമ്പ് നടന്ന സംഭവമായതുകൊണ്ട് അന്വേഷണത്തിന് പരിമിതികളുണ്ടെന്നും പൊലീസ് പറഞ്ഞു. ഇരു വിഭാഗത്തിന്റെയും വാദം കേട്ടതിന് ശേഷം അന്വേഷണം ആരംഭിക്കുമെന്ന് കോട്ടയം എസ്പി ഹരിശങ്കര്‍ സൂചിപ്പിച്ചിട്ടുണ്ട്.