വടകരയിൽ പത്ത് വയസുകാരിക്ക് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിൽ ആദ്യമായി ആണ് ജപ്പാൻ ജ്വരം സ്ഥിരീകരിക്കുന്നത്. ഉത്തര പ്രദേശ് സ്വദേശിയായ പെൺകുട്ടിക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടിയെ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് മാതൃ- ശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രി അധികൃതർ അറിയിക്കുന്ന വിവരങ്ങൾ അനുസരിച്ച് കുട്ടിയുടെ ആരോഗ്യ നില നിലവിൽ തൃപ്തികരമാണ്. കുട്ടി ആഗ്ര സ്വദേശിനിയാണ്.
രണ്ട് ദിവസങ്ങളായി കുട്ടിയെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് കുട്ടിയെ നിലവിൽ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ട് വർഷങ്ങളായി കുട്ടിയും കുടുംബവും വടകരയിൽ താമസിച്ച് വരികെയാണ്. വടകരയിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വിദഗ്ദ്ധരുടെ സംഘം ഇന്ന്. ഡിസംബർ 10 ഉച്ചയോടെ പ്രദേശം സന്ദർശിക്കും.
ALSO READ: Measles Outbreak: അഞ്ചാംപനി ആഗോളഭീഷണിയായി മാറിയതായി ലോകാരോഗ്യ സംഘടന
ക്യൂലെക്സ് കൊതുക് വഴി പടർന്ന് പിടിക്കുന്ന രോഗമാണ് ജപ്പാൻ ജ്വരം. ജാപ്പനീസ് എൻസെഫാലിറ്റിസ്, ജപ്പാൻ ഫീവർ എന്നീ പേരുകളിലും ജപ്പാൻ ജ്വരം അറിയപ്പെടാറുണ്ട്. ഡെങ്കിപ്പനി, വെസ്റ്റ് നൈൽ എന്നീ രോഗങ്ങൾക്ക് കാരണമാകുന്ന വൈറസുകൾക്ക് സമാനമായ ജാപ്പനീസ് എൻസെഫലൈറ്റിസ് വൈറസാണ് ജപ്പാൻ ജ്വരത്തിന് കാരണമാകുന്നത്. ജാപ്പാനിലായിരുന്നു ആദ്യമായി ഈ രോഗബാധ സ്ഥിരീകരിച്ചത്. 1871 ലായിരുന്നു രോഗബാധ ആദ്യമായി സ്ഥിരീകരിച്ചത്. ജപ്പാനിൽ ആദ്യമായി കണ്ടെത്തിയത് കൊണ്ടാണ് ജപ്പാൻ ജ്വരം എന്ന പേര് വന്നത്.
1956 ലാണ് ഇന്ത്യയിൽ ആദ്യമായി ജപ്പാൻ ജ്വരം സ്ഥിരീകരിച്ചത്. രാജ്യത്ത് ഉത്തർപ്രദേശിലെ ഗൊണ്ട, ബസി എന്നീ ജില്ലകളിലാണ് ജപ്പാൻ ജ്വരം ഏറ്റവും കൂടുതൽ സ്ഥിരീകരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രോഗം പടർത്തുന്ന ക്യൂലെക്സ് കൊതുകുകൾ മലിനജലത്തിൽ മുട്ടയിട്ടു പെരുകുന്നവയാണ്. ശക്തമായ പനി, വിറയൽ, ക്ഷീണം, തലവേദന, ഓക്കാനം, ഓർമക്കുറവ്, മാനസിക വിഭ്രാന്തി എന്നിവയൊക്കെയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...