തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിലാദ്യമായി സർക്കാർ ജീവനക്കാരുടെ ശമ്പളം പോലും മുടങ്ങുന്ന ഗതികേടിലേക്ക് കേരളത്തെ നയിച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണി സർക്കാരിനും അഭിമാനിക്കാമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി.അടിമുടി പരാജയമായ ഒരു സർക്കാരും ആ സർക്കാരിന്റെ തെറ്റായ ധനകാര്യ മാനേജ്മെന്റുമാണ് ഇതിന് കാരണം.കൈയും കണക്കുമില്ലാതെ ഖജനാവിലെ പണം സർക്കാർ ധൂർത്തടിച്ചതിന്റെ പരിണിതഫലമാണ് ഒരു ജനത അനുഭവിക്കുന്നത്. അഞ്ചര ലക്ഷം വരുന്ന അധ്യാപകർക്കും ജീവനക്കാർക്കുമാണ് ശമ്പളം ലഭിക്കാത്തത്.
ശമ്പളം മാത്രമല്ല, സാമൂഹിക ക്ഷേമ പെൻഷനും പദ്ധതികളും ഉൾപ്പെടെ അവതാളത്തിലാണ്. വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുന്ന ജനത്തിന്റെ നടുവൊടിക്കും വിധം നികുതികൾ സർക്കാർ വർധിപ്പിച്ചു. ജനദ്രോഹ നടപടികളിൽ കേന്ദ്രവും സംസ്ഥാനവും ഒരേ നിലയിൽ പ്രതിക്കൂട്ടിലാണ്. സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങിയെങ്കിലും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ശമ്പളം മുടക്കം കൂടാതെ നൽകുകയും ചെയ്തു.അഴിമതിയും കെടുകാര്യസ്ഥതയും മാത്രം കൈമുതലാക്കി ഈ നിലയിലേക്ക് കേരളത്തെ തള്ളിയിട്ട സംസ്ഥാന സർക്കാരിനെതിരെ ജനങ്ങൾ തെരുവിലിറങ്ങുന്ന കാഴ്ച വിദൂരമല്ലെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.