തിരുവനന്തപുരം: കെ-റെയിൽ പദ്ധതിയുമായി (K-Rail project) ബന്ധപ്പെട്ട് പാരിസ്ഥിതിക ആഘാത പഠനം നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. സെന്റർ ഫോർ എൻവയോൺമെന്റ് ഡെവലപ്പ്മെന്റ് സ്റ്റഡീസ് പഠനം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ഭാഗമായി സമഗ്ര ആഘാത പഠനം നടത്തുമെന്നും പഠനത്തിനുള്ള ടെണ്ടർ നടപടി അവസാന ഘട്ടത്തിലാണെന്നും മുഖ്യമന്ത്രി (Chief Minister) പറഞ്ഞു.
പുനരധിവാസത്തിന് ഉൾപ്പെടെ 1383 ഹെക്ടർ ഭൂമി പദ്ധതിക്കായി വേണ്ടിവരും. 13362 കോടി സ്ഥലം ഏറ്റെടുക്കുന്നതിന് ചിലവാകും. ഏറ്റെടുക്കേണ്ടതിൽ 1198 ഹെക്ടർ സ്വകാര്യ ഭൂമിയാണ്. 9314 കെട്ടിടങ്ങൾ പൊളിച്ച് നീക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി സാമൂഹിക ആഘാത പഠനം നടത്തുമെന്നും പാടശേഖരങ്ങൾക്ക് മുകളിൽ 88 കിലോമീറ്റർ ആകാശപാത ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ പബ്ളിക്ക് ഹിയറിങ്ങ് നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ-റെയിൽ സിൽവർ ലൈൻ അശാത്രീയമാണെന്നാണ് യു ഡി എഫ് യോഗം വിലയിരുത്തിയിരുന്നു.
പാരിസ്ഥിതിക ആഘാതപഠനം പോലും നടത്താതെയാണ് ഭൂമി ഏറ്റെടുക്കാൻ നീക്കം നടക്കുന്നതെന്ന് യുഡിഎഫ് ആരോപിച്ചിരുന്നു. പദ്ധതി സുതാര്യമല്ലെന്നും ആനുപാതിക ഗുണം ലഭിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞിരുന്നു. പദ്ധതിക്കായുള്ള സ്ഥലമെടുപ്പ് നിയമം ലംഘിച്ചാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...