കുറ്റിപ്പുറം സംഭവം: മാധ്യമ പ്രവര്‍ത്തകര്‍ക്കതിരെ കെ സുരേന്ദ്രന്‍!

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്‍റെ പേരില്‍ കുടിവെള്ളം നിഷേധിച്ച സംഭവത്തില്‍ പ്രതികരണവുമായി കെ സുരേന്ദ്രന്‍. 

Last Updated : Feb 1, 2020, 12:56 AM IST
കുറ്റിപ്പുറം സംഭവം: മാധ്യമ പ്രവര്‍ത്തകര്‍ക്കതിരെ കെ സുരേന്ദ്രന്‍!

മലപ്പുറം: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്‍റെ പേരില്‍ കുടിവെള്ളം നിഷേധിച്ച സംഭവത്തില്‍ പ്രതികരണവുമായി കെ സുരേന്ദ്രന്‍. 

ദേശീയ പട്ടികജാതി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ അഡ്വ.എല്‍ മുരുകന്‍റെ കുറ്റിപ്പുറം സന്ദര്‍ശനത്തിന് പിന്നാലെയാണ് സുരേന്ദ്രന്‍റെ പ്രതികരണം. 

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചതിന്‍റെ പേരില്‍ കോളനിയിലെ 23 കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു.

കര്‍ണാടകയില്‍ നിന്നുള്ള ബിജെപി എംപി ശോഭാ കരന്ദലജെ സംഭവം ട്വീറ്റ് ചെയ്തതോടെ ഇത് ദേശീയ തലത്തില്‍ ചര്‍ച്ചയായി.

എംപിയ്ക്കെതിരെ കുറ്റിപ്പുറം പോലീസ് മതസ്പര്‍ദ്ധ വളര്‍ത്തുന്നതിനു ശ്രമം നടത്തിയെന്ന് ചൂണ്ടിക്കാട്ടി കേസെടുക്കുകയും ചെയ്തു. 

പോലീസിന്‍റെ ഈ നടപടിയ്ക്കെതിരെയും സുരേന്ദ്രന്‍ വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ സുരേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. 

കെ സുരേന്ദ്രന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ രൂപം: 

കുറ്റിപ്പുറം ചെറുകുന്ന് പറമ്പ് പട്ടിക ജാതി കോളനിയിൽ ദേശീയ പട്ടികജാതി കമ്മീഷന്റെ ശക്തമായ ഇടപെടൽ -

സി. എ. എ അനുകൂല പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ കോളനിയിലെ 23 കുടുംബങ്ങൾക്ക് കുടിവെള്ളം നിഷേധിച്ച സംഭവം ദേശീയതലത്തിൽ തന്നെ വലിയ വാർത്തയായിരുന്നു.

എന്നാൽ ഏഷ്യാനെറ്റ് ന്യൂസ് ഈ സംഭവം വ്യാജമാണെന്ന് തുടർച്ചയായി പ്രചരിപ്പിച്ചു. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച ഒരു പ്രത്യേകപരിപാടിയും അവർ സംപ്രേഷണം ചെയ്തിരുന്നു.

ദേശീയ പട്ടികജാതി കമ്മീഷൻ വൈസ് ചെയർമാൻ അഡ്വ. എൽ മുരുകൻ ഇന്ന് കോളനി സന്ദർശിച്ചു. അദ്ദേഹത്തോടൊപ്പം സബ് കളക്ടർ, തഹസിൽദാർ, ജില്ല പോലീസ് മേധാവി , പട്ടികജാതി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങി പഞ്ചായത്ത് ഭരണാധികാരികൾ വരെയുള്ള ഉത്തരവാദപ്പെട്ടവരെല്ലാം ഉണ്ടായിരുന്നു.

അവരെല്ലാവരും ചേർന്ന്ഇന്ന് കൈക്കൊണ്ട സുപ്രധാന തീരുമാനങ്ങൾ.

1. ഓരോ ദിവസവും 6000 ലിറ്റർ വെള്ളം ഗ്രാമപഞ്ചായത്ത് കോളനിയിൽ വിതരണം ചെയ്യും. 

2. മാർച്ച് 15ന് മുൻപ് കുടിവെള്ളം ലഭ്യമാക്കാൻ സ്ഥിരം പദ്ധതി നടപ്പാക്കും

3. കുടിവെളളം നിഷേധിച്ച്അപമാനിച്ചവർക്കെതിരെ പട്ടിക വിഭാഗപീഢന നിരോധന നിയമ പ്രകാരം കേസെടുക്കും 

4. 15 ദിവസത്തിനകം കോളനിയിലെ കുട്ടികൾക്കു വേണ്ടി അംഗനവാടി ആരംഭിക്കും.

5.കക്കൂസില്ലാത്ത വീടുകളിൽ ഉടൻ കക്കൂസ് നിർമ്മിക്കും.

കോളനിവാസികളും , പട്ടികജാതി മോർച്ചസംസ്ഥാന ഘടകവും നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കോളനി സന്ദർശിച്ചത്. ഏഷ്യാനെറ്റ് ന്യൂസിന് വിധേയത്വം പാവപ്പെട്ട പട്ടികജാതിക്കാരോടല്ലെന്നും കുടിവെള്ളത്തിൽ പോലും വിഷം കലക്കുന്ന തീവ്രവാദികളോടാണെന്നും അറിയാം. 

വ്യാജവാർത്തയായിരുന്നെങ്കിൽ സംസ്ഥാന സർക്കാരിനു കീഴിലുള്ള ഇത്രയും ഉദ്യോഗസ്ഥർ ഈ തീരുമാനം അംഗീകരിക്കുമായിരുന്നോ? കുടിവെള്ളം നിഷേധിച്ചവർക്കെതിരെ കേസ്സെടുക്കാൻ തീരുമാനമെടുക്കുമായിരുന്നോ? മോദിയോടും ബി. ജെ. പിയോടുമുള്ള വിരോധത്തിന്റെ പേരിൽ നീചവും നിന്ദ്യവുമായ മാധ്യമപ്രവർത്തനമാണ് നിങ്ങൾ നടത്തുന്നതെന്ന് പറയാതിരിക്കാനാവില്ല.

 

 

 

Trending News