തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ പ്രതികളുടെ (Accused) വീട്ടിൽ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡ് പൂർത്തിയായി. പ്രതികളുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ 29 അനധികൃത രേഖകൾ (Evidence) പിടിച്ചെടുത്തു. 29 വായ്പകളിൽ നിന്നായി 14.5 കോടി രൂപ വകമാറ്റിയതായും കണ്ടെത്തി.
ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്ത പ്രതികളെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികളുടെ മൊഴികൾ പ്രകാരമാണ് രേഖകൾ കണ്ടെടുത്തത്. ബിനാമി ഇടപാടുകളിലൂടെ പണം വകമാറ്റിയതായും കണ്ടെത്തി. ക്രൈംബ്രാഞ്ച് (Crime branch) രജിസ്റ്റർ ചെയ്ത കേസിലെ ആറ് പ്രതികളായ റെജി അനിൽകുമാർ, കിരൺ, ബിജു കരീം, എകെ ബിജോയ്, ടിആർ സുനിൽകുമാർ, സികെ ജിൽസ് എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്.
അതിനിടെ, കേസിൽ നാല് പ്രധാന പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. ഒളിവിൽ കഴിയുകയായിരുന്ന ബിജു കരീം, ബിജോയ്, സുനിൽ കുമാർ, ജിൽസ് എന്നിവരാണ് പിടിയിലായത്. ഇരിങ്ങാലക്കുടയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിവിധ സ്വകാര്യ കമ്പനികളിലേക്കും ക്രൈം ബ്രാഞ്ച് അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്. പെസോ ഇൻഫ്രാസ്ട്രക്ചേഴ്സ്, സിസിഎം ട്രഡേഴ്സ്, മൂന്നാർ ലക്സ് വേ ഹോട്ടൽസ്, തേക്കടി റിസോർട്ട് എന്നീ സ്ഥാപനങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടർന്നാണ് വിവിധ സ്ഥാപനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നത്.
ALSO READ: Karuvannur bank loan scam: അന്വേഷണം കൂടുതൽ നേതാക്കളിലേക്ക്; അടിയന്തര യോഗം വിളിച്ച് സിപിഎം
കേസിൽ മുഖ്യപ്രതികളുൾപ്പടെ മൂന്ന് പേർ സിപിഎം അംഗങ്ങളാണ്. ഇവരിൽ രണ്ട് പേർ പാർട്ടി ലോക്കൽ കമ്മിറ്റി (Local committee) അംഗങ്ങളാണ്. മാനേജർ ബിജു കരീം, സെക്രട്ടറി ടി.ആർ സുനിൽ കുമാർ, ചീഫ് അക്കൗണ്ടന്‍റ് സികെ ജിൽസ് എന്നീ പ്രതികൾ പാർട്ടി അംഗങ്ങളാണെന്നാണ് റിപ്പോർട്ട്. ബിജു കരീം സിപിഎം പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി അംഗവും ടി.ആർ സുനിൽ കുമാർ കരുവന്നൂർ ലോക്കൽ കമ്മിറ്റി അംഗവുമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...