തിരുവനന്തപുരം: പതിനാലാം കേരളനിയമസഭയുടെ ഏഴാം സമ്മേളനം ഇന്ന് തുടങ്ങും. നിയമനിർമാണത്തിന് മാത്രമായി ചേരുന്ന സമ്മേളനത്തിൽ പല വിവാദങ്ങളും സഭയെ പ്രക്ഷുബ്ദമാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കോവളത്തെ പ്രതിനിധാനം ചെയ്യുന്ന എം. വിന്‍സെന്റ് സ്ത്രീപീഡനക്കേസില്‍ റിമാന്‍ഡിലാണ്. ഇന്ന് തന്നെയാണ് വിന്‍സെന്റിന്റെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കുന്നത്. വിന്‍സെന്റിനെ കള്ളക്കേസില്‍ കുടുക്കിയെന്ന പ്രതിപക്ഷ ആരോപണം സഭയില്‍ ഉയരും.
ഇന്നു പ്രതിപക്ഷത്തിന്റെ പ്രദാന ആയുധം സി.പി.എമ്മും ബി.ജെ.പി. യും തമ്മിലുള്ള രാഷ്ട്രീയ സംഘട്ടനങ്ങൾ ദേശീയതലത്തിൽത്തന്നെ ചർച്ചയായത് എന്നതായിരിക്കും. അടുത്തിടെ തലസ്ഥാനത്ത് നടന്ന സംഘര്‍ഷങ്ങളും, അതിന്റെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയതിനെച്ചൊല്ലിയുള്ള വിവാദവും ഇപ്പോഴും സജീവമാണ്. മാത്രമല്ല,മാധ്യമപ്രവര്‍ത്തകരോട് ‘കടക്ക് പുറത്ത്’ എന്നാജ്ഞാപിച്ച മുഖ്യമന്ത്രിയുടെ നിലപാടും പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിന് വിധേയമാവും.
ജി.എസ്.ടി. നടപ്പാക്കിയിട്ടും വില കുറയാത്തതും കോവളം കൊട്ടാരത്തിന്റെ കൈമാറ്റവും മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിനെച്ചാല്ലി സി.പി.എമ്മും സി.പി.ഐ.യും തമ്മിലുള്ള തര്‍ക്കവുമെല്ലാം ചര്‍ച്ചയാവും. സ്വാശ്രയ മെഡിക്കല്‍ പ്രവേശനം, സഹകരണ ബാങ്കുകളുടെ ലയനം, ജി.എസ്.ടി. എന്നിവ സംബന്ധിച്ച നിര്‍ണായക ബില്ലുകളാണ് സഭയുടെ പരിഗണനയ്ക്ക് എത്തുന്നത്. അതിനാല്‍, സഭാനടപടികളില്‍ പ്രതിപക്ഷം പൂര്‍ണമായി സഹകരിച്ച് നിലപാട് വ്യക്തമാക്കാനാണ് സാധ്യത. 24നാണ് സമ്മേളനം അവസാനിക്കുന്നത്.