തിരുവനന്തപുരം: കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നതു തടഞ്ഞ കേന്ദ്രസർക്കാരിന്റെ വിജ്ഞാപനം ചർച്ച ചെയ്യുന്നതിനായി കേരള നിയമ സഭയുടെ പ്രത്യേക സമ്മേളനം ജൂൺ എട്ടിന് വിളിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വെള്ളിയാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
കശാപ്പ് നിയന്ത്രണം ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍, തിയതി സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരുന്നില്ല. കശാപ്പ് നിരോധനത്തെ എതിർക്കുന്ന സമീപനമാണ് യു.ഡി.എഫും എൽ.ഡി.എഫും കൈകൊള്ളുന്നത്.
കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തയിൽ വിൽക്കുന്നതാണു രാജ്യവ്യാപകമായി കേന്ദ്രസർക്കാർ നിരോധിച്ചത്. കൃഷി ആവശ്യങ്ങൾക്കുവേണ്ടി മാത്രമേ കാലിച്ചന്തകളിൽ കന്നുകാലികളെ വാങ്ങാനും വിൽക്കാനും പാടുള്ളൂ. വാങ്ങുന്ന കന്നുകാലികളെ ആറുമാസത്തിനുള്ളിൽ മറിച്ചുവിൽക്കാനും പറ്റില്ല. ഇതുസംബന്ധിച്ചു മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമം 2017 എന്ന പേരിൽ കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയം പുതിയ വിജ്ഞാപനം കഴിഞ്ഞ ചൊവ്വാഴ്ച പുറത്തിറക്കിയിരുന്നു.