തിരുവനന്തപുരം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. നിയമസഭയിൽ ചേർന്ന കാര്യോപദേശക സമിതി യോഗത്തിലാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കാൻ തീരുമാനമായത്. സഭ നാളെ പിരിയും. ഇനി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം സഭ വീണ്ടും ചേരും. സെപ്റ്റംബർ 11 മുതലാണ് സഭ വീണ്ടും ചേരാൻ തീരുമാനമായിരിക്കുന്നത്. തുടർന്ന് സെപ്റ്റംബർ 14ന് സഭ പിരിയും.
ഓഗസ്റ്റ് 24 വരെ സമ്മേളനം നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. തുടർന്ന് ഇന്നലെയാണ് (ഓഗസ്റ്റ് 8) പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തിൽ ഇന്നലെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്പീക്കറും സമ്മേളനം ചുരുക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്തിരുന്നു.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ ആണ് യുഡിഎഫ് സ്ഥാനാർത്ഥി. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ആണ് ഔദ്യോഗികമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ഇന്ന് മുതൽ പ്രചരണം ആരംഭിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് മൂന്ന് മണിക്കൂറിന് ശേഷമാണ് സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായത്. കെ പി സി സി പ്രസിഡൻ്റ് കെ സുധാകരനാണ് ഡൽഹിയിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. ഏറെ അപ്രതീക്ഷിതമായിട്ടാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 5ന് നടക്കുമെന്ന് ഉള്ള തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിപ്പ് ലഭിച്ചത്.
നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 17 നും, സൂക്ഷ്മ പരിശോധന 18 നും, നോമിനേഷൻ പിന്‍വലിക്കാനുള്ള അവസാന തീയതി 21നും ആണ്. വോട്ടെണ്ണൽ സെപ്റ്റംബർ എട്ടിന് നടക്കും. എൽ ഡി എഫിനെ സംബന്ധിച്ച് സ്ഥാനാർത്ഥി ആരാണന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. മുൻ സ്ഥാനാർത്ഥി സി പി എമ്മിന്റെ യുവ നേതാവ് ജെയ്ക് സി തോമസ്, റജി സഖറിയ എന്നിവരുടെ പേരുകളാണ് പരിഗണനയിൽ ഉള്ളത് എന്നറിയുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലേത് പോലെ എല്ലാവർക്കും സ്വീകാര്യനായ സ്വതന്ത്ര സ്ഥാനാർത്ഥിയെ പരിഗണിക്കുമോ എന്നും കണ്ടറിയണം.
ബിജെപിയും ഇതുവരെ സ്ഥാനാർത്ഥി നിർണയമൊന്നും നടത്തിയിട്ടില്ല. തിരഞ്ഞെടുപ്പിന് വെറും 27 ദിവസം മാത്രം അവശേഷിക്കേ വളരെ വേഗമുള്ള തീരുമാനങ്ങളാവും രാഷ്ട്രീയ പാർട്ടികളിൽ നിന്നുമുണ്ടാവുക. അതേസമയം പുതുപ്പള്ളിയിലെ സ്ഥാനാർത്ഥിത്വം വലിയ ഉത്തരവാദിത്വമെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു. പാർട്ടി ഏൽപിച്ച ഉത്തരവാദിത്വം നിറവേറ്റും. ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ നിലനിൽക്കുന്ന തെരഞ്ഞെടുപ്പാണ്. ഉമ്മൻചാണ്ടി ജീവിച്ചത് കോൺഗ്രസിന് വേണ്ടിയാണ്. പിതാവിൻ്റെ വഴിയേ തന്നെ വിജയിക്കുക എന്നത് തന്റെ കടമയെന്നും ചാണ്ടി ഉമ്മൻ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...