ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ പ്രഖ്യാപിക്കുന്നതിന് ദേശീയ നേതൃത്വം തയ്യാറെടുക്കുന്നു.
എത്രയും പെട്ടെന്ന് സംസ്ഥാന അദ്ധ്യക്ഷനെ പ്രഖ്യാപിച്ച് കൊണ്ട് സംസ്ഥാനത്ത് സംഘടനയെ സജീവമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞ് കിടക്കുകയാണെങ്കിലും പാർട്ടി ദേശീയ നേതൃത്യം പ്രഖ്യാപിച്ച ഗാന്ധി സങ്കല്പ യാത്ര എല്ലാ ജില്ലകളിലും പാർട്ടിക്ക് സംഘടിപ്പിക്കാൻ കഴിഞ്ഞു. ഒപ്പം തന്നെ വാളയാർ വിഷയത്തിൽ പാർട്ടി നിരവധി പ്രക്ഷോഭ പരിപാടികളും സംഘടിപ്പിച്ചു.
ബിജെപിയെ സംബന്ധിച്ചടുത്തോളം പുതിയ സംസ്ഥാന പ്രസിഡന്‍റ് അധികാര മേറ്റാലുടൻ ജില്ലാ അധ്യക്ഷൻമാരെയും സംസ്ഥാന ഭാരവാഹികളെയും വിവിധ മോർച്ചകളുടെ ദാരവാഹികളെയും പ്രഖ്യാപിക്കേണ്ടതുണ്ട്.
നിലവിൽ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശോഭാ സുരേന്ദ്രൻ ,എം ടി രമേശ് ,കെ സുരേന്ദ്രൻ എന്നിവരെയാണ് ദേശീയ നേതൃത്വം അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
അതേ സമയം ചില കേന്ദ്രങ്ങൾ സുരേഷ് ഗോപി എം പി ,ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കരി എന്നിവരുടെ പേരുകളും പ്രചരിപ്പിക്കുന്നുണ്ട്. ആർഎസ്എസിലെ ഒരു വിഭാഗം നേതാക്കൾ മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെ വീണ്ടും പ്രസിഡന്‍റാക്കണമെന്ന അഭിപ്രായക്കാരാണ്.
ആർഎസ്എസ് അഭിപ്രായം കൂടി കണക്കിലെടുത്താകും ദേശീയ നേതൃത്യം സംസ്ഥാന അദ്ധ്യക്ഷനെ പ്രഖ്യാപിക്കുക. അതേ സമയം ഒരു പുതുമുഖത്തെ സംസ്ഥാന അദ്ധ്യക്ഷനാക്കി കൊണ്ട് ഒരു പരീക്ഷണത്തിന് ബിജെപി ദേശീയ നേതൃത്യം തയ്യാറാകുന്നതിനുള്ള സാധ്യതകളെ പൂർണ്ണമായും തള്ളിക്കളയാനാകില്ല.
സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും സ്വീകാര്യനായ പാർട്ടിയെ ഒറ്റക്കെട്ടായി നയിക്കാൻ കഴിയുന്ന ഒരു നേതാവിന് കേരളത്തിൽ ബിജെപിയെ ഒരു വലിയ രാഷ്ട്രീയ ശക്തിയാക്കി മാറ്റാനാകുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ.
സംഘടനാ പരമായി പാർട്ടിയെ ശക്തി പെടുത്തുന്നതിനൊപ്പം ജനകീയ വിഷയങ്ങളിൽ ഇടപെടുകയും ചെയ്യുന്നയാളാകണം സംസ്ഥാന പ്രസിഡന്റ് എന്നാണ് ദേശീയ നേതൃത്വത്തിന്റെ അഭിപ്രായം .
അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിർണായക യോഗം കൊച്ചിയിൽ നടക്കും. കോർ കമ്മിറ്റി, സംസ്ഥാന ഭാരവാഹികള്‍ പങ്കെടുക്കുന്ന യോഗം ഈ മാസം എട്ടിനാണ് നടക്കുന്നത്.
പാർട്ടി സംഘടനാ തിരഞ്ഞെടുപ്പും അദ്ധ്യക്ഷ സ്ഥാനത്തേക്ക് ആരെന്നത് സംബന്ധിച്ച അവസാനവട്ട ചർച്ചകളുമാണ് പ്രധാന അജണ്ട. ഡിസംബർ മുപ്പതിന് ദേശീയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കേണ്ടതിനാൽ പത്തു ദിവസത്തിനകം സംസ്ഥാന അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാനാണ് സംസ്ഥാന ഘടകത്തിന്‍റെ തീരുമാനം.