കേരള ബജറ്റ് 2020: KIIFB യെ പ്രശംസിച്ച് ധനമന്ത്രി...

കിഫ്ബി സംസ്ഥാനത്തിന്‍റെ മുഖച്ഛായ തന്നെ മാറ്റിയെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ബജറ്റവതരണത്തിനിടെയാണ് കിഫ്ബി സംസ്ഥാനത്തിന്‍റെ വികസനത്തെ സ്വാധീനിച്ചതിനെ കുറിച്ച്‌ അദ്ദേഹം പരാമര്‍ശിച്ചത്.

Last Updated : Feb 7, 2020, 12:47 PM IST
  • കിഫ്ബി സംസ്ഥാനത്തിന്‍റെ മുഖച്ഛായ തന്നെ മാറ്റിയെന്ന് ധനമന്ത്രി തോമസ് ഐസക്ക്.
  • കിഫ്ബി വഴി 20, 000 കോടിയുടെ പദ്ധതികളാണ് ഈ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.
കേരള ബജറ്റ് 2020: KIIFB യെ പ്രശംസിച്ച് ധനമന്ത്രി...

തിരുവനന്തപുരം: കിഫ്ബി സംസ്ഥാനത്തിന്‍റെ മുഖച്ഛായ തന്നെ മാറ്റിയെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ബജറ്റവതരണത്തിനിടെയാണ് കിഫ്ബി സംസ്ഥാനത്തിന്‍റെ വികസനത്തെ സ്വാധീനിച്ചതിനെ കുറിച്ച്‌ അദ്ദേഹം പരാമര്‍ശിച്ചത്.

ഗള്‍ഫ് പ്രതിസന്ധിയും നാണ്യവിള തകര്‍ച്ചയും മൂലം മാന്ദ്യം കേരളത്തില്‍ സൃഷ്ടിക്കാവുന്ന വെല്ലുവിളികളും ഗൗരവമായ സ്ഥിതിയും മുന്‍കൂട്ടി കണ്ടുകൊണ്ടാണ് 2016-17 ബജറ്റില്‍ മാന്ദ്യ വിരുദ്ധ പാക്കേജ് പ്രഖ്യാപിച്ചതെന്ന് അദ്ദേഹം ബജറ്റവതരണത്തില്‍ പറഞ്ഞു.

അതേസമയം, മാന്ദ്യകാലത്ത് കേന്ദ്ര സര്‍ക്കാര്‍ നോട്ടുനിരോധനം പോലുള്ള ഭ്രാന്തന്‍ നടപടികളാണ് കൈക്കൊണ്ടതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാരിന്‍റെ ഈ നയത്തിന്‍റെ പശ്ചാത്തലത്തിലാണ് ബജറ്റിന് പുറത്ത് കിഫ്ബി വഴി 50,000 കോടി രൂപ വായ്പയെടുത്ത് കേരളത്തില്‍ മുതല്‍ മുടക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബി വഴി 20, 000 കോടിയുടെ പദ്ധതികളാണ് ഈ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. കിഫ്ബി വഴി 20 ഫ്ലൈ ഓവര്‍ നിര്‍മിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. കിഫ്ബി ആകെ അടങ്കല്‍ 54678 കോടി രൂപയാണ്. 13618 കോടിയുടെ പദ്ധതികള്‍ക്ക് ടെന്‍ഡര്‍ നല്‍കിക്കഴിഞ്ഞു. 675 പദ്ധതികളിലായി 35028 കോടി രൂപയുടെ പ്രൊജക്ടുകള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായ പാര്‍ക്കുകള്‍ക്ക് ഭൂമി എടുത്തുനല്‍കുന്നതിന് പ്രത്യേക 15 ലാന്‍ഡ് അക്വസിഷന്‍ യൂണിറ്റുകള്‍ കിഫ്ബിക്കുവേണ്ടി ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതുതായി വ്യവസായ പാര്‍ക്കുകള്‍ക്ക് സ്ഥലമേറ്റെടുക്കുന്നതിനായി 14,275 കോടി രൂപയുടെയും ദേശീയ പാതയ്ക്ക് സ്ഥലമേറ്റെടുക്കുന്നതിന് 5324 കോടി രൂപയുടെയും പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു .

പിണറായി സര്‍ക്കാരിന്‍റെ അഞ്ചാമത്തെ ബജറ്റ് സംസ്ഥാന ധനകാര്യ മന്ത്രി തോമസ്‌ ഐസക്ക് അവതരിപ്പിക്കുകയാണ്.

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് അദേഹം തൊടുത്തിരിക്കുന്നത്‌. ഇന്ത്യന്‍ സമ്പദ്ഘടന തകര്‍ച്ചയില്‍ നിന്നും തകര്‍ച്ചയിലേയ്ക്ക് നീങ്ങുകയാണ് എന്ന് തോമസ്‌ ഐസക്ക് ആരോപിച്ചു.

കേരളത്തോടുള്ള അവഗണന തുടരുന്നതായി ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിനുള്ള വായ്പ പരിധി കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. കൂടാതെ, കേരളത്തിന്‌ പ്രളയ ദുരിതാശ്വാസം നല്‍കുന്നതില്‍ കേന്ദ്രം വിമുഖത കാട്ടി. GST നഷ്ടപരിഹാരം കേന്ദ്ര൦ നല്‍കിയില്ല. സംസ്ഥാനത്തിന്‍റെ അധികാരം കേന്ദ്രം കവര്‍ന്നെടുക്കുകയാണ് എന്നും തോമസ്‌ ഐസക്ക് ആരോപിച്ചു.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന അവസരത്തില്‍‍, ചെലവ് ചുരുക്കലിന് ഊന്നൽ നല്‍കിയുള്ള ബജറ്റായിരിക്കും ഇത്തവണത്തേത് എന്ന് ധനമന്ത്രി സൂചന നല്‍കിയിരുന്നു.

സാമ്പത്തിക മാന്ദ്യവും ഒപ്പം തുടര്‍ച്ചയായി നേരിടേണ്ടിവന്ന 2 പ്രളയങ്ങളും കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതി താറുമാറാക്കിയ് അവസരത്തില്‍ സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും സംസ്ഥാനത്തെ രക്ഷിക്കാന്‍ എന്ത് മായാജാലമാണ്‌ ധനമന്ത്രി പുറത്തെടുക്കുക എന്നാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്....

തോമസ് ഐസക്ക് അവതരിപ്പിക്കുന്ന 11ാം ബജറ്റാണ് ഇത്.

 

 

Trending News