THiruvananthapuram : ജനങ്ങളുടെ അടുക്കള ബജറ്റിനെ പോലും താളം തെറ്റിച്ച വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടിയാണ് ഈ ബജറ്റിൽ സർക്കാർ സ്വീകരിച്ചിരിക്കുന്നത്. സാധാരണക്കാർക്ക് ഏറ്റവും ആശ്വാസകരമായ പ്രഖ്യാപനമാണ് പുതിയ ബജറ്റ്. റഷ്യൻ യുദ്ധത്തെ തുടർന്ന് വിലക്കയറ്റം ഉയരുന്ന സാഹചര്യത്തിൽ 2000 കോടി രൂപയാണ് വിലക്കയറ്റം നേരിടുന്നതിനും ഭക്ഷ്യ സുരക്ഷയ്ക്കുമായി അനുവദിച്ചത്. അതിദാരിദ്ര്യ ലഘൂകരണം എന്ന ലക്ഷ്യത്തിൽ 100 കോടി വകയിരുത്തി.
ഉച്ചഭക്ഷണത്തിനായി 342.64 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സർക്കാരിന്റെ അഭിമാനമായ ലൈഫ് പദ്ധതിയിലൂടെ 1,06,000 വ്യക്തിഗത വീടുകൾ കൂടി നിർമ്മിക്കും. 2909 ഫ്ലാറ്റുകളും ഈ വർഷം ലൈഫ് വഴി നിർമ്മിച്ചു നൽകും. അഭ്യസ്ഥതവിദ്യരായ വീട്ടമ്മമാർക്ക് തൊഴിലുറപ്പാക്കാൻ സഹായം നൽകുമെന്നും ധനമന്ത്രി ഉറപ്പ് നൽകി. കുടുംബശ്രീയിലെത്തിയ ചെറുപ്പക്കാർക്ക് 500 കോടി രൂപ വായ്പ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. പൊതുജന ആരോഗ്യ സംരക്ഷണത്തിനായി 2629.39 കോടി രൂപയാണ് അനുവദിച്ചത്.
ALSO READ: Kerala Budget 2022: മരച്ചീനിയിൽ നിന്നും മദ്യം; ഗവേഷണത്തിന് 2 കോടി
തിരുവനന്തപുരം ആർസിസിയെ സംസ്ഥാന ക്യാൻസർ സെന്ററാക്കി ഉയർത്തുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച 5ജി സാങ്കേതിക വിദ്യയുടെ ഉപയോഗത്തിൽ കേരളം മുന്നിലെത്തുമെന്ന് ധനമന്ത്രി പറഞ്ഞു. ഇതിനായി 5ജി ലീഡർഷിപ്പ് പാക്കേജ് ഇടനാഴികളും ബജറ്റിൽ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് രണ്ടായിരം വൈഫൈ ഹോട്ട് സ്പോട്ടുകൾ കൂടി സ്ഥാപിക്കുന്നതിനായി 16 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
മനുഷ്യ വന്യജീവി സംഘർഷം തടയാൻ 25 കോടി രൂപ സഹായം പ്രഖ്യാപിച്ചു. ജീവഹാനിക്കുള്ള നഷ്ടപരിഹാരം ഉൾപ്പടെയാണ് ഈ തുക. പൊതുമരാമത്ത് റോഡുകൾ ടാറിടാൻ കിഫ്ബി വഴിയുള്ള പ്രവർത്തനങ്ങൾക്ക് 50 കോടി വകയിരുത്തി. ഏറ്റവും തിരക്കേറിയ ഇരുപത് ജംഗ്ഷനുകൾ കണ്ടെത്തി വികസിപ്പിക്കാനും കിഫ്ബി ഫണ്ട് മാറ്റി വെച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ വെള്ളക്കെട്ട് നിയന്ത്രിക്കാൻ ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയിൽ 10 കോടി അനുവദിക്കും. വീടുകളിൽ സോളാർ പാനൽ വയ്ക്കുന്നതിന് വായ്പ എടുത്താൽ പലിശ ഇളവും അനുവദിക്കും.
കടലിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാൻ ശുചിത്വ സാഗരം പദ്ധതി കേരളമാകെ വ്യാപിപ്പിക്കുന്നതിന് 10 കോടി രൂപ അനുവദിച്ചു. കൊവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് 18 വയസ് വരെ പ്രതിമാസം 2000 രൂപ നൽകും. 2 കോടി രൂപയാണ് ബജറ്റിൽ പ്രഖ്യാപിച്ചത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.