കോവിഡ് രോഗത്തെക്കുറിച്ച് നിരവധി തെറ്റിദ്ധാരണകള്‍ പരക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ജലദോഷം പോലത്തെ ഗൗരവമില്ലാത്ത ഒരു രോഗമാണ് COVID 19 എന്നതാണ് ഒരു തെറ്റിദ്ധാരണ. മറ്റൊരു തെറ്റിദ്ധാരണ ഈ രോഗം ശരീരത്തില്‍ പ്രവേശിച്ചാല്‍ രോഗപ്രതിരോധ ശേഷി കൂടുമെന്നതാണ്. കുട്ടികള്‍ക്ക് ദോഷകരമല്ല ഈ രോഗം എന്നതാണ് വേറൊരു തെറ്റായ പ്രചാരണം.
മികച്ച രോഗപ്രതിരോധ ശേഷിയുള്ളവരെ ഇത് ബാധിക്കുകയേയില്ല എന്ന് പറഞ്ഞു നടക്കുന്നവരുമുണ്ട്. ജനസംഖ്യയുടെ ഒരു നിശ്ചിത സംഖ്യക്കപ്പുറം രോഗബാധയുണ്ടാകില്ല എന്ന് പറയുന്നവരും ഒരിക്കല്‍ രോഗം വന്നാല്‍ പിന്നെ വരില്ലെന്ന് പ്രചരിപ്പിക്കുന്നവരും ഉണ്ട്.
മറ്റൊരു കൂട്ടര്‍ പ്രചരിപ്പിക്കുന്നത് ഇതര രോഗമുള്ളവര്‍ മാത്രമേ കോവിഡ് മൂലം മരിക്കൂ എന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) പറഞ്ഞു. ഈ പ്രചാരണങ്ങള്‍ക്കൊന്നും ശാസ്ത്രീയ പിന്തുണയില്ലെന്നതാണ് ഇവരോടെല്ലാം പറയാനുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ രോഗം ഭേദപ്പെടുത്താവുന്ന സ്പെഷ്യലൈസ്ഡ് മരുന്ന് കണ്ടെത്തിയിട്ടില്ല. വാക്സിന്‍ വികസിപ്പിച്ചിട്ടുമില്ല. ഒരു വാക്സിന്‍ ഫലപ്രദമാണെന്ന് ഉറപ്പുവരുത്താന്‍ 12 മുതല്‍ 18 വരെ മാസങ്ങളെടുക്കും. കോവിഡ് വാക്സിന്‍ (Corona Vaccine) സംബന്ധിച്ച ഗവേഷണങ്ങള്‍ ആരംഭിച്ചിട്ട് ആറ് മാസമേ ആകുന്നുള്ളൂ. അതായത് വാക്സിന്‍ പുറത്തുവരാന്‍ ഇനിയും സമയമെടുക്കുമെന്നര്‍ത്ഥം.
ശാസ്ത്രലോകത്തിന് നേരത്തെ തന്നെ മരുന്ന് ലഭ്യമാക്കാന്‍ കഴിയട്ടെയെന്നാണ് നാമെല്ലാം ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനുതകുന്ന തരത്തില്‍ അശാസ്ത്രീയത ആരുടെ ഭാഗത്ത് നിന്നും പ്രചരിപ്പിക്കപ്പെടരുത്. ജീവന്റെ വിലയുള്ള ജാഗ്രതയാണ് ഈ ഘട്ടത്തില്‍ അനിവാര്യമായിട്ടുള്ളത്.
അതുള്‍ക്കൊള്ളാത്ത ചില ദൃശ്യങ്ങളാണ് ഇന്നലെ വൈകുന്നേരം ചിലയിടങ്ങളില്‍ കണ്ടത്. ജാഗ്രതയെ കാറ്റില്‍ പറത്തുംവിധം പലയിടത്തും തിക്കും തിരക്കുമുണ്ടാകുന്നു. സ്വകാര്യ ബസ്സുകളിലും മറ്റും യാത്ര ചെയ്യുന്നവര്‍ക്കും ഇത് ബാധകമാണ്. ബസ്സുകളില്‍ വലിയ തിരക്കുണ്ടാകുന്നതായി പരാതിയുണ്ട്. ഇത് തടയാന്‍ നിയമനടപടികളെ ആശ്രയിക്കുന്നതിനു പകരം ഓരോരുത്തരും ശ്രദ്ധിക്കുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
അതെസമയം മാസ്ക്ധരിക്കാത്ത കേസുകള്‍ സംസ്ഥാനത്ത് കൂടുകയാണ്. കഴിഞ്ഞ ദിവസം മാത്രം ഇത്തരം 4944 സംഭവങ്ങള്‍ സംസ്ഥാനത്തുണ്ടായി. ക്വാറന്റൈന്‍ ലംഘിച്ച 12 പേര്‍ക്കെതിരെ കഴിഞ്ഞദിവസം കേസ് രജിസ്റ്റര്‍ ചെയ്തു.