തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ പരാമർശിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. സർവകലാശാലകളിൽ ബന്ധു നിയമനം നടക്കുന്നുവെന്നും ലോകായുക്തയെ ഇല്ലാതാക്കുന്നുവെന്നും നദ്ദ പറഞ്ഞു. തീവ്രവാദത്തിന്റെ ഹോട്ട്സ്പോട്ടായി കേരളം മാറിയെന്നും ദേശീയ അധ്യക്ഷൻ ആരോപിച്ചു. തിരുവനന്തപുരത്ത് ബൂത്ത് പ്രസിഡൻ്റ് ഇൻ ചാർജുമാരുടെ യോഗം ഉദ്ഘാടനം ചെയ്യവേയായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം.
പിണറായി സർക്കാർ അഴിമതിയിൽ മുങ്ങി നിൽക്കുന്നുവെന്ന് പറഞ്ഞ നദ്ദ സർക്കാരിനെതിരെ വിവിധ വിഷയങ്ങളിൽ വിമർശനങ്ങൾ ഉന്നയിച്ചു. സംസ്ഥാന സർക്കാർ കടക്കെണിയിൽ മുങ്ങിപ്പോകുന്നുവെന്നും സാമ്പത്തികമായ അച്ചടക്കമില്ലാത്ത സംസ്ഥാനമായി കേരളം മാറിയെന്നും നദ്ദ വ്യക്തമാക്കി.
സർക്കാർ കുടുംബാധിപത്യത്തിലും അഴിമതിയിലും ഉൾപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ നദ്ദ അക്രമം ചെയ്യുന്നവർക്ക് പോലീസിന്റെയും നിയമസംവിധാനങ്ങളുടെയും പിന്തുണയുണ്ടെന്നും ആരോപിച്ചു. മുഖ്യമന്ത്രിക്കും ഓഫീസിനും കുടുംബാംഗങ്ങൾക്കും നേരെ വരെ സ്വർണക്കടത്ത് കേസിൽ വലിയ ആരോപണമാണുണ്ടായിരിക്കുന്നത്. തീവ്രവാദത്തിന്റെ ഹോട്ട്സ്പോട്ടായി കേരളം മാറിയെന്നും കുറ്റപ്പെടുത്തി.
അതേസമയം, ബിജെപി പ്രവർത്തകസമിതി യോഗത്തിലും പുതിയ ജില്ലാ കമ്മിറ്റി ഓഫീസിൻ്റെ ഉദ്ഘാടനത്തിനുമായിട്ടാണ് ദേശീയ അധ്യക്ഷൻ തലസ്ഥാനനഗരിയിൽ എത്തിയത്. ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൻ സ്വീകരണമാണ് ജെ.പി.നദ്ദക്ക് നൽകിയത്. നേരത്തെ കോട്ടയത്തും എറണാകുളത്തും പാർട്ടിയുടെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുത്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...