തിരുവനന്തപുരം: കഴിഞ്ഞ മൂന്നര പതിറ്റാണ്ടോളമായി പോലീസുകാർക്ക് വേണ്ടി തൊപ്പി നെയ്യുന്ന തിരുവനന്തപുരം പേയാട് വിട്ടിയം സ്വദേശി പി.രാജേന്ദ്രനെ പരിചയപ്പെടാം ഇനി. ജോലി തുടങ്ങി അഭിമാനത്തിൻ്റെ 35 വർഷങ്ങൾ പിന്നിടുമ്പോഴും ചുറുചുറുക്കോടെയാണ് ഈ 64കാരൻ തൻ്റെ തൊഴിലിൽ മുഴുകിയിരിക്കുന്നത്. തലയ്ക്കു ഭാരമാകാത്ത പ്രത്യേക തൊപ്പികളാണ് പോലീസുകാർക്ക് വേണ്ടി രാജേന്ദ്രൻ നെയ്യുന്നത്. തൊപ്പികൾ തേടി തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ഉദ്യോഗസ്ഥർ തന്നെ സമീപിക്കാറുണ്ടെന്ന് ഇദ്ദേഹം അവകാശപ്പെടുന്നു. ഇപ്പോൾ ആലപ്പുഴ എ.ആർ ക്യാമ്പിലേക്കാണ് രാജേന്ദ്രന് കൂടുതൽ ഓർഡറുകൾ ലഭിക്കുന്നത്.
1987 ലാണ് രാജേന്ദ്രന് തിരുവനന്തപുരം എസ്എപി ക്യാമ്പിൽ പോലീസുകാരുടെ കാക്കിയിൽ അണിയുന്ന ഉപകരണങ്ങൾ നിർമിക്കാനായി ജോലി ലഭിക്കുന്നത്. ബെൽറ്റ്, ഗൺസ്ലീറ്റ്, ആംഗ്ലറ്റ്, ഫ്രാഗ്, എസ്എപി കിറ്റ് തുടങ്ങിയവയാണ് ആദ്യകാലത്ത് ഉണ്ടാക്കിയിരുന്നത്.
ക്യാമ്പിൽ ജോലി ലഭിച്ചതോടെ തൊപ്പി നെയ്യുന്നതിലേക്കും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേന ആറുമാസത്തേക്ക് താൽക്കാലിക ജോലി ലഭിച്ചതോടെ എസ്എപി ക്യാമ്പിലെ ജോലി നഷ്ടപ്പെട്ടു. പിന്നീട് തിരിച്ചെത്തി സ്വന്തം നിലയ്ക്ക് ജോലി തുടരുകയായിരുന്നു.
ALSO READ : ചോരാത്ത സൈനീക വീര്യം: മൂന്ന് സ്വർണ്ണമടക്കം ആറ് ദേശീയ മെഡലുകൾ നേടി എൻ.സി.സി കേരള ലക്ഷദ്വീപ് ഡയറക്ടേറ്റ്
തൊപ്പി നെയ്ത് തുടങ്ങിയ ആദ്യകാലത്ത് വിൽപ്പനയ്ക്കായി കൂടുതൽ സ്ഥലങ്ങളിലേക്ക് അലയുമായിരുന്നു. റെഡിമെയ്ഡ് തൊപ്പിയുണ്ടെങ്കിലും രാജേന്ദ്രൻ നെയ്യുന്ന തൊപ്പിയുടെ ഗുണമറിഞ്ഞാണ് ആവശ്യക്കാർ ഇദ്ദേഹത്തെ സമീപിച്ചു തുടങ്ങിയത്.
എസ്എപി ക്യാമ്പിൽ ജോലി ലഭിച്ചിരുന്ന കാലത്ത് അന്ന് സർവീസിലുണ്ടായിരുന്ന പൊലീസുകാർ തന്നോട് പുലർത്തിയിരുന്ന ഊഷ്മളമായ ബന്ധം തൻ്റെ മുന്നോട്ടുള്ള പ്രയാണങ്ങൾക്ക് സഹായകമായെന്ന് രാജേന്ദ്രൻ സ്മരിക്കുന്നു. ഇപ്പോൾ ആലപ്പുഴ എസ്എപി ക്യാമ്പിൽ നിന്നടക്കം തൊപ്പി നെയ്യുന്നതിനായി നിരവധി ഓർഡറുകൾ ലഭിക്കുന്നുണ്ട്.
തിരുവനന്തപുരത്തു നിന്ന് കാസർകോട് വരെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് കൊറിയർ വഴിയാണ് തൊപ്പികൾ അയച്ചു കൊടുക്കുന്നത്. അധികസമയം ഡ്യൂട്ടി ചെയ്യേണ്ടി വരുന്നതിനാൽ ഫേസ്ബോർഡ് ഉപയോഗിച്ച് നിർമ്മിക്കുന്ന തൊപ്പികൾ പൊലീസ് ഉദ്യോഗസ്ഥർക്ക് തലയ്ക്ക് ഭാരമാകുന്നുണ്ട്. ഇത് മനസ്സിലാക്കിയാണ് ന്യൂതന മെറ്റീരിയൽ ഉപയോഗിച്ചുകൊണ്ട് സോഫ്റ്റായ നിലയക്ക് യഥേഷ്ടം മടക്കി പോക്കറ്റിൽ പോലും വയ്ക്കാവുന്ന തരത്തിലുള്ള തൊപ്പികൾ നിർമിക്കാൻ തുടങ്ങിയത്.ആവശ്യം കഴിഞ്ഞ ശേഷം തൊപ്പി കഴുകി ബാഗുകളിൽ പോലും ഉപയോഗിക്കാം.
ALSO READ : കുട്ടികൾക്ക് പോലും പേടിയില്ല: മക്കളെ പോലെ പെരുമ്പാമ്പിനെ വീട്ടിൽ വളർത്തുന്ന ഓട്ടോഡ്രൈവർ
പൊലീസ് സ്റ്റോറുകളിൽ നിന്നടക്കം ലഭിക്കുന്ന റെഡിമെയ്ഡ് തൊപ്പികളെക്കാൾ ഉദ്യോഗസ്ഥർക്ക് പ്രിയം രാജേന്ദ്രൻ നിർമ്മിക്കുന്ന തൊപ്പികൾക്കാണ്. ഒരു തൊപ്പി നിർമ്മിക്കാൻ കുറഞ്ഞത് രണ്ടു മണിക്കൂർ സമയം വേണം. വളരെ സസൂക്ഷ്മം അളവും നീളവും അലൈൻമെൻ്റും അടക്കം നോക്കിയാണ് തൊപ്പികൾ നിർമ്മിക്കേണ്ടത്. അച്ഛൻ്റെ ജോലിക്ക് കരുത്തുപകരാൻ മൂത്തമകനും പൂർണ പിന്തുണയുമായി രംഗത്തുണ്ട്. ന്യൂലുക്ക് എന്ന പേരിൽ അമ്പലമുക്കിൽ അപ്പോൾസ്ലറി കട നടത്തുന്ന വിജയ് റാംമൂർത്തിയാണ് ഇപ്പോൾ സീനിയർ റാങ്കിലുള്ള ഉദ്യോഗസ്ഥർക്കുള്ള തൊപ്പി നെയ്യുന്നത്.
അപ്പോൾസറി തൊഴിലാണ് ഇദ്ദേഹം ചെയ്യുന്നത്. മറ്റൊരു മകൻ രാജശേഖരനും മകൾ മാധുരിറാണിയും രാജേന്ദ്രൻ്റെ ഭാര്യയുമടക്കം കട്ട സപ്പോർട്ടുമായി ഇദ്ദേഹത്തിൻ്റെ കൂടെയുണ്ട്. മൂന്നര പതിറ്റാണ്ട് പിന്നിടുമ്പോൾ താൻ ചെയ്യുന്ന ജോലി അഭിമാനമാണെന്ന് പറയുന്ന രാജേന്ദ്രൻ കേരളത്തിലെ ആയിരകണക്കിന് വരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് കരുത്തും ആവേശവുമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...