തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ (Heavy rain) തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (Central Meteorological Department) മുന്നറിയിപ്പ് നല്‍കുന്നു.
മുൻകരുതലുകളുടെ ഭാഗമായി ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് (red Altert) പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 8 അണക്കെട്ടുകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്.
ബംഗാള്‍ ഉള്‍ക്കടലിന്‍റെ വടക്ക് ഭാഗത്ത് ഇന്ന് ന്യൂനമര്‍ദം രൂപപ്പെടുമെന്നും ഇതുമൂലം മഴ കൂടുതല്‍ ശക്തമാവുമെന്നുമാണ് മുന്നറിയിപ്പ്. ചൊവ്വാഴ്ചയോടെ മഴയുടെ ശക്തി കുറയുമെന്നാണ് സൂചന.
തിരുവന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ചിലയിടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുണ്ട്.
Also read: Rajamalai landslide: മരണം 26 ആയി; ഇന്നലെ കണ്ടെത്തിയ മൃതദേഹങ്ങൾ കൂട്ടസംസ്ക്കാരം നടത്തി
സംസ്ഥാനത്ത് 5 ജില്ലകള്‍ വെള്ളപ്പൊക്കബാധിതമെന്ന് കേന്ദ്ര ജലകമ്മീഷന്‍ അറിയിച്ചു. വയനാട്, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകള്‍ വെള്ളപ്പൊക്കബാധിതമാണെന്നാണ് കേന്ദ്ര ജല കമ്മീഷന്‍ അറിയിച്ചത്. പല ജില്ലകളിലും കഴിഞ്ഞ 24 മണിക്കൂറായി കനത്ത മഴ തുടരുകയാണ്. മഴയുടെ തുടരുന്ന പശ്ചാത്തലത്തില്‍ പെരിയാര്‍, ഭാരതപ്പുഴ, പമ്പ, കബനി, വളപട്ടണം, കുറ്റ്യാടി നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
Also read: Kerala Rain: സംസ്ഥാനത്ത് കനത്ത മഴ തുടരും, കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്
മഴ തുടരുന്ന സാഹചര്യത്തില്‍ കെ.എസ്.ഇ.ബി (KSEB)യുടെ ജലസംഭരണികളെയും അണക്കെട്ടുകളെയും മുഴുവന്‍ സമയം നിരീക്ഷിക്കുന്നതിന് ഡാം സുരക്ഷ എഞ്ചിനീയര്‍മാരുടെ കണ്ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. തിരുവനന്തപുരത്ത് വൈദ്യുതി ഭവനിലും കോട്ടയ൦, പള്ളത്തുള്ള ഡാം സേഫ്റ്റി ഓര്‍ഗനൈസേഷനിലുമുള്ള കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഡാമുകളില്‍ സാറ്റലൈറ്റ് ഫോണുകള്‍ ഉള്‍പ്പടെയുള്ള സമാന്തര വാര്‍ത്താ വിനിമയ സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.