നേപ്പാള്‍ ദുരന്തം: പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി, മൃതദേഹങ്ങള്‍ ഒരേ വിമാനത്തില്‍ നാട്ടിലെത്തിക്കും

നേപ്പാളില്‍ ആകസ്മികമായി മരണമടഞ്ഞ 8 മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Last Updated : Jan 22, 2020, 04:50 PM IST
  • പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നടപടികള്‍ ഇന്ന് ഉച്ചയോടെ പൂര്‍ത്തിയായി. കാഠ്മണ്ഡുവിലെ ത്രിഭൂവന്‍ സര്‍വകലാശാല ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്.
  • വ്യാഴാഴ്ച രാവിലെ 11 മണിക്കുള്ള വിമാനത്തില്‍ എട്ടുപേരുടെയും മൃതദേഹങ്ങള്‍ കാഠ്മണ്ഡുവില്‍നിന്ന് നാട്ടിലേക്ക് അയക്കുമെന്നാണ് റിപ്പോര്‍ട്ട്.
നേപ്പാള്‍ ദുരന്തം: പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി, മൃതദേഹങ്ങള്‍ ഒരേ വിമാനത്തില്‍ നാട്ടിലെത്തിക്കും

ന്യൂഡല്‍ഹി: നേപ്പാളില്‍ ആകസ്മികമായി മരണമടഞ്ഞ 8 മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നടപടികള്‍ ഇന്ന് ഉച്ചയോടെ പൂര്‍ത്തിയായി. കാഠ്മണ്ഡുവിലെ ത്രിഭൂവന്‍ സര്‍വകലാശാല ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്. 

വ്യാഴാഴ്ച രാവിലെ 11 മണിക്കുള്ള വിമാനത്തില്‍ എട്ടുപേരുടെയും മൃതദേഹങ്ങള്‍ കാഠ്മണ്ഡുവില്‍നിന്ന് നാട്ടിലേക്ക് അയക്കുമെന്നാണ് റിപ്പോര്‍ട്ട്.

എംബാം ചെയ്ത് സൂക്ഷിക്കുന്ന മൃതദേഹങ്ങള്‍ ഒരു വിമാനത്തിലായിരിക്കും ഡല്‍ഹി വഴി നാട്ടിലേക്ക് എത്തിക്കുക. രണ്ടു വിമാനങ്ങളിലായാണ് മൃതദേഹങ്ങള്‍ കൊണ്ടുവരിക എന്നായിരുന്നു മുന്‍പ് അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇതില്‍ മാറ്റംവരുത്തുകയും ഒരു വിമാനത്തില്‍തന്നെ എത്തിക്കാന്‍ തീരുമാനമെടുക്കുകയുമായിരുന്നു. 

കഴിഞ്ഞ ദിവസമാണ്, ദമനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ട് മുറിയില്‍ 8 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 15 പേരടങ്ങുന്ന സംഘത്തിലെ 8 പേരാണ് മരിച്ചത്. 4 കുടുംബങ്ങളാണ് നേപ്പാളില്‍ വിനോദയാത്രയ്ക്ക് പോയത്. 
 
തണുപ്പകറ്റാന്‍ ഇവര്‍ മുറിയിലെ ഗ്യാസ് ഹീറ്റര്‍ ഉപയോഗിച്ചിരുന്നു. ഗ്യാസ് ഹീറ്ററില്‍നിന്നുയര്‍ന്ന കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതായിരുന്നു മരണകാരണം.

2 കുടുംബത്തില്‍പ്പെട്ടവരാണ് മരിച്ചത്. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കുമാര്‍ നായര്‍, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരും കോഴിക്കോട് കുന്ദമംഗലം കുന്ദമംഗലം സ്വദേശി രഞ്ജിത്, ഭാര്യ ഇന്ദുലക്ഷ്മി, മകന്‍ വൈഷ്ണവ് എന്നിവരുമാണ് മരിച്ചത്. രഞ്ജിത്തിന്‍റെ ഒരു കുട്ടി സുരക്ഷിതനാണ്. രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ മാധവാണ് രക്ഷപെട്ടത്. ഈ കുട്ടി സംഭവം നടക്കുമ്പോൾ മറ്റൊരു മുറിയിലായിരുന്നു.

ഇന്ന് രാവിലെ ഒമ്പത്  മണിക്ക് കാഠ്മണ്ഡു വിമാനത്താവളത്തില്‍ നിന്ന് മാധവിനേയും കൂട്ടി കുട്ടിയുടെ അമ്മയുടെ അനുജത്തിയുടെ ഭര്‍ത്താവ് നാട്ടിലേക്ക് തിരിച്ചു. സംഭവമറിഞ്ഞ് ഉത്തര്‍ പ്രദേശില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം നേപ്പാളില്‍ എത്തിച്ചേരുകയായിരുന്നു. 

Trending News