ഇന്ന് ചിങ്ങം ഒന്ന്. മലയാളികളുടെ പുതുവര്‍ഷം. ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും പുത്തന്‍ പ്രതീക്ഷകളുമായി പൊന്നോണം വിരുന്നെത്തുന്ന മാസത്തിലെ ആദ്യ ദിനം.
ആശങ്കകള്‍ ഏറെയുണ്ടെങ്കിലും പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കാന്‍ തയ്യാറാകുകയാണ് മലയാളികള്‍. വിയര്‍പ്പൊഴുക്കി മണ്ണ് പൊന്നാക്കുന്ന കര്‍ഷകന്‍റെ ദിനമായിട്ടും ഇന്നത്തെ ദിവസത്തെ കണക്കാക്കുന്നു. 364 ദിവസവും മറ്റുള്ളവര്‍ക്കുവേണ്ടി കഷ്ടപ്പെടുന്നവര്‍ക്കായുള്ള ദിനം.
പച്ചപ്പിനിടയില്‍ വര്‍ണ്ണം വിതറുന്ന പൂക്കളും, പൂ ഉടയാടകളും കൊണ്ട് പരവതാനിവിരിക്കുന്ന ഓണക്കാലം വരവായി. പക്ഷെ രണ്ടാംവട്ടവും പാഞ്ഞെത്തിയ മഴക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ട ജനങ്ങളുടെ അതിജീവന പ്രതീക്ഷകളുമായാണ് ഈ ചിങ്ങം പിറക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ചിങ്ങമാസവും ഓണാഘോഷങ്ങളും പ്രളയത്തില്‍ മുങ്ങിപോയിരുന്നു. ഓണത്തിനായി കരുതി വെച്ച സ്റ്റോക്കുകള്‍ എല്ലാം പ്രളയത്തില്‍ മുങ്ങിപ്പോയിരുന്നു. വ്യാപാരമേഖല ഒന്നടങ്കം കനത്ത സാമ്പത്തിക നഷ്ടം നേരിട്ടു.
എന്നാല്‍ ഇത്തവണ ചിങ്ങം പിറക്കുന്നതിന് മുന്നേ മഴക്കെടുതിയും നാശനഷ്ടങ്ങളും ഉണ്ടായതിനാല്‍ കഴിഞ്ഞ വര്‍ഷത്തെതിന്‍റെയത്ര പ്രതിസന്ധി ഓണകച്ചവടത്തിന് ഉണ്ടാകില്ലെന്നാണ് വ്യാപാര മേഖലയുടെ പ്രതീക്ഷ.
അതേസമയം ആദ്യ പ്രളയമുണ്ടാക്കിയ മുറിവുകള്‍ പൂര്‍ണ്ണമായും ഉണങ്ങുന്നതിന് മുന്‍പുള്ള രണ്ടാം പ്രഹരം എങ്ങനെ അതിജീവിക്കും എന്ന ചിന്തയിലാണ് ജനങ്ങള്‍. എങ്കിലും മലയാളികളുടെ സങ്കല്‍പ്പത്തിലെ ചിങ്ങമാസം വര്‍ണ്ണങ്ങളുടേതാണ്.
പോയകാലത്തിന്‍റെ ഓര്‍മ്മകളെ തേടുന്നവര്‍ക്ക് വീണ്ടെടുപ്പിന്‍റെ പുതുവര്‍ഷം കൂടിയാണിത്. കര്‍ക്കടക കൂരിരുട്ടിന്‍റെ കറുപ്പുമാറി കാര്‍ഷിക സമൃദ്ധിയുടെ പൊന്നിന്‍ചിങ്ങം പിറന്നാല്‍ നാടാകെ ഉത്സവമാണ്. മലയാളിയുടെ പുതുവര്‍ഷത്തില്‍ പറനെല്ലും, പായകൊട്ടയില്‍ പച്ചക്കറിയും, പഴങ്ങളും നിറയണമെന്നാണ് പഴമക്കാര്‍ പറയുന്നത്.
പഴമയുടെ പകിട്ടുതേടുന്നവര്‍ക്ക് ഇതു ന്യൂജെനറേഷനിലെ നല്ലോണക്കാലമാണ്. മലയാളിയെ മനസ്സില്‍ ധ്യാനിച്ച് കൃഷിചെയ്യുന്ന അന്യനാട്ടിലെ കര്‍ഷകരുടെ സന്തോഷം പറയാവുന്നതിലും അപ്പുറമാണ്.
ചിങ്ങം പിറന്നാല്‍ പിന്നെ മലയാളിയുടെ കാത്തിരുപ്പ് ഓണം എന്നാണ് എന്നതുമാത്രമാണ്. സെപ്റ്റംബര്‍ 11 ന് ആണ് ഇപ്രാവശ്യത്തെ തിരുവോണം.