കെവിന്‍ വധം: പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞു, സംസ്കാരം വൈകിട്ട് മൂന്നിന്

പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരില്‍ വധുവിന്‍റെ വീട്ടുക്കാര്‍ കൊലപ്പെടുത്തിയ കെവിന്‍റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. 

Last Updated : May 29, 2018, 11:28 AM IST
കെവിന്‍ വധം: പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞു, സംസ്കാരം വൈകിട്ട് മൂന്നിന്

കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരില്‍ വധുവിന്‍റെ വീട്ടുക്കാര്‍ കൊലപ്പെടുത്തിയ കെവിന്‍റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. 

തിങ്കളാഴ്ച രാവിലെയോടെ ചാലിയേക്കര ആറ്റില്‍ നിന്ന് കണ്ടെടുത്ത കെവിന്‍റെ മൃതദേഹം ഇന്ന് രാവിലെയാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. കോട്ടയം മെഡിക്കല്‍ കോളേജിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. തുടര്‍ന്ന് മൃതദേഹം നട്ടാശേരിയിലെ കെവിന്‍റെ ഭാവനത്തിലെയ്ക്ക് കൊണ്ടുപോകും. പൊതുദർശനത്തിനു ശേഷം വൈകിട്ടു മൂന്നിനു കോട്ടയം നല്ലിടയൻ പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും.  

അതേസമയം, കെവിന്‍ വധത്തില്‍ പ്രതികള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ശക്തമാക്കി. പ്രതികള്‍ വിദേശത്തേക്ക് കടക്കാതിരിക്കാന്‍ സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും പൊലീസ് ജാഗ്രത നിര്‍ദേശം നല്‍കി. തെന്മല സ്വദേശി നിനുവിന്‍റെ സഹോദരൻ സാനു ചാക്കോ ഉൾപ്പെടെ 10 പേര്‍ പ്രതികളായുള്ള കേസില്‍ മൂന്ന്‍ പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

നിനുവും കെവിനും തമ്മില്‍ മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. മറ്റൊരാളുമായി നിനുവിന്‍റെ വിവാഹം നടത്താന്‍ ബന്ധുക്കള്‍ തീരുമാനിച്ചതോടെ നിനു കെവിനോപ്പം ഇറങ്ങി പോകുകയായിരുന്നു. 

നിനുവിനെ കാണാനില്ലയെന്ന ബന്ധുകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍, പൊലീസിന്‍റെ നിർദേശപ്രകാരം നിനുവിനെ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയെങ്കിലും കെവിനൊപ്പം ജീവിക്കാനാണ് താൽപര്യമെന്ന് നിനു അറിയിച്ചു. ഇത് എതിര്‍ത്ത വീട്ടുകാര്‍ നിനുവിനെ പോലീസിന്‍റെ മുന്നില്‍ വച്ച് മര്‍ദിക്കുകയും നാട്ടുക്കാര്‍ ഇടപെട്ടതോടെ പിന്‍വാങ്ങുകയും ചെയ്തു. തുടര്‍ന്ന്, നിനുവിനെ കെവിന്‍ കോട്ടയത്തെ ഹോസ്റ്റലില്‍ പാര്‍പ്പിക്കുകയും, കെവിന്‍ മാന്നാനത്ത് ബന്ധുവായ അനീഷിന്‍റെ വീട്ടിലേക്ക് താമസം മാറുകയും ചെയ്തു. 

തുടര്‍ന്ന്, കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് പത്തംഗ സംഘം വീടാക്രമിച്ചു കെവിനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ടുപോയത്. അനീഷിനെ മര്‍ദിച്ച് അവശനാക്കി വഴിയില്‍ ഉപേക്ഷിച്ച ശേഷം സംഘം കെവിനെ കടത്തുകയായിരുന്നു. കെവിനെ കാണാനില്ലെന്ന് പരാതി ലഭിച്ചിട്ടും പൊലീസ് കാര്യം അന്വേഷിക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. തിങ്കളാഴ്ച രാവിലെയാണ് തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയേക്കര ആറ്റില്‍ നിന്ന് കെവിന്‍റെ മൃതദേഹം കണ്ടെടുത്തത്. 

 

Trending News