കോടഞ്ചേരി ലവ് ജിഹാദ് പരാമർശം: സിപിഎമ്മിന്റെ പുരോഗമന പ്രതിച്ഛായക്ക് മങ്ങൽ; കവചം തീർക്കാൻ ഡിവൈഎഫ്ഐ

സിപിഎമ്മിന്റെ പുരോഗമന പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ച് കോടഞ്ചേരിയിലെ ലവ് ജിഹാദ് പരാമർശം

Last Updated : Apr 13, 2022, 03:13 PM IST
  • സിപിഎമ്മിന്റെ പുരോഗമന പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ച് കോടഞ്ചേരിയിലെ ലവ് ജിഹാദ് പരാമർശം
  • മുസ്ലീമായ ഷെജിനെ ലക്ഷ്യമിട്ട് പ്രതിഷേധക്കാർ ഇത് ലൗ ജിഹാദ് എന്ന് വിളിക്കപ്പെടുന്ന കേസാണെന്ന് ആരോപിച്ചിരുന്നു
  • പൊതുസമൂഹത്തിൽ ഈ വിവാദം കനത്ത തിരിച്ചടിയാണ് പാർട്ടിക്ക് ഉണ്ടാക്കിയിട്ടുള്ളത്
കോടഞ്ചേരി ലവ് ജിഹാദ് പരാമർശം: സിപിഎമ്മിന്റെ പുരോഗമന പ്രതിച്ഛായക്ക് മങ്ങൽ; കവചം തീർക്കാൻ ഡിവൈഎഫ്ഐ

തിരുവനന്തപുരം: സിപിഎമ്മിന്റെ പുരോഗമന പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ച് കോടഞ്ചേരിയിലെ ലവ് ജിഹാദ് പരാമർശം. കോഴിക്കോട് ജില്ലയിലെ ഡിവൈഎഫ്ഐ കണ്ണോത്ത് മേഖലാ സെക്രട്ടറി  ഷെജിൻ എം എസും ജോയ്‌സനയും തമ്മിലുള്ള വിവാഹത്തെ തുടർന്നുണ്ടായ സംഭവങ്ങളും തിരുവമ്പാടി മുൻ എംഎൽഎയുമായ ജോർജ് എം തോമസിന്റെ വിവാദ പരാമർശവുമാണ് സിപിഎമ്മിന് തലവേദന സൃഷ്ടിച്ചിരിക്കുന്നത്.  

ജോയ്‌സ്‌നയുടെ മാതാപിതാക്കളുടെയും ഇടവക വികാരിയുടെയും നേതൃത്വത്തിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ കോടഞ്ചേരി പോലീസ് സ്‌റ്റേഷനിലേക്ക് ഒരു വിഭാഗം ക്രിസ്ത്യൻ സമുദായാംഗങ്ങൾ പ്രതിഷേധ മാർച്ച് നടത്തിയതോടെ ഇത് പ്രദേശത്ത് വലിയ കോളിളക്കം സൃഷ്ടിച്ചു. മുസ്ലീമായ ഷെജിനെ ലക്ഷ്യമിട്ട് പ്രതിഷേധക്കാർ ഇത് ലൗ ജിഹാദ് എന്ന് വിളിക്കപ്പെടുന്ന കേസാണെന്ന് ആരോപിച്ചിരുന്നു. അതിനിടെയാണ് മുസ്ലീം-ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷപരമായ മനോഭാവങ്ങള്‍ വളര്‍ന്നു വരുന്നുണ്ടെന്ന നിഗമനം ശരിവെക്കും വിധമായിരുന്നു സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ ജോർജ് എം തോമസിന്റെ പ്രതികരണം. 

മതേതരത്വം ഉയർത്തിപിടിക്കുമെന്ന കണ്ണൂർ പാർട്ടി കോൺഗ്രസിന്റെ പ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴുണ്ടായ ലവ് ജിഹാദ് പരാമർശം പാർട്ടിനേതൃത്വത്തെയും അണികളെയും അസ്വസ്ഥരാക്കിയിരിക്കുകയാണ്. അപകടം തിരിച്ചറിഞ്ഞ സിപിഎം പ്രദേശിക നേതൃത്വവും ഡിവൈഎഫ്ഐയും ജോർജ് എം തോമസിനെ തള്ളിപറഞ്ഞ് രംഗത്തെത്തി. മതേതര വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു പ്രത്യേക സെക്യുലർ മാട്രിമോണി ആരംഭിച്ച് നേതൃപരമായ പങ്ക് വഹിച്ച പ്രസ്ഥാനമാണ് ഡിവൈഎഫ്ഐ.  

ലൗ ജിഹാദ് ആരോപണത്തെ തുടർന്ന് ഡിവൈഎഫ്ഐ കേരള ഘടകം മതേതര വിവാഹങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് ആവർത്തിച്ച് പ്രസ്താവനയുമായി രംഗത്തെത്തി. പ്രായപൂർത്തിയായ രണ്ട് പേരുടെ വിവാഹമെന്നത് തീർത്തും അവരുടെ മാത്രം സ്വകാര്യമായ വിഷയമാണ്. ജാതി-മത-സാമ്പത്തിക-ലിംഗ ഭേദമില്ലാതെ പരസ്പരം പ്രണയിക്കുകയും ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർക്ക് പിന്തുണ നൽകുക എന്ന പ്രഖ്യാപിത നിലപാടാണ് സംഘടനയുടെത്. ലവ് ജിഹാദ് ഒരു നിർമ്മിത നുണയാണെന്നും ഔദ്യോഗിക ഫെയ്സ് ബുക്ക് പോസ്റ്റിൽ  ഡിവൈഎഫ്ഐ വ്യക്തമാക്കി.

ജോർജ് എം തോമസ് തിരുത്തി പറഞ്ഞെങ്കിലും പൊതുസമൂഹത്തിൽ ഈ വിവാദം കനത്ത തിരിച്ചടിയാണ് പാർട്ടിക്ക് ഉണ്ടാക്കിയിട്ടുള്ളത്.കോടഞ്ചേരിയില്‍ സിപിഎം വിശദീകരണ യോഗവും വിളിച്ചിട്ടുണ്ട്.സിപിഐ എം സംസ്ഥാന നേതൃത്വമോ മുതിർന്ന നേതാക്കളോ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.ഈ സാഹചര്യത്തിൽ ജോർജ് എം തോമസിനെ താക്കീതു ചെയ്യുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് സിപിഎം നേതൃത്വം കടന്നേക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News